/indian-express-malayalam/media/media_files/2025/07/27/rain-kerala-weather-2025-07-27-20-56-01.jpg)
Kerala Weather Forecast
Kerala Rain Updates: കൊച്ചി: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരംവരെ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു. വടക്കു പടിഞ്ഞാറൻ മധ്യപ്രദേശിനു മുകളിലായി ശക്തികൂടിയ ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. ഇത് അടുത്ത 12 മണിക്കൂറിൽ ന്യുനമർദ്ദമായി ശക്തികുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം മഴ കനക്കും. ഇന്ന് (ജൂലൈ 27) അതിശക്തമായ മഴയ്ക്കും ജൂലൈ 30 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ വടക്കൻ ജില്ലകളിൽ നാളെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: പെരുംമഴ; സംസ്ഥാനത്ത് നാല് മരണം, ഡാമുകൾ തുറന്നു
നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ചൊവ്വാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ബുധനാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ മുതൽ ബുധനാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യബന്ധനത്തിന് വിലക്ക്
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ ജൂലൈ 29 വരെയും കർണാടക തീരങ്ങളിൽ ഇന്ന് മുതൽ ജൂലൈ 31 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നു മുതൽ 29 വരെ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇന്നും നാളെയും കർണാടക തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ജൂലൈ 29 മുതൽ 31 വരെ കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
കണ്ണൂർ-കാസർഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാവിലെ 02.30 വരെ 2.9 മുതൽ 3.2 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
Read More: തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.