തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ ദക്ഷിണേന്ത്യയിലും പ്രതിഷേധം കനക്കുന്നു. പൗരത്വ നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. അതിനു പിന്നാലെ സംസ്ഥാനത്ത് സംയുക്ത പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരളം യോജിച്ച പ്രക്ഷോഭം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രിസഭാംഗങ്ങളും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും സാമൂഹ്യനേതാക്കളും ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തും. രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ രാവിലെ 10 മണിക്ക് സത്യഗ്രഹം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു.
Read Also: അസം പ്രതിഷേധം: ഇന്ത്യ-ജപ്പാൻ ഉച്ചകോടി റദ്ദാക്കി
ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളെ കശാപ്പു ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളം ഒറ്റക്കെട്ടായി പ്രതികരണത്തിലേക്ക് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാംസ്കാരിക-കലാ-സാഹിത്യ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യും. ജനാധിപത്യ സംരക്ഷണത്തിനായി വിവിധ രാഷ്ട്രീയ പാര്‍ടികളിലും സംഘടനകളിലും പെട്ടവര്‍ അഭിവാദ്യം അര്‍പ്പിക്കും. നവോത്ഥാന സമിതിയുടെ പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന് എതിരായ നിലപാടാണ് സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും കേരളത്തില്‍ സ്വീകരിച്ചത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്ന നിയമം ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണ് എന്ന നിലപാടാണ് സിപിഎമ്മിനും കോണ്‍ഗ്രസിനും. ഇതിന്റെ തുടര്‍ച്ചയായാണ് സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും തീരുമാനിച്ചത്.
Read also: ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല: വിവാഹദിനത്തിലെ ചിത്രം പങ്കു വച്ച് പ്രിയദര്‍ശന്‍
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം തുടരുകയാണ്. തമിഴ്‌നാട്ടിൽ ഡിഎംകെ യുവജന നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബിൽ കീറിയെറിഞ്ഞ് ഡിഎംകെ പ്രവർത്തകർ പ്രതിഷേധിച്ചു. ബിൽ കീറിയെറിഞ്ഞതിനെ തുടർന്നാണ് ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. നിരവധി ഡിഎംകെ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്‌തുനീക്കി.