/indian-express-malayalam/media/media_files/uploads/2021/09/veena-george.jpg)
veena george
കോഴിക്കോട്: നിപ ബാധിച്ച് പന്ത്രണ്ടു വയസുകാരൻ മരിച്ചതിനെത്തുടർന്ന് ഇന്നലെ പരിശോധനയ്ക്ക് അയച്ച 20 സാമ്പിളുകളുടെ കൂടി ഫലങ്ങൾ നെഗറ്റീവ്. ആരോഗ്യ മന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഹൈ റിസ്കിൽ പെടുന്ന 30 പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. ഇവർക്കാർക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഇനി 21 പേരുടെ ഫലങ്ങൾ കൂടി ഇനി വരാനുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ച ലാബിൽ പരിശോധിച്ച 15 സാമ്പിളുകളും പുണെ എൻഐവിയിൽ പരിശോധിച്ച അഞ്ച് സാമ്പിളുകളുമാണ് ഏറ്റവും ഒടുവിൽ നെഗറ്റീവായത്. കഴിഞ്ഞദിവസം പൂണെ എൻഐവിയിൽ പരിശോധിച്ച എട്ടും മെഡിക്കൽ കോളജിൽ പരിശോധിച്ച രണ്ടും സാമ്പിളുകൾ നെഗറ്റീവായിരുന്നു.
നിലവിൽ 68 പേർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ കഴിയുന്നുണ്ട്. ഇന്നലെ രാത്രി 10 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങൾ ഉള്ളവർ ഉൾപ്പടെ എല്ലാവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ജീവികളിൽനിന്നു സാമ്പിൾ ശേഖരിക്കുന്ന കാര്യത്തിൽ ഏകോപനം ഉറപ്പാക്കും. ഭോപാലിലെ എൻഐവി ലാബിൽ നിന്നുള്ള സംഘം അടുത്ത ദിവസം കോഴിക്കോട്ടെത്തി ജീവികളിൽനിന്ന് സാമ്പിളുകൾ ശേഖരിക്കുമെന്നും മന്ത്രി പറഞ്ഞു. നിപയെ തുടർന്ന് ഏർപെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഏത് രീതിയിൽ തുടരണമെന്ന് ചർച്ചയ്ക്കു ശേഷം തീരുമാനിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.