/indian-express-malayalam/media/media_files/uploads/2021/06/Sabu-Jacob.jpg)
കൊച്ചി: കഴിഞ്ഞവര്‍ഷം ജനുവരില്‍ കൊച്ചിയില്‍ നടന്ന അസെന്‍ഡ് ആഗോള നിക്ഷേപക സംഗമത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ഒപ്പുവച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍നിന്നു പിന്മാറുന്നതായി കിറ്റെക്‌സ് ചെയര്‍മാന്‍ സാബു ജേക്കബ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി നടത്തുന്ന പരിശോധനകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന അപ്പാരല്‍ പാര്‍ക്കും കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി അറന്നൂറോളം പുതുസംരംഭകര്‍ക്ക് അവസരമൊരുക്കുന്നതും അയ്യായിരം പേര്‍ക്കു വീതം തൊഴില്‍ ലഭിക്കുന്നതുമായ മൂന്ന് വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കാനായിരുന്നു സര്‍ക്കാരുമായി കിറ്റെക്‌സ് ധാരണാ പത്രത്തില്‍ ഒപ്പിട്ടത്. അപ്പാരല്‍ പാര്‍ക്കിനു സ്ഥലം എടുത്ത് വിശദമായ രൂപരേഖയും പദ്ധതി റിപ്പോര്‍ട്ടും മറ്റ് തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നു. 2025 ഓടെ പദ്ധതി പൂര്‍ത്തികരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, നിലവിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ധാരണാ പത്രത്തില്‍നിന്നു പിന്നോട്ടുപോകാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നു സാബു ജേക്കബ് പറഞ്ഞു.
''ഒരു മാസത്തിനിടെ 11 തവണയാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കിറ്റെക്‌സ് യൂണിറ്റുകളില്‍ പരിശോധനയുടെ പേരില്‍ കയറിയിറങ്ങിയത്. പത്തും പതിനഞ്ചും വണ്ടിയില്‍ നാല്‍പ്പതും അമ്പതും പേര്‍ വരുന്ന ഉദ്യോഗസ്ഥസംഘമെത്തി ഫാക്ടറിയുടെ ഓരോ നിലയിലേക്കും ഇരച്ചുകയറുകയായിരുന്നു. ജോലി തടസപ്പെടുത്തി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളെ വിളിച്ചു ചോദ്യം ചെയ്ത് വിലാസവും ഫോണ്‍നമ്പറും എഴുതി എടുക്കുന്നു. ഓരോ തവണയും മൂന്നും നാലും മണിക്കൂര്‍ കമ്പനിക്കകത്ത് പരിശോധനകള്‍ നടത്തി മുന്നൂറും നാനൂറും പേരെ ചോദ്യം ചെയ്തു. എന്നാല്‍ എന്തിനാണ് പരിശോധിച്ചതെന്നോ, എന്താണ് കണ്ടെത്തിയതെന്നോ, എന്താണ് ഞങ്ങള്‍ ചെയ്ത കുറ്റമെന്നോ അവര്‍ പറഞ്ഞിട്ടില്ല. 26 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍, കൊള്ളക്കാരെയും കൊടും കുറ്റവാളികളെയും തീവ്രവാദികളെയും പിടിക്കാന്‍ വരുന്ന രീതിയിലാണ് പരിശോധനകള്‍ നടന്നത്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സമയത്ത് യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ഇത്തരത്തില്‍ നിയമാനുസൃതമല്ലാത്ത പരിശോധനകള്‍ കേരളത്തില്‍ മാത്രമേ ഉണ്ടാകൂ,''സാബു ജേക്കബ് പറഞ്ഞു.
Also Read: ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി; നിയന്ത്രണങ്ങളിൽ അയവ് വരുത്തേണ്ടതില്ലെന്ന് തീരുമാനം
രാജ്യത്ത് നിക്ഷേപ സൗഹൃദ റാങ്കിങ്ങില്‍ ഇരുപത്തിയെട്ടാം സ്ഥാനത്താണ് കേരളം. പിന്നിലുള്ള ഒരേയൊരു സംസ്ഥാനം ത്രിപുരയാണ്. 61 ലക്ഷം മലയാളികളാണ് തൊഴില്‍ തേടി വിദേശത്തേക്കും അന്യസംസ്ഥാനങ്ങളിലേക്കും പോയിരിക്കുന്നത്. സംസ്ഥാനത്ത് 75 ലക്ഷം പേര്‍ തൊഴില്‍രഹിതരായുണ്ട്. ഇത്തരം സാഹചര്യത്തിലും നിലവിലുള്ള വ്യവസായങ്ങളെ വേട്ടയാടുന്ന സംസ്ഥാനമാണ് കേരളമെന്നത് ദൗര്‍ഭാഗ്യകരമാണെന്നും സാബു ജേക്കബ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.