/indian-express-malayalam/media/media_files/uploads/2020/11/mb-rajesh-1.jpg)
കൊച്ചി: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് താക്കൂറുമായുള്ള സൗഹൃദം പുതുക്കിയതിന്റെ ചിത്രവും കുറിപ്പും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത് വിവാദമായതിനു പിന്നാലെ സ്വയം വിമര്‍ശനവുമായി സ്പീക്കര്‍ എംബി രാജേഷ്. ചില ഉയര്‍ത്തിയ വിമര്‍ശനം പ്രസക്തമാണെന്നും ഉള്‍ക്കൊള്ളുന്നതായും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
''വ്യക്തിബന്ധങ്ങള്‍ മുതല്‍ കുടുംബ ബന്ധങ്ങള്‍ വരെ ഏതും കക്ഷിരാഷ്ട്രീയത്തിന് അതീതമാകാമെങ്കിലും ആത്യന്തികമായി രാഷ്ട്രീയ ശരിക്കു മുകളിലല്ലെന്നതാണ് എന്റെ ഉറച്ച ബോധ്യം. ആ രാഷ്ട്രീയ ബോധ്യമാണ് അല്ലാതെ ഞാന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്ന ദുരഭിമാന നിലപാടല്ല ഈ വിഷയത്തില്‍ എന്നെ നയിക്കുന്നത്,'' സൗഹൃദങ്ങളുടെ രാഷ്ട്രീയം എന്ന തലക്കെട്ടിലെഴുതിയ കുറിപ്പില്‍ രാജേഷ് പറഞ്ഞു.
സിംലയില്‍ സ്പീക്കര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ എംബി രാജേഷ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായുള്ള സൗഹൃദം പുതുക്കിയതിന്റെ ചിത്രവും കുറിപ്പുമാണു വിവാദമായത്. ''കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായി ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദമാണുള്ളത്. പത്തുവര്‍ഷം പാര്‍ലമെന്റില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ ശക്തിപ്പെട്ട സൗഹൃദമാണത്. പാര്‍ലമെന്റില്‍ പരസ്പരം എതിര്‍ചേരിയില്‍നിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസമായിരുന്നില്ല. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് അനുരാഗ് താക്കൂറിനെ നേരില്‍ കാണുന്നത്. നേരില്‍ കാണാനും സൗഹൃദം പുതുക്കാനും കഴിഞ്ഞതില്‍ സന്തോഷം,''എന്നായിരുന്നു എംബി രാജേഷിന്റെ ആദ്യ കുറിപ്പ്.
ഇതിനെതിരെ ഇടതു അനുഭാവികളില്‍നിന്ന് ഉള്‍പ്പെടെ നിശിത വിമര്‍ശമുയര്‍ന്നിരുന്നു. പൗരത്വഭേദഗതി പ്രക്ഷോഭകര്‍ ഒറ്റുകാരാണെന്നും അവരെ വെടിവയ്ക്കണമെന്നും പരസ്യമായ ആഹ്വാനം ചെയ്തായാളാണ് അനുരാഗ് ഠാക്കൂര്‍ എന്നു ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു വിമശനങ്ങള്‍ ഏറെയും. ഇതേത്തുടര്‍ന്നാണ് രാജേഷിന്റെ വിശദീകരണം.
Also Read: നോക്കുകൂലി അവസാനിപ്പിക്കാൻ നിയമം ഭേദഗതി ചെയ്യുമെന്ന് സർക്കാർ കോടതിയിൽ
വ്യക്തിബന്ധങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും രാഷ്ട്രീയമുണ്ടോ? ഉണ്ട് എന്നു തന്നെയാണ് അസന്ദിഗ്ധമായ ഉത്തരം. അവ കക്ഷിരാഷ്ട്രീയത്തിന് അതീതമാകാമെങ്കിലും രാഷ്ട്രീയത്തിന് അതീതമാവുകയില്ലെന്ന് എന്നു പറഞ്ഞുകൊണ്ടാണ് രാജേഷിന്റെ കുറിപ്പ് തുടങ്ങുന്നത്.
''എല്ലാവര്‍ക്കുമെന്ന പോലെ എനിക്കും കക്ഷി - ജാതി-മത-ലിംഗ ഭേദങ്ങള്‍ക്കതീതമായ സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളുമുണ്ട്. പാര്‍ലമെന്റില്‍ പ്രവര്‍ത്തിച്ച കാലത്ത് കൂടുതല്‍ വിപുലമായ സൗഹൃദങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രതിപക്ഷത്തുള്ളവരില്‍ ഏറ്റവും ഗാഢമായ വ്യക്തി ബന്ധം രാഹുല്‍ ഗാന്ധിയുമായിട്ടാണ് ഉണ്ടായിരുന്നത്. രാഹുല്‍ ഗാന്ധിയും ഈ വ്യക്തി ബന്ധത്തെക്കുറിച്ച് തന്നോട് സംസാരിച്ച കാര്യം കുറച്ചു ദിവസം മുമ്പ് ശ്രീ. രമേശ് ചെന്നിത്തല ഒരു പൊതു ചടങ്ങില്‍ പറഞ്ഞത് വാര്‍ത്തയായിരുന്നല്ലോ,'' എന്ന് അദ്ദേഹം കുറിച്ചു.
''ഒരാഴ്ച മുമ്പ് ഷിംലയില്‍ ഔദ്യോഗിക യോഗത്തില്‍ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനൊപ്പമുള്ള ചിത്രവും കുറിപ്പും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതിനെക്കുറിച്ച് രണ്ടു തരത്തിലുള്ള പ്രതികരണങ്ങളുണ്ടായി. ഒന്ന് ആസൂത്രിതമായി സൃഷ്ടിക്കപ്പെട്ടതായിരുന്നു. ഞാന്‍ എന്നും ഉയര്‍ത്തിപ്പിടിച്ച, വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടിനെ മുഴുവന്‍ റദ്ദാക്കാനുള്ള വ്യഗ്രത ഈ ആസൂത്രിത നീക്കത്തില്‍ മുഴച്ചു നിന്നിരുന്നു. രാഹുല്‍ ഗാന്ധിയെക്കുറിച്ച് നല്ല വാക്ക് പറഞ്ഞതിന് ആക്രമണം അഴിച്ചുവിട്ട വര്‍ഗീയ വാദികളുടെ അതേ ഭാഷയും ശൈലിയുമായിരുന്നു ഇവര്‍ക്കും. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ വച്ച് പ്രധാനമന്ത്രിയെ പരസ്യമായി ആലിംഗനം ചെയ്ത് സൗഹൃദം പ്രകടിപ്പിച്ചതിനെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുമായി കൂട്ടിക്കുഴക്കേണ്ടെന്ന് (അത് ശരിയുമാണ്) വാശിയോടെ വാദിച്ചവരാണ് ചിത്രത്തിന്റെ പേരില്‍ എന്റെ രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്യുന്നത്. അന്ന് Hate the sin, not the sinner എന്ന ഗാന്ധി വചനമൊക്ക ഉദ്ധരിച്ചായിരുന്നു വാദമുഖങ്ങള്‍. ഇഛാഭംഗത്തിന്റെ മുറിവ് കാലത്തിനും ഉണക്കാന്‍ കഴിയാതെ പോയാല്‍, ചില മനുഷ്യര്‍ ഇങ്ങനെ പഴയതു മറന്ന് പരസ്പര വിരുദ്ധമായി സംസാരിക്കും. അതിനെ ആ നിലയിലേ എടുക്കുന്നുള്ളൂ.''
Also Read: ദത്തുവിവാദം: ഡിഎൻഎ ഫലം പോസിറ്റീവ്, അനുപമ കുഞ്ഞിനെ കണ്ടു
''എന്നാല്‍ മറ്റു ചിലര്‍ ഉയര്‍ത്തിയ വിമര്‍ശനം അങ്ങനെയല്ല. ദല്‍ഹി വംശഹത്യക്ക് നിദാനമായ വിദ്വേഷ പ്രസംഗം നടത്തിയ അനുരാഗ് താക്കൂറിന്റെ തീവ്ര നിലപാടുകളെ ചൂണ്ടിക്കാണിച്ച് അവര്‍ ഉയര്‍ത്തിയ വിമര്‍ശനം ന്യായവും പ്രസക്തവുമാണ്. അതിനെ പൂണമായും മാനിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. വര്‍ഗീയതക്കെതിരായി മതനിരപേക്ഷത സംരക്ഷിക്കാനുള്ള നിര്‍ണായകമായ പോരാട്ടം നടക്കുന്ന ഈ ചരിത്ര സന്ദര്‍ഭത്തില്‍ ആ വിമര്‍ശനത്തിന്റെ ഉദ്ദേശശുദ്ധി ഞാന്‍ മനസിലാക്കുന്നു. സ്വയം വിമര്‍ശനം നടത്താനും ഭാവിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും എന്നെ അത് സഹായിക്കുകയും ചെയ്യും. വ്യക്തിബന്ധങ്ങള്‍ മുതല്‍ കുടുംബ ബന്ധങ്ങള്‍ വരെ ഏതും കക്ഷിരാഷ്ട്രീയത്തിനതീതമാകാമെങ്കിലും ആത്യന്തികമായി രാഷ്ട്രീയ ശരിക്കു മുകളിലല്ല എന്നതാണ് എന്റെ ഉറച്ച ബോധ്യം. ആ രാഷ്ട്രീയ ബോധ്യമാണ് അല്ലാതെ ഞാന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്ന ദുരഭിമാന നിലപാടല്ല ഈ വിഷയത്തില്‍ എന്നെ നയിക്കുന്നത്, '' രാജേഷ് കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.