/indian-express-malayalam/media/media_files/uploads/2021/07/Rain-Monsoon.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. അതിതീവ്ര മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പത്തനംതിട്ട ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിതീവ്ര മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെയും അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.5 മുതൽ 204.4 മില്ലി മീറ്റർ വരെയുള്ള മഴയാണ് അതിശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് ഏഴു മണിക്ക് പുറപ്പെടുവിച്ച നിർദേശത്തിൽ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒൻപത് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും നേരത്തെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. പെട്ടെന്നുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്. അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനുള്ള സാധ്യത മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചിട്ടുണ്ട്.
വേനൽ മഴയിൽ സംസ്ഥാനത്തുടനീളം കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പലയിടങ്ങളിലും വ്യാപക കൃഷിനാശമുണ്ടായി. കോഴിക്കോട് മലയോര മേഖലകളിലും എറണാകുളത്തും ഏക്കര്‍ കണക്കിന് കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം ജില്ലയിൽ മാത്രം 200 ഹെക്ടറിലധികം കൃഷി നാശമുണ്ടായതാണ് വിവരം. ആലപ്പുഴയിൽ 650 ഹെക്ടറിലെ നെൽചെടികൾ നശിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Also Read: പാലക്കാട് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; മൂന്ന് പേർ കസ്റ്റഡിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.