/indian-express-malayalam/media/media_files/uploads/2021/12/omicron-russian-native-tested-covid-positive-at-kochi-589944-FI.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: എറണാകുളത്ത് ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ ഷോപ്പിങ് മാളും റസ്റ്റോറന്റുകളും സന്ദർശിച്ചു. കോംഗോയില്‍നിന്നു വന്ന ഇയാളുടെ സമ്പര്‍ക്കപ്പട്ടിക താരതമ്യേന വലുതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്നും എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു.
രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. രോഗി ഷോപ്പിങ് മാളും ആശുപത്രികളും ഹോട്ടലും സന്ദർശിച്ചിട്ടുണ്ട്. റൂട്ട് മാപ്പ് ഇങ്ങനെ:
- ഏഴിന് പുലർച്ചെ മൂന്നിനാണ് ഇയാൾ കൊച്ചി വിമാനത്താവളത്തിൽ വിമാനമിറങ്ങി
- ഒമ്പതിന് രാവിലെ 10ന് സ്വന്തം കാറിൽ പുതിയ കടവ് ആയുർവേദ ആശുപത്രിയിലെത്തിയ ഇയാൾ ആർടിപിസിആർ പരിശോധന നടത്തിയ ശേഷം 10.15ന് പുറത്തിറങ്ങി
- പത്തിനു വെള്ള ഹ്യുണ്ടായ് ഐ10 യൂബർ ടാക്സിൽ 11.57ന് ഇറങ്ങി 12.20ന് പാലാരിവട്ടം റെനയ് മെഡിസിറ്റിയിലെത്തി
- ഏഴാം നിലയിലെ കൗണ്ടറിൽ രജിസ്ട്രർ ചെയ്ത ശേഷം 12.55ന് യൂറോളജി ഒപിക്ക് സമീപം കാത്തിരുന്നു. 1.30ന് കൺസൽട്ടേഷൻ നടത്തി. ശേഷം 2.55 വരെ ഏഴാം നിലയിലെ വരാന്തയിൽ കാത്തിരുന്നു. 2.55ന് രക്ത സാംപിൾ നൽകി. 4.12ന് ആർടിപിസിആർ പരിശോധന നടത്തിയ ശേഷം 4.40ന് ആശുപത്രി വിട്ടു.
- അന്നേ ദിവസം 4.50 മുതൽ 5.30 വരെ അറേബ്യൻ ഡ്രീംസ് ഹോട്ടലിൽ ചെലവഴിച്ച ശേഷം 6.15ന് ഓട്ടോയിൽ ഈസ്റ്റ് ഫോർട്ടിലെ വീട്ടിലേക്കു തിരിച്ചു. സൗപർണിക വില്ലയിൽ 6.30ന് ഇറങ്ങിയ ശേഷം വീട്ടിലേക്കു നടന്നു.
- അന്നേ ദിവസം സഹോദരനൊപ്പം അബാദ് പ്ലാസയിലെ മാക്സ് സ്റ്റോറിൽ 7.30 മുതൽ 8.05 വരെ ചെലവഴിച്ചു.
- 11നു കാറിൽ ആർടിപിസിആർ സാംപിൾ നൽകാൻ രാവിലെ ഒമ്പതിനും റെനായ് മെഡിസിറ്റിയിലെത്തി. 9.05ന് ഇറങ്ങി.
/indian-express-malayalam/media/media_files/uploads/2021/12/Kochi-Omicron-Routemap.jpg)
രണ്ടു പേരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്
അതേസമയം, രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ടു പേരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് മന്ത്രി പറഞ്ഞു. ഏറ്റവും അടത്ത സമ്പര്‍ക്കത്തിലുള്ളവരായിരുന്നു ഇവര്‍. ഒരാള്‍ സഹോദരനും മറ്റേയാള്‍ വിമാനത്താവളത്തിൽനിന്നു കൂട്ടിക്കൊണ്ടുപോയയാളുമാണ്. ഏഴു ദിവസം വരെ ഇവര്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ഇവര്‍ക്കു രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും.
രോഗികള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ജില്ലകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സയില്‍ കഴിയാം. വിമാനത്താവളത്തിലും തുറമുഖത്തും നിരീക്ഷണം ശക്തമാക്കി. ഇവിടെയെല്ലാം ലാബുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
രോഗി എത്തിയ കോംഗോ ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു അനുവദിച്ചത്. ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍നിന്നു വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകള്‍ എല്ലാവരും കൃത്യമായി പാലിക്കണം. സാമൂഹിക ഇടപെടലുകള്‍, ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍, തിയേറ്ററുകള്‍, മാളുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം.
ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടേയും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ റാന്‍ഡം പരിശോധനയില്‍ കോവിഡ് പോസിറ്റീവാകുന്നവരുടേയും ഇവരുടെ സമ്പര്‍ക്കത്തില്‍ വന്ന് കോവിഡ് പോസിറ്റീവാകുന്നവരുടേയും സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത് തുടരും. ഒമിക്രോണ്‍ സാഹചര്യത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കും. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന പ്രദേശങ്ങളിലെ കോവിഡ് പോസിറ്റീവ് സാമ്പിളുകളും ജനിതക പരിശോധനയ്ക്ക് അയയ്ക്കും.
ഡിസംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങള്‍ വഴി ആകെ 1,47,844 യാത്രക്കാരാണ് എത്തിയത്. അവരില്‍ 8,920 പേരെ വിമാനത്താവളങ്ങളില്‍ തന്നെ പരിശോധിച്ചു. അതില്‍ 15 പേരാണ് കോവിഡ് പോസിറ്റീവായത്. അതില്‍ 13 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. ഇവരുടെ എല്ലാവരുടേയും സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്നിന് മുമ്പ് ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും എത്തിയിട്ടുള്ള കോവിഡ് പോസിറ്റീവായിട്ടുള്ളവരുടേയും എട്ടാമത്തെ ദിവസം പരിശോധനാ ഫലം പോസിറ്റീവായിട്ടുള്ളവരുടേയും സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 54 പേരുടെ സാമ്പിളുകളാണ് ജനിതക പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 44 പേരുടെ പരിശോധനാ ഫലം വന്നിട്ടുണ്ട്. അതില്‍ 39 പേര്‍ ഡെല്‍റ്റാ വേരിയന്റ് പോസിറ്റീവും 5 പേര്‍ ഒമിക്രോണ്‍ പോസിറ്റീവുമാണ്.
എറണാകുളത്ത് യുകെയില്‍ നിന്നും എത്തിയയാള്‍ക്കാണ് ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള ഭാര്യയ്ക്കും (38) ഭാര്യാ മാതാവിനും (67), കോംഗോയില്‍ നിന്നു വന്ന മറ്റൊരാള്‍ക്കുമാണ് (37) ഇന്നലെ എറണാകുളത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച യുവതിക്ക് (22) വിമാനത്തില്‍ നിന്നുള്ള സമ്പര്‍ക്കം മാത്രമാണുള്ളത്. ഇവര്‍ തിരുവനന്തപുരത്തെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാണുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.
ഒമിക്രോണ്‍ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ ഡ്രൈവ് ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. നാളെയും മറ്റന്നാളും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കും. വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ എടുക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ സമയം കഴിഞ്ഞവരും എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണം. അവബോധം ശക്തിപ്പെടുത്തുന്നതാണ്. ബാക്ക് ടു ബേസിക്‌സ് അടിസ്ഥാനമാക്കി മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം, സാമൂഹിക അകലം എന്നിവ പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
Read Also: ദ്രോഹമനഃസ്ഥിതിയുള്ളവർ വ്യവസായ സംരംഭങ്ങൾക്ക് തടസം സൃഷ്ടിക്കുന്നു: മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us