/indian-express-malayalam/media/media_files/uploads/2021/05/police-1.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കൊല്ലം സിറ്റി പരിധിയിലെ കിളികൊല്ലൂര്‍ സ്റ്റേഷനില്‍ സഹോദരങ്ങള്‍ക്കു പൊലീസ് മര്‍ദനമേറ്റെന്ന പരാതിയില്‍ നാല് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷൻ. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ് കെ, സബ് ഇന്‍സ്‌പെക്ടര്‍ അനീഷ് എ പി, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പ്രകാശ് ചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍ മണികണ്ഠന്‍ പിളള എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തത്.
ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലം സിറ്റി ജില്ലാ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണറെ ദക്ഷിണ മേഖലാ ഐ ജി പി പ്രകാശ് ചുമതലപ്പെടുത്തി.
കൊല്ലം പേരൂർ സ്വദേശികളായ സൈനികൻ വിഷ്ണു, സഹോദരന്‍ വിഘ്നേഷ് എന്നിവര്‍ക്കാണു സ്‌റ്റേഷനില്‍വച്ച് ക്രൂരമായി മര്‍ദനമേറ്റത്. ലഹരിമരുന്ന് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും സ്റ്റേഷനിലെത്തിയ സഹോദരങ്ങള്‍ തങ്ങളെ ആക്രമിച്ചെന്നുമായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. ഓഗസ്റ്റ് 25നായിരുന്നു സംഭവം.
എന്നാൽ എംഡിഎംഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ തന്നെയും സഹോദരനെയും പൊലീസ് ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണു വിഘ്നേഷ് മാധ്യമങ്ങളോട് പറഞ്ഞത്.
അനന്തു എന്ന സുഹൃത്ത് പിടിയിലായെന്നും ജാമ്യം കിട്ടുന്ന കേസാണെന്നും പറഞ്ഞു മണികണ്ഠന്‍ എന്ന പൊലീസുകാരനാണു തന്നെ പൊലീസ് സ്‌റ്റേഷനിലേക്കു വിളിച്ചുവരുത്തിയതെന്നാണു വിഘ്‌നേഷ് പറയുന്നത്. സ്റ്റേഷനില്‍ എത്തിയശേഷം എം ഡി എം എ കേസാണെന്ന് അറിഞ്ഞതോടെ ജാമ്യം നില്‍ക്കാന്‍ പറ്റില്ലെന്നു വിഘ്‌നേഷ് പറഞ്ഞു. ഇതിനിടെ വിഘ്‌നേഷിനെ അന്വേഷിച്ച് വിഷ്ണു എത്തി.
സ്‌റ്റേഷനില്‍നിന്നു പുറത്തിറങ്ങിയ തനിക്കു പിന്നാലെ എത്തിയ പ്രകാശ് ചന്ദ്രന്‍ എന്ന പൊലീസുകാരന്‍ തട്ടിക്കയറിയതായും അസഭ്യം പറഞ്ഞതായും വിഘ്‌നേഷ് ആരോപിച്ചു. ഇതിനെ ചോദ്യം ചെയ്ത വിഷ്ണുവിനെ ഷര്‍ട്ടില്‍ പിടിച്ച് സ്റ്റേഷനിലേക്കു കൊണ്ടുപോയതായും ക്രൂരമായി മര്‍ദിച്ചതായും യുവാക്കള്‍ ആരോപിക്കുന്നു. ഇരുവരെയും അടിവസ്തത്ത്രില്‍ നിര്‍ത്തി പൊലീസ് വിലങ്ങുവച്ച് മര്‍ദിച്ചതായാണ് യുവാക്കളുടെ ആരോപണം. പൊലീസുകാരന്‍ നട്ടെല്ലില്‍ ചവിട്ടിയെന്നും ആരോപണമുണ്ട്.
എസ് ഐ അനീഷ് എല്ലാ വിരലും പിടിച്ചുവളച്ചതായും കൈയില്‍ ഫോണ്‍ പോലും കുറേനേരം പിടിക്കാനാകുന്നില്ലെന്നും വിഘ്‌നേഷ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവസമയം പൊലീസിന്റെ റാങ്ക് ലിസ്റ്റിലുള്ള വിഘ്‌നേഷിനു പിറ്റേ മാസം ശാരീരികാ ക്ഷമതാ പരീക്ഷയ്ക്കു പോകേണ്ടതായിരുന്നു. എന്നാല്‍ അതിനു കഴിഞ്ഞില്ല. വിഷ്ണുവിന്റെ നിശ്ചയിച്ച വിവാഹം മുടങ്ങുകയും ചെയ്തു. ക്രൂരമര്‍ദനത്തിനു പുറമെ തങ്ങളെ ലഹരിമരുന്ന് കേസുമായി ബന്ധമുള്ളവരായി പൊലീസ് ചിത്രീകരിച്ചുവെ്ന്നും വിഘ്‌നേഷ് ആരോപിച്ചു.
മര്‍ദനമേറ്റ യുവാക്കളെ കള്ളക്കേസില്‍ കുടുക്കി 12 ദിവസം റിമാന്‍ഡ് ചെയ്തതായും ആരോപണമുയര്‍ന്നിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ നാല് പൊലീസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി. ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണു നാല് പേരെയും സസ്‌പെന്‍ഡ് ചെയ്തത്.
മര്‍ദനമേറ്റതു സംബന്ധിച്ച് വിഷ്ണുവും വിഘ്നേഷും പിന്നീട് മജിസ്ട്രേറ്റിന് മൊഴിനല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു സംഭവത്തെക്കുറിച്ച് പൊലീസ് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.