scorecardresearch

പൊലീസുകാർ സല്യൂട്ട് ചെയ്യുന്നില്ലെന്ന് തൃശൂർ മേയറുടെ പരാതി; പ്രതികരണവുമായി പൊലീസ് അസോസിയേഷൻ

ഔദ്യോഗിക വാഹനത്തിൽ പോകുമ്പോൾ പൊലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്നായിരുന്നു തൃശൂർ മേയർ എം.കെ വർഗീസിന്റെ പരാതി

ഔദ്യോഗിക വാഹനത്തിൽ പോകുമ്പോൾ പൊലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്നായിരുന്നു തൃശൂർ മേയർ എം.കെ വർഗീസിന്റെ പരാതി

author-image
WebDesk
New Update
Mayor, മേയർ, Thrissur Corporation, തൃശൂർ കോർപറേഷൻ, Rebel, വിമതൻ, LDF, എൽഡിഎഫ്, ഇടതുപക്ഷം, Congress Rebel, കോൺഗ്രസ് വിമതൻ, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: പൊലീസുകാർ സല്യൂട്ട് ചെയ്യുന്നില്ലെന്ന തൃശൂർ മേയരുടെ പരാതിയിൽ പ്രതികരണവുമായി കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ. അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ ബിജുവാണ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. സല്യൂട്ട് നിയമാനുസരണം അർഹതപ്പെട്ടവർക്കേ നൽകാനാവൂ, അല്ലാതെ ആഗ്രഹിക്കുന്ന എല്ലാവർക്കും നൽകാനാവില്ലെന്നും ബിജു ഫേസ്ബുക്കിൽ കുറിച്ചു.

Advertisment

ഔദ്യോഗിക വാഹനത്തിൽ പോകുമ്പോൾ പൊലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്നായിരുന്നു തൃശൂർ മേയർ എം.കെ വർഗീസിന്റെ പരാതി. സല്യൂട്ട് ചെയ്യുന്നതിന് ഉത്തരവിറക്കണം എന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവര്‍ക്കു ശേഷം കോര്‍പ്പറേഷന്‍ മേയറാണ് സംസ്ഥാന പ്രോട്ടോകോള്‍ പ്രകാരം മൂന്നാമന്‍, പദവിയെ പൊലീസ് ആദരിക്കണമെന്നാണ് വര്‍ഗീസിന്‍റെ വാദം.

സംഭവത്തിൽ പ്രതികരിച്ച പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സെക്രട്ടറി, "കേരള പോലീസ് ഉൾപ്പെടെയുള്ള ലോകത്തെ സേനാവിഭാഗങ്ങൾ ആദരസൂചകമായി ചെയ്തുവരുന്ന ആചാരമാണ് സല്യൂട്ട്. സല്യൂട്ട് എന്നത് പരസ്പര ബഹുമാനത്തിൻ്റെ കൂടി രൂപമാണ്." എന്നു പറഞ്ഞു.

" ആന്തരിക ബഹുമാനത്തിന്റെ ബഹിർസ്ഫുരണം" എന്നാണ് മലയാളത്തിൽ സല്യൂട്ട് എന്ന വാക്കിന് നൽകിയിട്ടുള്ള നിർവ്വചനം. ചിലരെങ്കിലും ധരിക്കുന്നത് പോലെ താഴ്ന്ന റാങ്കിൽ ഉള്ളവർ ഉയർന്ന റാങ്കിൽ ഉള്ളവരെ 'വൺ വേ' ആയി ചെയ്യുന്ന ആചാരമല്ല. താഴ്ന്ന റാങ്കിൽ ഉള്ളവർ ഉയർന്ന റാങ്കിൽ ഉള്ളവരെ സല്യൂട്ട് ചെയ്യുമ്പോൾ, ഉയർന്ന റാങ്കിൽ ഉള്ളവർ തിരിച്ചും അവരെ ആചാരം ചെയ്യും. ഇങ്ങനെ സേനാംഗങ്ങൾ പരസ്പരം കൈമാറുന്ന ആദരവാണ് സല്യൂട്ട്." ബിജു ഫേസ്ബുക്കിൽ കുറിച്ചു.

Advertisment

"കൂടാതെ രാജ്യത്തെ ഭരണകർത്താക്കൾ, ജുഡീഷ്യൽ ഓഫീസർമാർ ഉൾപ്പെടെയുള്ളവരേയും സല്യൂട്ട് ചെയ്യാറുണ്ട്. അവരും ഇപ്രകാരം തിരിച്ചും ചെയ്യേണ്ടതാണ്. ദേശീയ പതാകയേയും, അതാത് സേനാവിഭാഗങ്ങൾ അതാത് വിഭാഗങ്ങളുടെ പതാകകളേയും സല്യൂട്ട് നൽകി ആദരിക്കാറുണ്ട്.
ജനാധിപത്യ സമൂഹത്തിൽ ജനപ്രതിനിധികളെ ആദരവോടെ കാണുന്ന വിഭാഗമാണ് കേരളത്തിലെ പോലീസ് സേനാ വിഭാഗം. അതിന്റെ ആദരവ് പിഎസ്ഒ യിൽ എന്താണ് പറയുന്നത് എന്ന് പോലും നോക്കാതെ നമ്മുടെ സേനാംഗങ്ങൾ നൽകി വരുന്നുണ്ട്"

"ഇത്രയും എഴുതാൻ കാരണം, എനിക്കും പോലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്യണം എന്ന് കാണിച്ച് പലരും സംസ്ഥാന പോലീസ് മേധാവി ഉൾപ്പെടെയുള്ളവർക്ക് അയക്കുന്ന പരാതികൾ കണ്ടതുകൊണ്ടാണ്. യൂണിഫോമിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ കണ്ടാൽ എനിക്കും ഒരു സല്യൂട്ട് കിട്ടണം എന്ന ആഗ്രഹം ഉള്ള ചിലർ സ്വാഭാവികമാണ്. എന്നാൽ അതിന് നിർദ്ദേശം നൽകണം എന്ന പരാതി അയച്ചതിനെ ആശ്ചര്യത്തോടെ കാണുന്നു എന്ന് സൂചിപ്പിക്കട്ടെ."

Read Also: കൊടകര കുഴൽപ്പണക്കേസ്; സുരേന്ദ്രനെ ചോദ്യം ചെയ്യും; ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ്

"റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുമ്പോൾ റോഡിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്യുന്നില്ല എന്നാണ് ഇപ്പോൾ കണ്ട പരാതി. ഇത്തരത്തിൽ കേരളത്തിൻ്റെ തെരുവോരങ്ങളിൽ യൂണിഫോം ഇട്ട് കാണുന്ന പോലീസ് ഉദ്യോഗസ്ഥർ ആരെയെങ്കിലും സല്യൂട്ട് ചെയ്യാൻ വേണ്ടി നിൽക്കുന്നവരല്ല. അവർ ട്രാഫിക് നിയന്ത്രണം ഉൾപ്പെടെയുള്ള ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി നിൽക്കുന്നവരാണ്. ഇത്തരം സന്ദർഭങ്ങളിൽ സല്യൂട്ട് ഉൾപ്പെടെയുള്ള ആചാരമല്ല ചെയ്യേണ്ടത്, ഔദ്യോഗികകൃത്യം ഭംഗിയായി നിറവേറ്റുകയാണ് വേണ്ടത് എന്ന വ്യക്തമായ നിർദ്ദേശം ഉൾപ്പെടെ സർക്കുലറായി ജീവനക്കാർക്ക് നൽകിയിട്ടുള്ള പുരോഗമനപരവും സാമൂഹ്യ വീക്ഷണവും ഉള്ള മേലുദ്യോഗസ്ഥന്മാരാൽ നയിക്കുന്ന സേനയാണ് കേരള പോലീസ് എന്ന് അഭിമാനത്തോടെ പറയാനും ആഗ്രഹിക്കുന്നു."

"സർക്കാർ പരിപാടികളിൽ ഓരോരുത്തർക്കും നൽകേണ്ട സ്ഥാനം എവിടെയാണെന്ന് സംസ്ഥാന പ്രോട്ടോക്കോൾ വ്യവസ്ഥകൾ നിലവിലുണ്ടാകും. എന്നാൽ അത്തരം കാര്യങ്ങൾ സർക്കാർ പരിപാടികൾക്ക് മാത്രമാണ്. അല്ലാതെ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥന്മാരെ കൊണ്ട് സല്യൂട്ട് ചെയ്യിക്കാനുള്ളതല്ല എന്ന് കൂടി സൂചിപ്പിക്കട്ടെ."

"സേനാംഗങ്ങൾ വലിയ മൂല്യം നൽകുന്ന ആചാരമാണ് സല്യൂട്ട്. അത് നിയമാനുസരണം അർഹതപ്പെട്ടവർക്ക് മാത്രമേ നൽകാൻ കഴിയൂ. അല്ലാതെ ആഗ്രഹിക്കുന്ന എല്ലാവർക്കും നൽകേണ്ട ഒന്നല്ല എന്ന് കൂടി വിനയപൂർവ്വം അറിയിക്കട്ടെ." കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ ബിജു ഫേസ്ബുക്കിൽ കുറിച്ചു.

Thrissur Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: