തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ച് എൽഡിഎഫ്. അനൗദ്യോഗിക ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. കേരള കോൺഗ്രസ് (എം) കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും. 15 സീറ്റ് എൽഡിഎഫിനോട് ആവശ്യപ്പെടാനാണ് കേരള കോൺഗ്രസിന്റെ തീരുമാനം. 12 സീറ്റെങ്കിലും ലഭിക്കുമെന്ന് ജോസ് കെ.മാണിയും കൂട്ടരും പ്രതീക്ഷിക്കുന്നു. കോട്ടയം, ഇടുക്കി ജില്ലകളിൽ സ്വാധീനമുള്ള മണ്ഡലങ്ങൾ കേരള കോൺഗ്രസിന് നൽകാൻ എൽഡിഎഫ് തയ്യാറാണ്.

പാലായിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി സ്ഥാനാർഥിയാകുമെന്ന് ഉറപ്പായി. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവയ്‌ക്കും. പാലാ സീറ്റ് മാണി സി.കാപ്പന് നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാടെടുത്തിരുന്നു. കോട്ടയത്ത് സിപിഐയുടെ സീറ്റായ കാഞ്ഞിരപ്പള്ളിയിലും കേരള കോണ്‍ഗ്രസ് മത്സരിക്കും. ഇക്കാര്യത്തിൽ സിപിഐയെ അനുനയിപ്പിക്കേണ്ട കടമ്പയാണ് എൽഡിഎഫിനു മുന്നിലുള്ളത്.

Read Also: ഇന്ധനവില ‘എയറിൽ’; സംസ്ഥാനത്ത് പെട്രോൾ വില 90 കടന്നു, ഇനിയും ഉയരും

പാലാ സീറ്റിൽ മത്സരിക്കാൻ അനുവദിക്കാത്തതിലൂടെ ഇടതുപക്ഷം തന്നോട് അനീതി കാണിക്കുകയാണെന്ന് എൻസിപി നേതാവ് മാണി സി.കാപ്പൻ ആരോപിച്ചിരുന്നു. എൽഡിഎഫ് സീറ്റ് തന്നില്ലെങ്കിലും താൻ അവിടെ തന്നെ മത്സരിക്കുമെന്നും ഈ സാഹചര്യത്തിൽ ഇടതുമുന്നണിയിൽ തന്നെ തുടരാൻ ദേശീയ നേതൃത്വം ആവശ്യപ്പെടില്ലെന്ന് തനിക്കറിയാമെന്നും മാണി സി.കാപ്പൻ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, പാലാ സീറ്റ് ലഭിക്കാത്തതിൽ എൻസിപിക്കുള്ളിൽ രണ്ട് തട്ടിലാണ് നേതാക്കൾ. ഇടതുമുന്നണി വിടാന്‍ എന്‍സിപി ദേശീയ നേതൃത്വം തീരുമാനിച്ചാല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് ഇടതുമുന്നണിയില്‍ തുടരാനാണ് എ.കെ.ശശീന്ദ്രൻ വിഭാഗത്തിന്റെ തീരുമാനം. എൽഡിഎഫ് വിടുമെന്ന് തന്നെയാണ് മാണി സി.കാപ്പന്റെ നിലപാട്. പാലാ സീറ്റിൽ യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലെന്ന് കാപ്പൻ ആവർത്തിക്കുന്നു. എന്നാൽ, മുന്നണി വിടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും മുന്നണി വിടാൻ പാർട്ടിയിലെ ഭൂരിപക്ഷം ആഗ്രഹിക്കുന്നില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.