/indian-express-malayalam/media/media_files/uploads/2018/05/kevin-joseph.jpg)
കോട്ടയം: കെവിൻ പി.ജോസഫിനെ പ്രതികൾ തട്ടിക്കൊണ്ടു പോയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു പൊലീസ് റിപ്പോർട്ട്. നീനുവിനെ കെവിൻ വിവാഹം കഴിക്കുന്നത് തടയാനാണ് തട്ടിക്കൊണ്ടുപോയത്. കെവിനെ പുഴയിൽ വീഴ്ത്തി കൊലപ്പെടുത്താനായിരുന്നു പ്രതികൾ ലക്ഷ്യമിട്ടതെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. നീനുവിന്റെ പിതാവ് ചാക്കോയാണ് തട്ടിക്കൊണ്ടു പോകലിന്റെ മുഖ്യ സൂത്രധാരനെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്.
നീനുവിന്റെ സഹോദരൻ സാനു ചാക്കോയുടെ നേതൃത്വത്തിലുളള 13 അംഗ സംഘമണ് കെവിനെ തട്ടിക്കൊണ്ടു പോയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന് നേതൃത്വം നൽകിയത് സാനുവാണെങ്കിലും മുഖ്യസൂത്രധാരൻ പിതാവ് ചാക്കോ ആയിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. കെവിൻ തെന്മലയ്ക്കു സമീപം ചാലിയേക്കരയിൽവച്ചു കാറിൽനിന്നും രക്ഷപ്പെട്ടുവെന്നും അതിനടുത്ത് ചാലിയേക്കര തോടാണെന്ന് അറിയാമായിരുന്ന പ്രതികൾ കെവിനെ പുഴയിൽ വീഴ്ത്തി കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പിന്തുടർന്നുവെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്.
കെവിനെ തട്ടിക്കൊണ്ടുപോയതിൽ ചാക്കോയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കെവിനെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോകുമ്പോൾ നിരവധി തവണ സാനു പിതാവ് ചാക്കോയുമായി ഫോണിൽ സംസാരിച്ചിരുന്നു. കെവിൻ കേസിൽ ചാക്കോ അഞ്ചാം പ്രതിയാണ്. ഇയാളുടെ മകനും നീനുവിന്റെ സഹോദരനുമായ സാനു ചാക്കോയാണ് കേസിലെ ഒന്നാം പ്രതി.
കൊല്ലം തെന്മല ഒറ്റക്കൽ സാനു ഭവനിൽ നീനു ചാക്കോ (20)യെ പ്രണയിച്ച് വിവാഹം കഴിച്ചതിനാലാണ് നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി.ജോസഫി (23)നെ ക്രൂരമായി കൊലപ്പെടുത്തിയത്. നീനുവിന്റെ സഹോദരനും സംഘവും ചേർന്നാണ് കെവിനെ കോട്ടയത്തുനിന്നും തട്ടിക്കൊണ്ടുപോയത്. പിന്നീട് കൊല്ലം തെന്മല ചാലിയക്കര തോട്ടിൽനിന്നും കെവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിൽ മുഖത്തും കണ്ണിലും മുറിവേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.