/indian-express-malayalam/media/media_files/uploads/2020/04/pinarayi-km-shaji.jpg)
കണ്ണൂർ: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് തന്നെ വേട്ടയാടുകയാണെന്ന് ലീഗ് എംഎൽഎ കെ.എം.ഷാജി. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തന്നെ പിന്തുടർന്ന് വേട്ടയാടുകയാണ് പിണറായി വിജയനെന്ന് ഷാജി പറഞ്ഞു. തന്നെ ജയിലിലാക്കാനുള്ള കപ്പാസിറ്റിയൊന്നും പിണറായി വിജയന്റെ പൊലീസിനില്ലെന്നും ഷാജി പരിഹസിച്ചു.
"പിണറായി വിജയൻ കേരളത്തിന്റെ അന്തകവിത്താണ്. ഉദ്യോഗസ്ഥർക്ക് സൂചന നൽകി എന്നെ വേട്ടയാടാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ പിണറായിയാണ്," ഷാജി പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ അഴീക്കോട് നിന്നു തന്നെ വീണ്ടും ജനവിധി തേടുമെന്ന സൂചനയും ഷാജി നൽകി. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഷാജിയുടെ പ്രതികരണം. താൻ പണം സമ്പാദിച്ചത് ഇഞ്ചി കൃഷിയിലൂടെയാണെന്നും സിപിഎം സൈബർ സഖാക്കൾക്ക് കൃഷിയെ കുറിച്ച് ഒന്നും അറിയാത്തതുകൊണ്ടാണ് തന്നെ ട്രോളുന്നതെന്നും ഷാജി പറഞ്ഞു.
Read Also: പാലാ സീറ്റ് ജോസിന് തന്നെ; ശശീന്ദ്രൻ എൽഡിഎഫിൽ ഉറച്ചുനിൽക്കും
അനധികൃത സ്വത്ത് സമ്പാദനം, പ്ലസ് ടു സ്‌കൂൾ കോഴ തുടങ്ങിയ കേസുകളിൽ ആരോപണവിധേയനാണ് ലീഗ് എംഎൽഎ കെ.എം.ഷാജി. തനിക്കെതിരായ കേസുകൾ രാഷ്ട്രീയ പ്രേരിതമെന്നാണ് ഷാജിയുടെ ആരോപണം.
അഴീക്കോട് സ്‌കൂളിൽ ഹയർസെക്കൻഡറി അനുവദിക്കാൻ മാനേജ്‌മെന്റിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണമാണ് ഷാജിക്കെതിരെയുള്ളത്. 2017 ൽ അഴിക്കോട് സ്‌കൂൾ മാനേജ്‌മെന്റിൽ നിന്ന് ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ച് വീട് പണിതതും വലിയ വിവാദമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.