/indian-express-malayalam/media/media_files/uploads/2022/09/onam-bumper.jpg)
Kerala Lottery Thiruvonam Bumper: തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി എത്തുന്ന ഓണം ബംപർ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. സെപ്റ്റംബർ 18 നാണ് ഓണം ബംപർ നറുക്കെടുപ്പ്. ഓണം ബംപർ ഷെയർ ഇട്ട് വാങ്ങുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഷെയർ ഇട്ട് ലോട്ടറി വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറാന്‍ ലോട്ടറി വകുപ്പിന് അധികാരമില്ലെന്നതാണ്. ലോട്ടറി തുക ഒരിക്കലും ലോട്ടറി വകുപ്പ് വീതിച്ച് നൽകില്ല. അതായത്, ഇപ്പോൾ 5 പേർ ചേർന്നാണ് ടിക്കറ്റെടുത്തതെങ്കിൽ 5 പേർക്കുമായി സമ്മാന തുക വീതിച്ചു നൽകില്ല. ഈ 5 പേരിൽ ഒരാളുടെ അക്കൗണ്ടിലേക്കായിരിക്കും സമ്മാന തുക എത്തുക.
'' ഷെയർ ഇട്ട് ലോട്ടറി വാങ്ങുന്നവർ ആരുടെ അക്കൗണ്ടിലേക്കാണോ സമ്മാനത്തുക എത്തേണ്ടത് അയാളെ ചുമതലപ്പെടുത്തുക. ഈ വ്യക്തിയുടെ വിവരങ്ങൾ മാത്രം ലോട്ടറി വകുപ്പിന് നൽകിയാൽ മതി. എത്ര ആളുകളാണ് ഷെയറിട്ടത് അവരുടെ എല്ലാവരുടെയും പേരുകളില്‍ ഒരു സംയുക്ത ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാന്‍ ഒരാളെ ചുമതലപ്പെടുത്തിയാലും മതിയാകും. ഈ സാഹചര്യത്തിൽ ബാങ്ക് അക്കൗണ്ടില്‍ പേര് ചേര്‍ത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കണം. ഏതെങ്കിലും സാഹചര്യത്തിൽ ഒന്നിൽ കൂടുതൽ പേർ അവകാശ വാദമുന്നയിച്ച് എത്തിയാൽ മാത്രം ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പിൽ ഹാജരാക്കണം,'' ലോട്ടറി വകുപ്പ് പി ആർ ഒ ബി.ടി.അനിൽ കുമാര്‍ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
ഇത്തവണ ഓണം ബംപർ ഭാഗ്യവാന് ഒന്നാം സമ്മാനമായി 25 കോടി അടിച്ചാലും ഏജന്റ് കമ്മീഷനും നികുതിയും കിഴിച്ച് കയ്യിൽ കിട്ടുക 15.75 കോടിയായിരിക്കും. ഒന്നാം സമ്മാനം വിറ്റ ഏജന്റിനു രണ്ടര കോടിയാണ് കമ്മിഷനായി കിട്ടുക. ഈ വർഷം ഒരു ടിക്കറ്റിന് 96 രൂപയാണ് കമ്മിഷനായി കിട്ടുക. കഴിഞ്ഞ വർഷം ഇത് 58 രൂപയായിരുന്നു.
ഇത്തവണ ഓണം ബംപറിന്‍റെ രണ്ടാം സമ്മാനം അഞ്ചു കോടി രൂപയും മൂന്നാം സമ്മാനം 10 പേർക്ക് ഒരു കോടി രൂപ വീതവും നൽകാനാണ് ശുപാർശ. സമാശ്വാസ സമ്മാനമായി 9 പേർക്ക് 5 ലക്ഷം വീതം ലഭിക്കും. ഇത്തവണ ആകെ സമ്മാനത്തുക 72 കോടിയായി ഉയർത്തിയിട്ടുണ്ട്. ഈ വർഷം 10-ാം സമ്മാനം വരെയുണ്ട്. കഴിഞ്ഞ വർഷം വരെ 6 ആയിരുന്നു.
ഈ വർഷം 94 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിക്കുക. കഴിഞ്ഞ വർഷം 54 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇവ പൂർണമായും വിറ്റഴിഞ്ഞു. ഇത്തവണ 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷം വരെ 300 രൂപയായിരുന്നു ടിക്കറ്റ് വില.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us