തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ ദ്രോഹമനഃസ്ഥിതിയുള്ള ചിലർ സംരംഭങ്ങൾക്ക് തടസം സൃഷ്ടിക്കുന്നു. ഇത്തരം ആളുകളെ എല്ലാവരും തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ലുലു മാൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ചുരുങ്ങിയ കാലയളവിൽ 1000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 50 കോടിയിലധികം നിക്ഷേപം നടത്തുന്നവർക്ക് എല്ലാ പേപ്പറുകളും ശരിയാണെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ ലൈസൻസ് നൽകാനാണ് ഉദ്ദേശിക്കുന്നത്. അതിനായി നിയമവും പാസ്സാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എംഎസ്ഇ സംരഭങ്ങൾക്ക് മൂന്ന് വർഷം വരെ ലൈസൻസ് ഇല്ലാതെ സംസ്ഥാനത്തു പ്രവർത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 3200 കോടിയുടെ നിക്ഷേപ വാഗ്ദാനം അടുത്തിടെ സംസ്ഥാനത്തിന് ലഭിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണെന്ന് ശശിതരൂർ എംപി പറഞ്ഞു. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് തടസം നിൽക്കുന്ന കാര്യങ്ങൾ തടയാൻ ശ്രമിക്കുന്നുണ്ട്. ഇത് നല്ല കാര്യമാണെന്നും തരൂർ പറഞ്ഞു. വ്യവസായികള്ക്ക് ധൈര്യത്തോടെ കേരളത്തില് പണം മുടക്കാനുള്ള ആത്മവിശ്വാസമുണ്ടാകണം. കേരളം വ്യവസായ സൗഹൃദമാണെന്ന സന്ദേശം രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പ്രചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Also Read: പരാജയത്തിൽനിന്ന് പാഠം പഠിച്ചു; സജീവ രാഷ്ട്രീയം വിട്ടെന്ന് ഇ.ശ്രീധരൻ
തിരുവനന്തപുരത്തെ ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ടാണ് ലുലു മാൾ ഇന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന മന്ത്രിമാർ, ശശി തരൂർ എംപി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളടക്കം പങ്കെടുത്തു.
നാളെ രാവിലെ ഒമ്പത് മണി മുതലാണ് മാൾ പൊതുജനങ്ങൾക്കായി തുറന്നു നൽകുക. ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിങ് മാളുകളിലൊന്നാണ് തലസ്ഥാനത്തെ ലുലു മാൾ. രണ്ടായിരംകോടി രൂപ നിക്ഷേപത്തിൽ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ടെക്നോപാർക്കിന് സമീപം ആക്കുളത്ത് മാൾ പണികഴിപ്പിച്ചിരിക്കുന്നത്.
രണ്ട് ലക്ഷം ചതുരശ്രയടി, വിസ്തീർണ്ണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിൻ്റെ മുഖ്യ ആകർഷണം. ഗ്രോസറി, പഴം പച്ചക്കറികൾ, വൈവിധ്യമാർന്ന മറ്റുൽപ്പനങ്ങൾ, ബേക്കറി, ഓർഗാനിക് ഫുഡ്, ഹെൽത്ത് കെയർ വിഭാഗങ്ങളുമായി വ്യത്യസ്തവും, വിശാലവുമാണ് ഹൈപ്പർമാർക്കറ്റ്. ഇത് കൂടാതെ ഇന്ത്യൻ, അറബിക് ഭക്ഷണത്തിനായുള്ള പ്രത്യേക സെക്ഷനുകളുമുണ്ട്. കുടുംബശ്രീ ഉൾപ്പെടെ പ്രാദേശികമായി സംഭരിച്ച ഉൽപ്പന്നങ്ങളും ഇവിടെ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.
ഇതോടൊപ്പം ടെക്നോളജി ട്രെൻഡുകളുമായി ലുലു കണക്ട്, ഫാഷൻ ലോകത്തെ തുടിപ്പുകൾ അണിനിരത്തുന്ന ലുലു ഫാഷൻ സ്റ്റോർ, മലയാളികളുടെ വെഡ്ഡിങ് ഡെസ്റ്റിനേഷനായി മാറുന്ന ലുലു സെലിബ്രേറ്റ് എന്നിവയടക്കം ഷോപ്പിങ്ങിന് തികച്ചും പുത്തൻ അനുഭവം നൽകുന്നതാണ് മാൾ. 200-ൽ പരം രാജ്യാന്തര ബ്രാൻഡുകളാണ് ലുലു മാളിലെ ഷോപ്പുകളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. പല രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന രുചികളുമായി ഒരേ സമയം 2,500പേർക്ക് ഇരിക്കാൻ കഴിയുന്ന ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്.