Latest News

നിപ: കോഴിക്കോട്ടെ സ്ഥിതിഗതികള്‍ ആശാവഹം; മറ്റു ജില്ലകളില്‍നിന്നുള്ള 35 പേര്‍ സമ്പര്‍ക്ക പട്ടികയിലെന്ന് മന്ത്രി

“17 പേര്‍ക്കാണ് ലക്ഷണങ്ങളുള്ളത്. നേരിയ ലക്ഷണങ്ങളാണ് ഇവരില്‍ കാണപ്പെടുന്നത്,” മന്ത്രി പറഞ്ഞു

Veena George, വീണ ജോർജ്, Health Minister, ആരോഗ്യ മന്ത്രി, Nipah Virus, നിപ, Nipah Kozhikode, നിപ കോഴിക്കോട്, Nipah Symptoms, നിപ രോഗലക്ഷണങ്ങള്‍, Nipah Update, Nipah Symptoms, Nipah Latest News, Lipah Malayalam News, IE Malayalam, ഐഇ മലയാളം
ആരോഗ്യമന്ത്രി വീണ ജോർജ് കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത്‌ പ്രസിഡന്റ്റുമാരുമായി നടത്തിയ ഓൺലൈൻ യോഗത്തിൽ സംസാരിക്കുന്നു. മന്ത്രിമാരായ എകെ ശശീന്ദ്രൻ, പിഎ മുഹമ്മദ്‌ റിയാസ് എന്നിവർ സമീപം

കോഴിക്കോട്: നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ സ്ഥിതിഗതികള്‍ ആശാവഹമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. കുട്ടിയുടെ അടുത്ത സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എട്ട് പേരുടെ ഫലം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും തിങ്കളാഴ്ച രാത്രിയോടെ ലഭ്യമായതില്‍ എട്ട് എണ്ണവും നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയില്‍ 2 പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവായെന്നും മന്ത്രി അറിയിച്ചു.

ശേഷിക്കുന്ന ഫലങ്ങള്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ലഭിക്കുമെന്നും ഇവയില്‍ ചിലത് പൂനെയിലേക്കും അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ നിപ വൈറസ് ലാബില്‍ ഒരു സമയം 96 സാമ്പിളുകള്‍ വരെ പരിശോധിക്കാനാകുമെന്നും ഇവിടെ ബിഎസ്എല്‍ ലെവല്‍ 3 ലാബ് സജ്ജമാക്കാനുള്ള നടപടികള്‍ തുടങ്ങിയതായും മന്ത്രി അറിയിച്ചു.

“കുട്ടി ചികിത്സ തേടിയ എല്ലാ സ്ഥാപനങ്ങളുടെയും ഇന്‍സ്റ്റിറ്റിയൂഷണല്‍ റൂട്ട് മാപ്പ് തയ്യാറാക്കി മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുമായി ആരോഗ്യവകുപ്പ് മന്ത്രി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു,” മന്ത്രി പറഞ്ഞു.

പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 257 ആയെന്നും മന്ത്രി പറഞ്ഞു. അടുത്ത സമ്പര്‍ക്കമുള്ളവരുടെ എണ്ണം 122 ആണെന്നും ഇതില്‍ 44 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നും മന്ത്രി വ്യക്തമാക്കി. ” 51 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. 17 പേര്‍ക്കാണ് ലക്ഷണങ്ങളുള്ളത്. നേരിയ ലക്ഷണങ്ങളാണ് ഇവരില്‍ കാണപ്പെടുന്നത്,” മന്ത്രി പറഞ്ഞു.

Read More: നിപ: എട്ട് ഫലങ്ങളും നെഗറ്റീവെന്നത് ആശ്വാസം; ആർക്കും ഗുരുതര രോഗ ലക്ഷണമില്ല: മുഖ്യമന്ത്രി

“മറ്റു ജില്ലകളില്‍നിന്നുള്ള 35 പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. മലപ്പുറം, പാലക്കാട്, കണ്ണൂര്‍, വയനാട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം സ്വദേശികളാണ് ഇതര ജില്ലകളില്‍നിന്നും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്,” മന്ത്രി പറഞ്ഞു,

“ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക അകറ്റുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ബോധവല്‍കരണ പരിപാടികള്‍ ആരംഭിച്ചു. പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ തിങ്കളാഴ്ച 3,307 വീടുകളിലായി 12,695 പേരെ സന്ദര്‍ശിച്ചു. 25 പേര്‍ക്ക് രണ്ടു പേര്‍ എന്ന ക്രമത്തിലാണ് ഗൃഹസന്ദര്‍ശനം നടത്തുന്നത്. സന്ദര്‍ശനത്തിനിടെ 17 പേര്‍ക്ക് നേരിയ പനിയുള്ളതായി കണ്ടെത്തി. ഇവര്‍ക്ക് ആര്‍ക്കും തന്നെ കുട്ടിയുമായി ബന്ധമില്ല.”

“ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മുഴുവനായും നിപ മരണം റിപ്പോര്‍ട്ട് ചെയ്ത 3 കി.മീ. പരിധിയിലുള്ള മുക്കം മുനിസിപ്പാലിറ്റിയിലെ 18, 19 ,20, 21, 22 വാര്‍ഡുകള്‍ മുഴുവനായും കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 1, 2, 3, 11, 12, 13 , 14, 15 വാര്‍ഡുകള്‍ മുഴുവനായും വാര്‍ഡ് 9 ലെ പരപ്പില്‍ ഭാഗവും വാര്‍ഡ് 10 ലെ പഴംപറമ്പ്, പൊറ്റമ്മല്‍ ഭാഗവും കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡ് മുഴുവനായും വാര്‍ഡ് 13 ലെ അരീക്കോട് മുക്കം സ്റ്റേറ്റ് ഹൈവേയുടെ ഇടതു ഭാഗവും മാവൂര്‍ ഗ്രാമ പഞ്ചായത്തിലെ 9, 10, 11 വാര്‍ഡുകള്‍ മുഴുവനായും നിപ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ സ്ഥലങ്ങളിലാണ് നിപ സര്‍വെ നടത്തുന്നത്.”

“പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ നിപ രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്തുവരികയാണ്. വീടുകളില്‍ ബോധവല്‍ക്കരണ നോട്ടീസുകളും വിതരണം ചെയ്യുന്നുണ്ട്. ചാത്തമംഗലം, കൊടിയത്തൂര്‍, മാവൂര്‍ പഞ്ചായത്തുകളിലും മെഡിക്കല്‍ കോളേജ്, ചൂലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലും കേന്ദ്രസംഘം സന്ദര്‍ശനം നടത്തി,” മന്ത്രി അറിയിച്ചു.

Read More: നിപ: വവ്വാലുകളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ മന്ത്രി

“ആരോഗ്യ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം, കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെയും ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാരുടെയും യോഗവും ജില്ലയിലെ എംപി, എംഎല്‍എ മാരുടെ യോഗവും ചേര്‍ന്നു. ഓരോ ജില്ലയിലും നടത്തേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചു. ജില്ലകള്‍ നിപ സമ്പര്‍ക്കങ്ങളുടെ ലൈന്‍ ലിസ്റ്റ് തയ്യാറാക്കണം,” മന്ത്രി പറഞ്ഞു.

“പനിയോടൊപ്പം ഏതെങ്കിലും തരത്തിലുള്ള നിപ ലക്ഷണങ്ങളുള്ളവരുടെ സാംപിള്‍ ശേഖരിക്കണം. വിവരങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിസ്‌ക് കുറഞ്ഞ രോഗലക്ഷണങ്ങളുള്ളവരെ കര്‍ശനമായ റൂം ക്വാറന്റൈനിലാക്കും. 21 ദിവസം ഇവരെ നിരീക്ഷിക്കുകയും ഓരോ ദിവസവും രാവിലെ 8 മണിക്കും വൈകുന്നേരം 8 മണിക്കും ആരോഗ്യ പ്രവര്‍ത്തകള്‍ വിളിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. മാനസിക പിന്തുണ ആവശ്യമുള്ളവര്‍ക്ക് കൗണ്‍സലിംഗ് ലഭ്യമാക്കും,” മന്ത്രി പറഞ്ഞു.

ചത്ത വവ്വാലുകളെ കണ്ടാല്‍ സ്പര്‍ശിക്കരുതെന്നും ഉടന്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണമെന്നും മന്ത്രി അറിയിച്ചു. നിപ സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പു നല്‍കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Nipah virus kerala health minister veena george statement

Next Story
പോലീസിലല്ല സിപിഎമ്മിലാണ് ആർഎസ്എസ് ഗ്യാങ്ങ് : കെ സുധാകരൻK Sudhakaran
The moderation of comments is automated and not cleared manually by malayalam.indianexpress.com