പാലക്കാട്: ഒലവക്കോട് ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ് (27) ആണ് മരിച്ചത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെ ഒന്നരയോടെ ഒലവക്കോട് ഐശ്വര്യ നഗർ കോളനിയിലാണ് സംഭവം. ബാറിന് മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ റഫീഖിനെ മർദിച്ചതെന്നു പൊലീസ് പറഞ്ഞു.
മുണ്ടൂർ കുമ്മാട്ടി കണ്ട് മടങ്ങിയ സംഘം മദ്യപിക്കാൻ കയറി പുറത്തിറങ്ങിയപ്പോൾ ബൈക്ക് കാണാതെയാവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ബൈക്ക് മോഷ്ടിച്ചത് റഫീഖാണെന്ന് സംശയം തോന്നിയാണ് ഇവർ പിടികൂടി മർദ്ദിച്ചത് എന്നാണ് വിവരം.
ക്രൂരമായി മർദ്ദനമേറ്റ റഫീഖിനെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പൊലീസ് നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.
അതേസമയം, റഫീഖിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സഹോദരൻ പറഞ്ഞു. രാത്രി 10.30ന് ശേഷമാണ് റഫീഖ് വീട്ടിൽ നിന്ന് പോയതെന്നും ആരോ വിളിച്ചിട്ടാണ് പോയതെന്നും സഹോദരൻ തൗഫീഖ് പറഞ്ഞു. മനോരമ ന്യൂസിനോട് ആയിരുന്നു സഹോദരന്റെ പ്രതികരണം.
Also Read: മാസ്കില്‍ മാത്രം വിട്ടുവീഴ്ചയില്ല; സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു