തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം. കേസില്‍ ഈ മാസം 22-ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണമെന്നും അന്വേഷണത്തില്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്തരുതെന്നതടക്കമുള്ള ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷണണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
22ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ എംഎല്‍എയോട് ഹാജരാകാന്‍ നിര്‍ദേശിച്ച കോടതി. സമൂഹമാധ്യമത്തില്‍ പ്രകോപനമുണ്ടാക്കുന്ന പോസ്റ്റുകളിടരുതെന്നും സംസ്ഥാനം വിട്ടുപോകരുതെന്നും ഫോണും പാസ്‌പോര്‍ട്ടും കോടതിയില്‍ സമര്‍പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തതോടെ എല്‍ദോസ് കുന്നപ്പിള്ളില്‍ ഒളിവിലാണ്. തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി കോവളത്തുവച്ച് പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയത്.
താന്‍ നിരപരാധിയാണെന്നും സുഹൃത്തായിരുന്ന യുവതി തന്റെ ഫോണ്‍ മോഷ്ടിച്ചു കടന്നുകളഞ്ഞെന്നുമാണ് എല്‍ദോസ് കുന്നപ്പിള്ളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. ആവശ്യപ്പെട്ട പണം നല്‍കാതിരുന്നതിനെത്തുടര്‍ന്നാണു യുവതി പരാതി നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, കേസ് പിന്‍വലിക്കാന്‍ എല്‍ദോസ് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നു യുവതി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
അതേസമയം എല്‍ദോസിനു ജാമ്യം നല്‍കരുതെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. കൊലപാതകശ്രമത്തിനാണ് എല്‍ദോസിനെതിരെ കേസ് എടുത്തിരിക്കുന്നത്. വേറെയും പ്രതികളുണ്ടെന്ന് പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനും തുടരന്വേഷണം നടത്തുന്നതിനും എല്‍ദോസിനെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യമാണ്. ജാമ്യം കൊടുത്താല്‍ തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
നിരപരാധിയെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചു
യുവതിയെ പീഡിപ്പിച്ചെന്ന പരാതി ശരിയല്ലെന്നും നിരപരാധിയാണെന്നും എല്‍ദോസ് കുന്നപ്പിള്ളില്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണ്, പിആര്‍ ഏജന്‍സി ജീവനക്കാരിയെന്ന നിലയിലാണ് യുവതിയെ പരിചയപ്പെട്ടത്. പിന്നീട് സൗഹൃദത്തിലായി. യുവതിയെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. രാഷ്ട്രീയമായി തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരാതി നല്‍കിയതെന്നും എല്‍ദോസ് കെപിസിസിക്ക് നല്‍കിയ കത്തില്‍ പറയുന്നു. പീഡനാരോപണത്തില്‍ എല്‍ദോസിനെതിരെ കേസ് എടുത്തതോടെ 20നകം വിശദീകരണം നല്‍കണമെന്നായിരുന്നു കെപിസിസി നിര്‍ദേശം നല്‍കിയിരുന്നത്.