കോട്ടയം: കോട്ടയത്ത് ശക്തമായ മഴ തുടരുന്നു. കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ ഉരുൾപൊട്ടി 12 പേരെ കാണാതായതായാണ് വിവരം. കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുൾപൊട്ടിയത്. കാണാതായവരിൽ ആറുപേർ ഒരു വീട്ടിലെ അംഗങ്ങളെന്നാണ് വിവരം. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.
ഉരുൾപൊട്ടലിൽ മൂന്നു വീടുകൾ ഒലിച്ചുപോയി. ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം കൂട്ടിക്കൽ പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്. റോഡ് മാർഗം പ്രദേശത്ത് എത്താൻ നിലവിൽ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളത്. കൂട്ടിക്കലിലെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കൽ, ഏന്തയാർ, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിൽ നിലവിൽ 9 ക്യാംപുകൾ ആരംഭിച്ചിട്ടുണ്ട്. കൂട്ടിക്കൽ, കൂവപ്പള്ളി ഒഴികെ ഏകദേശം 60 ഓളം കുടുംബങ്ങളെ ക്യാംപുകളിൽ എത്തിച്ചിട്ടുണ്ട്.
കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനത്തിനു വ്യോമസേനയുടെ സഹായം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സന്നദ്ധ സേനയും സിവില്‍ ഡിഫന്‍സും അടിയന്തരസാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജമായിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചു. ആര്‍മിയുടെ രണ്ടു ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും മറ്റേത് കോട്ടയത്തും വിന്യസിക്കാനുള്ള നിര്‍ദ്ദേശം നല്കി.
സംസ്ഥാന അടിയന്തര കാര്യനിര്‍വഹണ കേന്ദ്രം കൂടുതല്‍ സജീവമാക്കിയിട്ടുണ്ട്. ഡാമുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കെ.എസ്.ഇ.ബി, ഇറിഗേഷന്‍ വകുപ്പുകളുടെ പ്രതിനിധികളെ വിന്യസിച്ചു. ബന്ധപ്പെട്ട എല്ലാ വകുപ്പു മേധാവികളോടും ഏതു അടിയന്തര സാഹചര്യവും നേരിടാന്‍ സുസജ്ജരായിരിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പൊലീസ് സേനയെ മുഴുവനായും സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.