തിരുവനന്തപുരം: ദത്ത് വിവാദം സബന്ധിച്ച കേസിൽ ഡി എൻ എ പരിശോധന ഫലം പോസിറ്റീവ്. കുഞ്ഞ് അനുപമയുടേതും അജിത്തിന്റെയുമാണെന്നു തെളിഞ്ഞു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി)ക്കു കൈമാറി. ഇതിനുപിന്നാലെ കുഞ്ഞിനെ കാണാൻ അനുപമയ്ക്കും അജിത്തിനും സിഡബ്ല്യുസി അനുമതി നൽകി. ഇരുവരും നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലെത്തി കുഞ്ഞിനെ കണ്ടു.
ഡിഎൻഎ ഫലം പോസിറ്റീവാണെന്ന് അറിഞ്ഞ അനുപമ, ശിശുക്ഷേമ സമിതിക്കു മുന്നിലെ സമരപ്പന്തലില്‍ മിഠായി വിതരണം ചെയ്തു. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ടെന്നായിരുന്നു അനുപമയുടെയ പ്രതികരണം.
”ഒരു വര്‍ഷത്തിലധികമായി വേദന അനുഭവിക്കുകയാണ്. ഫലം വന്നതോടെ വല്ലാത്ത ആശ്വാസമാണ്. കുഞ്ഞിനെ ലഭിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്. എത്രയും വേഗം കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” അനുപമ പറഞ്ഞു.
ഡിഎന്‍എ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ തനിക്കു നല്‍കണമെന്നാവശ്യപ്പെട്ട് അനുപമ സിഡബ്ല്യുസിക്ക് കത്തു നല്‍കിയിട്ടുണ്ട്. എന്നാൽ, സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ കോടതികള്‍ക്കോ മാത്രമേ ഡിഎന്‍എ പരിശോധനാഫലം കൈമാറാവൂയെന്നതാണ് നിയമം.
ആന്ധ്രയിൽനിന്നു ഞായറാഴ്ച രാത്രി എത്തിച്ച കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിന്റെയും സാമ്പിളുകൾ ഇന്നലെയാണു രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഉദ്യോഗസ്ഥർ ഡിഎൻഎ പരിശോധനയ്ക്കായി സ്വീകരിച്ചത്.
മൂന്ന് തവണ ഡിഎന്‍എ സാമ്പിള്‍ ക്രോസ് മാച്ച് ചെയ്തപ്പോഴും മാതാവ് അനുപമയും പിതാവ് അജിത്തുമാണെന്ന ഫലം ലഭിച്ചതായാണു വിവരം. ഫലം പോസിറ്റീവായ സ്ഥിതിക്ക് കുഞ്ഞിനെ അനുപമയ്ക്കു തിരികെ നൽകാനുള്ള നടപടികൾ സിഡബ്ല്യുസി ആരംഭിച്ചേക്കും. തിരുവനന്തപുരം കുടുംബ കോടതിയുടെ ഉത്തരവ് പ്രകാരമായിരിക്കും തുടർ നടപടി.
ദത്ത് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടും ഡിഎൻഎ പരിശോധനാ ഫലവും സിഡബ്ല്യുസി കുടുംബ കോടതിയിൽ സമർപ്പിക്കും. ഡിഎന്‍എ ടെസ്റ്റ് നടത്തുകയാണെന്നും റിപ്പോർട്ട് സമർപ്പിക്കാൻ 29 വരെ സമയം വേണമെന്നും കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സിഡബ്ല്യുസി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കേസ് 30 നാണ് കോടതി ഇനി പരിഗണിക്കുക.
കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ സിഡബ്ല്യുസിക്കെതിരെ ഗുരുതര ആരോപണവുമായി അനുപമ രംഗത്തെത്തിയിരുന്നു. തെളിവ് നശിപ്പിക്കാൻ സിഡബ്ല്യുസി കൂട്ടുനിൽക്കുകയാണെന്നും കുറ്റാരോപിതരെ സംരക്ഷിക്കാൻ നീക്കം നടക്കുകയാണെന്നുമായിരുന്നു അനുപമയുടെ ആരോപണം.
ഡിഎൻഎ പരിശോധന ചിത്രീകരിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയിരുന്നെങ്കിലും അത് നടപ്പായില്ലെന്നും അട്ടിമറിക്കു സാധ്യതയുണ്ടെന്നും അനുപമ ആരോപിച്ചിരുന്നു.
ദത്ത് സംഭവത്തിൽ വനിതാ-ശിശുവികസന വകുപ്പിന്റെ വകുപ്പ്തല അന്വേഷണ റിപ്പോർട്ട് അടുത്ത ദിവസം സർക്കാരിന് സമർപ്പിക്കുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് അനുപമയുടെയും അജിത്തിന്റെയും മൊഴി വനിതാ ശിശുവികസന ഡയറക്ടർ രേഖപ്പെടുത്തിയിരുന്നു.
മൊഴിയെടുത്തപ്പോൾ തങ്ങളെ കുറ്റപ്പെടുത്തുന്ന രീതിയിലായിരുന്നു ചോദ്യങ്ങളെന്ന് അനുപമ ആരോപിച്ചു. ശിശുക്ഷേമ സമിതിയിൽ പോയി അന്വേഷിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ രജിസ്റ്ററിലും തെളിവുകളില്ലെന്നാണ് ശിശുവികസന ഡയറക്ടർ പറയുന്നതെന്ന് അനുപമ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നുവെന്ന സംശയം അനുപമ പ്രകടിപ്പിക്കുന്നത്.
Also Read: പ്ലസ് ടു കോഴക്കേസ്: കെ.പി.എ മജീദ് എംഎൽഎയെ ചോദ്യം ചെയ്തു