കോട്ടയം: ”ഞാൻ കെവിൻ ചേട്ടന്റെ ഭാര്യയാണ്. കെവിൻ ചേട്ടന്റെ വീട്ടിൽ തന്നെ നിൽക്കും”. പ്രണയിച്ചതിന്റെ പേരിൽ ഇഷ്ടപ്പെട്ടവനെ എന്നെന്നേക്കുമായി നഷ്ടമായ ഒരു പെൺകുട്ടിയുടെ നിശ്ചയദാർഢ്യത്തിന്റെ വാക്കുകളാണിവ. ദുരഭിമാനക്കൊലയിൽ ജീവൻ നഷ്ടമായ കെവിന്റെ ഭാര്യ നീനുവിന്റെ ഇനി ബാക്കി ജീവിതം താൻ സ്നേഹിച്ചവൻ ജീവിച്ച അതേ വീട്ടിൽ. അവന്റെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി നീനു മനസാ സ്വീകരിച്ചു കഴിഞ്ഞു. കെവിന്റെ അച്ഛനെയും അമ്മയെയും സഹോദരിയെയും ജീവിതകാലം മുഴുവൻ താൻ നോക്കുമെന്നും നീനു പറയുന്നു.

തന്റെ മാതാപിതാക്കൾ അറിയാതെ കെവിനെ കൊലപ്പെടുത്തില്ലെന്നാണ് നീനു ഉറപ്പിച്ചു പറയുന്നത്. ഈ മാസം 24-ാം തീയതിയാണ് കെവിനുമായുളള പ്രണയം നീനു വീട്ടുകാരെ അറിയിക്കുന്നത്. ”പരീക്ഷയാണെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. വിവാഹം റജിസ്റ്റർ ചെയ്തതിനുശേഷമാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. ഒരുമിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിയുണ്ടായിരുന്നു. കെവിന്റെ സാമ്പത്തികം മാതാപിതാക്കൾക്ക് പ്രശ്നമായിരുന്നു”, നീനു മനോരമ ന്യൂസിനോട് പറഞ്ഞു. നിയമപരമായിട്ടല്ലെങ്കിലും കെവിൻ ചേട്ടന്റെ ഭാര്യയാണ് താനെന്നും ഇനി അച്ഛനും അമ്മയും വന്നുവിളിച്ചാലും പോകില്ലെന്നും നീനുവിന്റെ വാക്കുകൾ.

നീനുവിനെ ആർക്കും വിട്ടുകൊടുക്കില്ലെന്നാണ് കെവിന്റെ പിതാവ് ജോസഫ് ജേക്കബ് പറയുന്നതും. ഇനിയുളള കാലം സ്വന്തം മകളെപ്പോലെ നീനുവിനെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം തെന്മല ഒറ്റക്കൽ സാനു ഭവനിൽ നീനു ചാക്കോ (20)യെ പ്രണയിച്ച് വിവാഹം കഴിച്ചതിനാലാണ് നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി.ജോസഫി (23)നെ ക്രൂരമായി കൊലപ്പെടുത്തിയത്. നീനുവിന്റെ സഹോദരനും സംഘവും ചേർന്നാണ് കെവിനെ ഞായറാഴ്‌ച കോട്ടയത്തുനിന്നും തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടിൽനിന്നും കെവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിൽ മുഖത്തും കണ്ണിലും മുറിവേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു. നീനുവിന്റെ സഹോദരൻ സാനു ചാക്കോയാണ് കേസിലെ മുഖ്യപ്രതി. ഇയാൾ ഒളിവിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ