Kerala Lottery Thiruvonam Bumper 2022: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ തിരുവോണം ബംപർ ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നാം സമ്മാനത്തുകയുമായിട്ടാണ് എത്തിയിട്ടുള്ളത്. 25 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനം. അഞ്ചു കോടിയാണ് രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കുന്ന മൂന്നാം സമ്മാനമാണ് മറ്റൊരു ആകർഷണീയത.
ജൂലൈ 18 മുതലാണ് ടിക്കറ്റ് വിൽപ്പന തുടങ്ങിയത്. സെപ്റ്റംബർ 18 നാണു നറുക്കെടുപ്പ്. പരമാവധി 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിക്കുന്നത്. ടിക്കറ്റ് വില ഉയർന്നതിനാൽ സാധാരണക്കാരായ തൊഴിലാളികൾക്കും വാങ്ങാനുള്ള സൗകര്യം കൂടി കണക്കിലെടുത്ത് അഞ്ച് ലീഫുകൾ അടങ്ങിയ ബുക്ക്‌ലെറ്റാണ് ഇത്തവണ പുറത്തിറക്കിയത്. ടിക്കറ്റ് വിൽപ്പനയിലൂടെ 97 രൂപ വരെ തൊഴിലാളികൾക്ക് കമ്മിഷൻ ഇനത്തിൽ കിട്ടും.
10 സീരീസുകളിലാണു ടിക്കറ്റുകൾ പുറത്തിറക്കുന്നത്. ടിക്കറ്റെടുക്കുന്നവരിൽ അഞ്ച് ശതമാനം പേർക്ക് സമ്മാനം എന്ന നിലയിൽ ആകെ നാല് ലക്ഷത്തോളം പേർക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഇത്തവണ വകുപ്പ് ഓണം ബംപർ ക്രമീകരിച്ചിരിക്കുന്നത്.
സമ്മാന വിവരങ്ങൾ
ഒന്നാം സമ്മാനം- 25 കോടി
രണ്ടാം സമ്മാനം- 5 കോടി
മൂന്നാം സമ്മാനം – 10 കോടി (1 കോടി വീതം 10 പേർക്ക്)
നാലാം സമ്മാനം – ഒരു ലക്ഷം വീതം 90 പേർക്ക്
അഞ്ചാം സമ്മാനം – 5000 രൂപ വീതം 72,000 പേർക്ക്
ഇതിനു പുറമേ 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബംപറിലുണ്ട്.
ഓണം ബംപറിന്റെ പ്രത്യേകത
ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ വിവാദമാകുന്ന കാലത്ത് വിശ്വാസ്യതയും സുരക്ഷതിതത്വവും സർക്കാർ ലോട്ടറിയുടെ മികവാണ്. അത്യാധുനിക പ്രിന്റിങ് സാങ്കേതിക വിദ്യയും തിരുവോണം ബംപറിന്റെ പ്രത്യേകതയാണ്. സുരക്ഷ പരിഗണിച്ച് വേരിയബിൾ ഡാറ്റ ടിക്കറ്റിൽ ഒന്നിലേറെ ഭാഗങ്ങളിൽ അച്ചടിച്ചിട്ടുണ്ട്. ഫ്ളൂറസെന്റ് മഷിയിൽ പുറത്തിറക്കുന്ന ആദ്യ ലോട്ടറി ടിക്കറ്റുകൂടിയാണു തിരുവോണം ബംപർ. കൃത്രിമം നടക്കുന്നുവെന്ന പരാതികൾ ഒഴിവാക്കാനാണ് ആധുനിക സംവിധാനങ്ങൾ ലോട്ടറി വകുപ്പ് ക്രമീകരിച്ചിരിക്കുന്നത്.