/indian-express-malayalam/media/media_files/uploads/2022/12/rain-1.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് മഴ സാധ്യത. വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയുള്ള മഴയുണ്ടാകുമെന്നാണ് പ്രവചനം.
പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയില്‍ ഇന്നും ബുധനാഴ്ചയും മഴ പെയ്തേക്കില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.
യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
24-04-2023: പത്തനംതിട്ട, ഇടുക്കി.
26-04-2023: പത്തനംതിട്ട.
27-04 -2023: എറണാകുളം .
അതേസമയം, പകല്‍ ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ പൊതുപരിപാടികളിൽ പങ്കെടുക്കുന്നവർക്കായും വെയിലേറ്റ് ജോലി ചെയ്യുന്നവര്‍ക്കുമായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി.
പരിപാടികളിൽ പങ്കെടുക്കുന്ന പൊതുജനങ്ങൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും. ധാരാളം വെള്ളം കുടിക്കുകയും ജലാംശമുള്ള പഴങ്ങളും മറ്റും കഴിക്കാൻ ശ്രമിക്കുക. തുടർച്ചയായി ശരീരത്തിൽ വെയിൽ ഏൽക്കാതെ നോക്കുകയും ഇടക്കിടക്ക് വിശ്രമിക്കാൻ ശ്രദ്ധിക്കുകയും വേണം. പരിപാടികൾ സംഘടിപ്പിക്കുന്നവർ പരമാവധി തണലും കുടിവെള്ള ലഭ്യതയും ഉറപ്പാക്കണം.
ഇളം നിറത്തിലുള്ള കോട്ടൺ വസ്‌ത്രങ്ങൾ ധരിക്കുന്നതായിരിക്കും ഉചിതം. നിർബന്ധമായും പാദരക്ഷകൾ ഉപയോഗിക്കണം. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, ഭിന്നശേഷിയുള്ളവർ, മറ്റ് രോഗങ്ങൾ ഉള്ളവർ എന്നിവരെ ഉച്ച സമയത്തുള്ള നേരിട്ട് വെയിലേൽക്കുന്ന പൊതുപരിപാടികളിൽ പങ്കെടുപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
പരിപാടികളുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സുരക്ഷിതത്വം ബന്ധപ്പെട്ട വകുപ്പ് കർശനമായി ഉറപ്പ് വരുത്തണം. ഉദ്യോഗസ്ഥർക്ക് കുടിവെള്ളം ലഭ്യമാക്കണം. പൊതുപരിപാടികൾ നടക്കുന്ന പ്രദേശങ്ങളിലെ ഹെൽത്ത് സെന്ററുകൾ, സർക്കാർ-സ്വകാര്യ ആശുപത്രികൾ എന്നിവ തയ്യാറെടുപ്പ് നടത്തണം.
സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ പ്രശ്നങ്ങളുമായി കൂടുതൽ ആളുകൾ ഒരുമിച്ച് എത്തിയാലും ആവശ്യമായ അടിയന്തര ചികിത്സ ഉറപ്പാക്കാൻ സാധിക്കുന്ന രീതിയിലായിരിക്കണം തയ്യാറെടുപ്പുകൾ. ആംബുലൻസുകൾ സജ്ജീകരിച്ച് നിർത്തേണ്ടതുമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.