/indian-express-malayalam/media/media_files/uploads/2021/10/16.jpg)
Photo: Screen Grab
മലപ്പുറം: കൊണ്ടോട്ടിയില്‍ ഇരുപത്തിയൊന്നുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ കുറ്റാരോപിതനായ പതിനഞ്ചുകാരനെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിർദേശ പ്രകാരമാണ് കോഴിക്കോടുള്ള ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റിയത്.
ഇന്നലെ രാത്രിയോടെയാണ് പതിനഞ്ചുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കിയത്. വിശദമായ വൈദ്യപരിശോധന പൂർത്തിയാക്കേണ്ടതുണ്ടെന്നാണ് വിവരം. പെണ്‍കുട്ടിയുടെ നാട്ടുകാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് പിടിയിലായതെന്നു പൊലീസ് ഇന്നലെ അറിയിച്ചിരുന്നു.
തിങ്കളാഴ്ചയാണ് യുവതിക്ക് നേർക്ക് ആക്രമണമുണ്ടായത്. പഠന ആവശ്യത്തിനായി പോകുമ്പോൾ ഒരാൾ തന്നെ കടന്നുപിടിക്കുകയും ഒഴിഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നെന്ന് യുവതി മൊഴി നൽകിയതായാണ് വിവരം. പീഡനശ്രമം ചെറുത്തപ്പോള്‍ അയാൾ യുവതിയെ കല്ലുകൊണ്ട് ഇടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
Also Read: സംസ്ഥാനത്തെ ബസ് ഉടമകൾ സമരത്തിലേക്ക്; നവംബർ ഒമ്പത് മുതൽ അനിശ്ചിതകാല പണിമുടക്ക്
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പതിനഞ്ചുകാരൻ പിടിയിലായതെന്നാണ് വിവരം. മീശയും താടിയും ഇല്ലാത്ത വെളുത്ത് തടിച്ച ആളാണ് അക്രമിച്ചതെന്ന് യുവതി മൊഴി നൽകിയിരുന്നു. അന്വേഷണത്തിനൊടുവിൽ പ്രതിയെ പൊലീസ് വീട്ടിലെത്തി പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പതിനഞ്ചുകാരൻ കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു.
എഡിറ്ററുടെ കുറിപ്പ്: സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്, ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായവരെ (വ്യക്തി / പ്രായപൂര്‍ത്തിയാകാത്ത ആൾ) തിരിച്ചറിയാന്‍ ഇടയാക്കുന്ന ഏതെങ്കിലും വിവരങ്ങള്‍ വെളിപ്പെടുത്താൻ കഴിയില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.