/indian-express-malayalam/media/media_files/uploads/2022/07/Thiruvonam-Bumper.jpg)
Kerala Lottery Thiruvonam Bumper 2022: തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനവുമായി തിരുവോണം ബംപർ ടിക്കറ്റ് പ്രകാശനം ചെയ്തു. ധനമന്ത്രി കെ.എൻ.ബാലഗോപാലും ഗതാഗത മന്ത്രി ആന്റണി രാജുവും ചേർന്നാണ് തിരുവോണം ബംപർ പുറത്തിറക്കിയത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില.
ഒരു രൂപയ്ക്ക് 50,000 രൂപ സമ്മാനത്തുകയുമായി ആരംഭിച്ച സംസ്ഥാന ലോട്ടറി ഇപ്പോൾ 500 രൂപയ്ക്ക് ഇന്ത്യയിലെതന്നെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയുമായി ചരിത്രത്തിന്റെ ഭാഗമാകുകയാണ്. 10 സീരീസുകളിലാണു ടിക്കറ്റുകൾ പുറത്തിറക്കുന്നത്. നാലാം സമ്മാനം ഒരു ലക്ഷം വീതം 90 പേർക്കും അഞ്ചാം സമ്മാനം 5000 രൂപ വീതം 72,000 പേർക്കും നൽകും. 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബമ്പറിലുണ്ട്.
പരമാവധി 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിക്കുന്നത്. ടിക്കറ്റ് വില ഉയർന്നതിനാൽ സാധാരണക്കാരായ തൊഴിലാളികൾക്കും വാങ്ങാനുള്ള സൗകര്യം കൂടി കണക്കിലെടുത്ത് അഞ്ച് ലീഫുകൾ അടങ്ങിയ ബുക്ക്ലെറ്റാണ് ഇത്തവണ പുറത്തിറക്കുന്നത്. ടിക്കറ്റ് വിൽപ്പനയിലൂടെ 97 രൂപ വരെ തൊഴിലാളികൾക്ക് കമ്മിഷൻ ഇനത്തിൽ കിട്ടും.
ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ വിവാദമാകുന്ന കാലത്ത് വിശ്വാസ്യതയും സുരക്ഷതിതത്വവും സർക്കാർ ലോട്ടറിയുടെ മികവാണ്. അത്യാധുനിക പ്രിന്റിംഗ് സാങ്കേതിക വിദ്യയും തിരുവോണം ബമ്പറിന്റെ പ്രത്യേകതയാണ്. സുരക്ഷ പരിഗണിച്ച് വേരിയബിൾ ഡാറ്റ ടിക്കറ്റിൽ ഒന്നിലേറെ ഭാഗങ്ങളിൽ അച്ചടിച്ചിട്ടുണ്ട്. ഫ്ളൂറസെന്റ് മഷിയിൽ പുറത്തിറക്കുന്ന ആദ്യ ലോട്ടറി ടിക്കറ്റുകൂടിയാണു തിരുവോണം ബംപർ.
ടിക്കറ്റെടുക്കുന്നവരിൽ അഞ്ച് ശതമാനം പേർക്ക് സമ്മാനം എന്ന നിലയിൽ ആകെ നാല് ലക്ഷത്തോളം പേർക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഇത്തവണ വകുപ്പ് ഓണം ബമ്പർ ക്രമീകരിച്ചിരിക്കുന്നത്. ഈ വർഷം 94 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിക്കുക. കഴിഞ്ഞ വർഷം 54 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇവ പൂർണമായും വിറ്റഴിഞ്ഞു. ജൂലൈ 18 നാണ് ഓണം ബംപർ ടിക്കറ്റ് വിൽപന തുടങ്ങുക. സെപ്റ്റംബർ 18 നാണ് നറുക്കെടുപ്പ്.
കഴിഞ്ഞ വർഷം 12 കോടി രൂപയായിരുന്നു തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം. അന്ന് അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകൾ മുഴുവൻ വിൽപ്പന നടത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.