കൊച്ചി: ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താൻ സംസ്ഥാനത്തുടനീളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ കരാറില്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കരാര്‍ നേടിയ കമ്പനികള്‍ക്ക് കണ്ണൂര്‍ ബന്ധമുണ്ട്. കരാറിന് പിന്നില്‍ തട്ടിക്കൂട്ട് കമ്പനികളാണെന്നും ഊരാളുങ്കല്‍ സൊസൈറ്റിക്കും കരാറില്‍ പങ്കുണ്ടെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
മന്ത്രിമാർക്കു പോലും കരാർ കമ്പനികളെക്കുറിച്ച് അറിയില്ല. കരാർ കിട്ടിയ കമ്പനി ഉപകരാർ കൊടുത്തു. ഇത് തന്നെയാണ് കെ ഫോണിലും ഇവര്‍ ചെയ്തത്. കെ ഫോണിന്റെ പിന്നിലും എഐ ക്യാമറയുടെ പിന്നിലും ഇവരാണുള്ളത്. ഇവര്‍ക്ക് സിപിഎമ്മുമായി ബന്ധമുള്ള ഊരാളുങ്കല്‍ സൊസൈറ്റിയുമായും ബന്ധമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനു മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ഒരു ക്യാമറയ്ക്ക് 9.5 ലക്ഷം രൂപ ആയെന്നാണ് കെല്‍ട്രോണും ഉപകരാറുകാരും പറയുന്നത്. എന്നാല്‍ ഈ സംവിധാനമുള്ള ക്യാമറകള്‍ക്ക് അവര്‍ പറയുന്ന വിലയുടെ പത്തിലൊന്നു പോലുമില്ല. രാജ്യാന്തര ബ്രാന്‍ഡുകളുടെ ക്യാമറ ഇതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ കിട്ടുമ്പോള്‍ എന്തിനാണ് കെല്‍ട്രോണ്‍ ക്യാമറ കമ്പോണന്റുകള്‍ വാങ്ങി അസംബിള്‍ ചെയ്യുന്നത്?. ആയിരം കോടി രൂപ വർഷം ജനങ്ങളിൽ നിന്ന് കൊള്ളയടിക്കാനുള്ള പദ്ധതിയാണിത്. സർക്കാരിന്റെ അഴിമതിക്ക് വേണ്ടി സാധാരണക്കാരന്റെ കീശ കൊള്ളയടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ.ഐ. ക്യാമറകള്‍ സ്ഥാപിച്ച സംസ്ഥാന സര്‍ക്കര്‍ പദ്ധതിയില്‍ ദുരൂഹതയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു. കമ്പനികള്‍ തമ്മിലുണ്ടാക്കിയ കരാറില്‍ 75 കോടിയ്ക്ക് പദ്ധതി നടപ്പാക്കാമെന്ന് പറയുന്നു, ഇത് പിന്നീട് 232 കോടി ആയതെങ്ങനെയെന്നും ചെന്നിത്തല ചോദിച്ചു.
ക്യാമറ സ്ഥാപിച്ചതിലെ സാമ്പത്തിക ചെലവുകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്നും. റോഡ് സുരഷയുടെ നടുവില്‍ നടന്നത് വന്‍ അഴിമതിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ മുന്‍നിര്‍ത്തിയുള്ള കൊള്ളയാണിത്. എസ്‌ഐആര്‍ടി എന്ന ബംഗളൂരു കമ്പനിക്ക് കെല്‍ട്രോണ്‍ കരാര്‍ നല്‍കി. കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് ട്രാഫിക് രംഗത്ത മുന്‍പരിചയമില്ലെന്നും കെല്‍ട്രാണ്‍ സ്വകാര്യ കമ്പനിയെ തെരഞ്ഞെടുത്തത് എങ്ങനെയാണെന്നും ചെന്നിത്തല ചോദിച്ചു. 151. 22 കോടിക്കാണ് കെല്‍ട്രോണ്‍ എസ്‌ഐആര്‍ടിക്ക് കരാര്‍ നല്‍കിയത്. എസ്‌ഐആര്‍ടി മറ്റ് രണ്ട് കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കിയെന്നും ചെന്നിത്തല പറഞ്ഞു.