/indian-express-malayalam/media/media_files/uploads/2017/04/assembly.jpg)
തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരായ പ്രമേയം കേരള നിയമസഭ പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ ഭരണ പ്രതിപക്ഷ അംഗങ്ങൾ പിന്തുണച്ചു. ബിജെപിയുടെ ഏക എംഎൽഎ ഒ.രാജഗോപാൽ മാത്രമാണ് പ്രമേയത്തെ എതിർത്തത്.
രാജ്യത്താദ്യമായാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു നിയമസഭ പ്രമേയം ചർച്ച ചെയ്യുന്നതും പാസാക്കുന്നതും. നിയമഭേദഗതി പിൻവലിക്കണമെന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ ആവശ്യപ്പെട്ടു.
അതേസമയം, കേന്ദ്രവിജ്ഞാപനം ഇറക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കോൺഗ്രസ് കത്ത് നൽകിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി.ഡി. സതീശനും ചേർന്നാണ് കത്ത് നൽകിയത്. എന്നാൽ യുഡിഎഫിന്‍റെ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല.
സർവകക്ഷിയോഗത്തിലെ തീരുമാനപ്രകാരമാണ് നിയമസഭയിൽ പ്രമേയം കൊണ്ടുവന്നത്. പൗരത്വനിയമഭേദഗതിക്കെതിരെ സംസ്ഥാനത്തിന്റെ പൊതുവികാരം കേന്ദ്രത്തെ അറിയിക്കണമെന്നാണ് സർക്കാരിന്റെ തീരുമാനം.
Read More: ഭരണഘടന സംരക്ഷണ സമിതിയുമായി സിപിഎം; ആശയം മുന്നോട്ടുവച്ചത് മുഖ്യമന്ത്രി
കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി മത വിവേചനത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. രാജ്യമെങ്ങും ആശങ്കയാണ്. പ്രവാസികൾക്കിടയിലും ആശങ്ക ശക്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ തുടരവെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് സർവകക്ഷി യോഗം ചേർന്നിരുന്നു. പൗരത്വ ഭേദഗതി നിയമം ജനങ്ങള്‍ക്കിടയിൽ കടുത്ത ആശങ്ക സൃഷ്ടിച്ച പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മത -സാമൂഹ്യ സംഘടനാ നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു.
ഭരണഘടനാ സംരക്ഷണ സമിതിക്ക് രൂപം നൽകാനുള്ള ആലോചനകളും സർക്കാർ നടത്തുന്നുണ്ട്. നവോത്ഥാന സംരക്ഷണ സമിതിയുടെ മാതൃകയില്‍ ഭരണഘടന സംരക്ഷണ സമിതി ആരംഭിക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇങ്ങനെയൊരു ആശയം ഉരുത്തിരിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ആശയം മുന്നോട്ടുവച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.