Kerala Lottery Thiruvonam Bumper: തിരുവനന്തപുരം: തിരുവോണം ബംപറിന്‍റെ ഒന്നാം സമ്മാനം 25 കോടിയാക്കാനുള്ള ശുപാർശ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സർക്കാരിന് കൈമാറിയിട്ടുണ്ട്. സർക്കാർ അനുമതി നൽകിയാൽ ഓണം ബംപർ അടിക്കുന്ന ഭാഗ്യവാന് 25 കോടിയായിരിക്കും ഒന്നാം സമ്മാനമായി ലഭിക്കുക. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്.
ഇത്തവണ ടിക്കറ്റ് വില ഉയർത്താനും ശുപാർശ നൽകിയിട്ടുണ്ട്. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷം വരെ 300 രൂപയായിരുന്നു ടിക്കറ്റ് വില. കഴിഞ്ഞ വർഷം ഒന്നാം സമ്മാനം 12 കോടി രൂപ.
ഇത്തവണ ഓണം ബംപർ ഭാഗ്യവാന് ഒന്നാം സമ്മാനമായി 25 കോടി അടിച്ചാലും ഏജന്റ് കമ്മീഷനും നികുതിയും കിഴിച്ച് കയ്യിൽ കിട്ടുക 15.75 കോടിയായിരിക്കും. ഒന്നാം സമ്മാനം വിറ്റ ഏജന്റിനു രണ്ടര കോടിയാണ് കമ്മിഷനായി കിട്ടുക. ഈ വർഷം ഒരു ടിക്കറ്റിന് 96 രൂപയാണ് കമ്മിഷനായി കിട്ടുക. കഴിഞ്ഞ വർഷം ഇത് 58 രൂപയായിരുന്നു.
ഇത്തവണ ഓണം ബംപറിന്‍റെ രണ്ടാം സമ്മാനം അഞ്ചു കോടി രൂപയും മൂന്നാം സമ്മാനം 10 പേർക്ക് ഒരു കോടി രൂപ വീതവും നൽകാനാണ് ശുപാർശ. സമാശ്വാസ സമ്മാനമായി 9 പേർക്ക് 5 ലക്ഷം വീതം ലഭിക്കും. ഇത്തവണ ആകെ സമ്മാനത്തുക 72 കോടിയായി ഉയർത്തിയിട്ടുണ്ട്. ഈ വർഷം 10-ാം സമ്മാനം വരെയുണ്ട്. കഴിഞ്ഞ വർഷം വരെ 6 ആയിരുന്നു.
ഈ വർഷം 94 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിക്കുക. കഴിഞ്ഞ വർഷം 54 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇവ പൂർണമായും വിറ്റഴിഞ്ഞു. ജൂലൈ 18 നാണ് ഓണം ബംപർ ടിക്കറ്റ് വിൽപന തുടങ്ങുക. സെപ്റ്റംബർ 18 നാണ് നറുക്കെടുപ്പ്.