/indian-express-malayalam/media/media_files/uploads/2021/10/Mullaperiyar-Dam-mulla-periyar.jpg)
ലോകത്തെ ഏറ്റവും അപകടരമായ അണക്കെട്ടിൽ മുല്ലപ്പെരിയാറും വെളിപ്പെടുത്തലുമായി ന്യൂയോർക്ക് ടൈംസ് ലേഖനം
തിരുവനന്തപുരം: കനത്ത മഴയില്‍ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയിലെത്തിയതിനാൽ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് തമിഴ്നാടിന്റെ ആദ്യ മുന്നറിയിപ്പ് ലഭിച്ചതെന്ന് കേരള സർക്കാർ അറിയിച്ചു. 138 അടിയിലെത്തിയാൽ രണ്ടാം മുന്നറിയിപ്പ് ലഭിക്കും. ഒപ്പം ഓറഞ്ച് അലർട്ടും പ്രഖ്യാപിക്കും. 140 അടിയിലെത്തിയാൽ റെഡ് അലർട്ടും പ്രഖ്യാപിക്കുകയും ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്യും. 142 അടിയാണ് ഡാമിന്റെ അനുവദനീയമായ സംഭരണ ശേഷി.
കോട്ടയം പത്തനംതിട്ട ജില്ലകളുടെ മേഖലകളിലും ഇടുക്കിയിലും കനത്ത മഴ തുടരുകയാണ്. കോട്ടയത്തെ കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട എന്നിവിടങ്ങളിലാണ് കനത്ത മഴ പെയ്യുന്നത്. ഇവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കേറിയിട്ടുണ്ട്. കോട്ടമണ്‍പാറയില്‍ ഒരു കാര്‍ വെള്ളത്തില്‍ ഒഴുകിപ്പോയി. വനമേഖലയിൽ ചിലയിടങ്ങൾ ഉരുൾപൊട്ടലുണ്ടായതായും റിപ്പോർട്ടുണ്ട്.
എരുമേലി - മുണ്ടക്കയം സംസ്ഥാനപാതയിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. മണിമലയാറ്റിൽ ജലനിരപ്പ് ഉയരുകയാണ്. ഇവയിലേക്കുള്ള തോടുകളും കൈവരികളും നിറഞ്ഞു കവിഞ്ഞു വീടുകളിലേക്ക് വെള്ളം കയറുന്നുണ്ട്.
അതിനിടയിൽ വണ്ടൻപതാലിൽ ചെറിയ ഉരുൾപൊട്ടലുണ്ടായാതായി വാർത്ത വന്നിരുന്നെങ്കിലും ജില്ലാ ഭരണകൂടം അത് തള്ളിയതായി റിപ്പോർട്ടുണ്ട്. ഇടുക്കിയിൽ പലമേഖലകളിലും ശക്തമായ മഴ തുടരുകയാണ്.
കേരള-കര്‍ണാടക തീരത്ത് ന്യൂനമര്‍ദ പാത്തിയും കന്യാകുമാരിക്കടുത്ത് ചക്രവാത ചുഴിയും രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളത്തും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ടും. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- ഒക്ടോബര്‍ 23: എറണാകുളം, ഇടുക്കി.
- ഒക്ടോബര്‍ 26: പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- ഒക്ടോബര്‍ 23: തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം.
- ഒക്ടോബര്‍ 24: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്.
- ഒക്ടോബര്‍ 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
- ഒക്ടോബര്‍ 26: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്.
- ഒക്ടോബര്‍ 27: കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
അതേസമയം, സംസ്ഥാനത്തെ ആറ് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഷോളയാര്‍ (തൃശൂര്‍), പൊന്മുടി, കുണ്ടറ, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍ (ഇടുക്കി) എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ട ജില്ലയിലെ മൂഴിയാര്‍ അണക്കെട്ടില്‍ യെല്ലോ അലര്‍ട്ടാണ്. ഇടുക്കി, കക്കി, മാട്ടുപ്പെട്ടി ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടും ആനയിറങ്ങല്‍ (ഇടുക്കി) പെരിങ്ങല്‍കുത്ത് (തൃശൂര്‍) ഡാമുകളില്‍ ബ്ലൂ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ വരെ കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Also Read: എംകെ 54 ടോർപിഡോ: അമേരിക്കയുമായി 423 കോടി രൂപയുടെ കരാര്‍ ഒപ്പിട്ട് ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.