scorecardresearch

നിയമസഭാ സമ്മേളനം നാല് മുതൽ നവംബർ 12 വരെ

പൂര്‍ണ്ണമായും നിയമനിര്‍മ്മാണത്തിനായി ചേരുന്ന മൂന്നാം സമ്മേളനം ആകെ 24 ദിവസം ചേര്‍ന്നതിനുശേഷം നവംബര്‍ 12-ാം തീയതി അവസാനിക്കുമെന്ന് സ്പീക്കർ എം.ബി രാജേഷ് അറിയിച്ചു

പൂര്‍ണ്ണമായും നിയമനിര്‍മ്മാണത്തിനായി ചേരുന്ന മൂന്നാം സമ്മേളനം ആകെ 24 ദിവസം ചേര്‍ന്നതിനുശേഷം നവംബര്‍ 12-ാം തീയതി അവസാനിക്കുമെന്ന് സ്പീക്കർ എം.ബി രാജേഷ് അറിയിച്ചു

author-image
WebDesk
New Update
assembly, kerala assembly

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാമത് സമ്മേളനം നാലിന് ആരംഭിക്കും. പൂര്‍ണമായും നിയമനിര്‍മാണത്തിനായി ചേരുന്ന സമ്മേളനം 24 ദിവസം ചേര്‍ന്ന് നവംബര്‍ 12ന് അവസാനിക്കുമെന്ന് സ്പീക്കർ എം.ബി.രാജേഷ് അറിയിച്ചു.

Advertisment

സമ്മേളനത്തിന്റെ 19 ദിവസം നിയമനിര്‍മാണ കാര്യത്തിനും നാല് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യര്‍ത്ഥനകളുടെ പരിഗണനയ്ക്കുമായാണ് നീക്കിവച്ചിരിക്കുന്നത്.

നാലിന് കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബില്‍, കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍, കേരള നഗര-ഗ്രാമാസൂത്രണ (ഭേദഗതി) ബില്‍, കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍ എന്നിവയും അഞ്ചിനു കേരള സംസ്ഥാന ചരക്കുസേവന നികുതി
(ഭേദഗതി) ബില്‍, കേരള പൊതുവില്‍പ്പന നികുതി (ഭേദഗതി) ബില്‍, കേരള ധനസംബന്ധമായ ഉത്തരവാദിത്ത (ഭേദഗതി) ബില്‍ എന്നിവയും പരിഗണിക്കുമെന്ന് സ്പീക്കർ അറിയിച്ചു.

വിവിധ സര്‍വ്വകലാശാലാ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനായുള്ള ബില്ലുകള്‍, കേരള കള്ള് വ്യവസായ വികസന ബോര്‍ഡ് ബില്‍, കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും ബില്‍, കേരള പബ്ലിക് ഹെല്‍ത്ത് ബില്‍, കേരള സംസ്ഥാന മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ബില്‍, കേരള ധാതുക്കള്‍ (അവകാശങ്ങള്‍ നിക്ഷിപ്തമാക്കല്‍) ബില്‍, കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ (ഭേദഗതി) ബില്‍, തുടങ്ങിയവയാണ് സഭ പരിഗണിക്കാനിരിക്കുന്ന മറ്റു പ്രധാനപ്പെട്ട ബില്ലുകള്‍.

Advertisment

പകരം നിയമ നിര്‍മാണം നടത്താതെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നതിനെതിരെ കഴിഞ്ഞ സമ്മേളനത്തില്‍ ഒരംഗം ക്രമപ്രശ്നം ഉന്നയിച്ചിരുന്നു. നിയമനിര്‍മാണത്തിനായി പ്രത്യേക സഭാ സമ്മേളനം ചേരേണ്ടതാണെന്നും നിലവിലുള്ള എല്ലാ ഓര്‍ഡിനന്‍സുകള്‍ക്കുമുള്ള ബില്ലുകള്‍ സഭയില്‍ അവതരിപ്പിച്ചു പാസാക്കുവാന്‍ പ്രത്യേക പരിശ്രമം ഉണ്ടാകേണ്ടതാണെന്നും ക്രമപ്രശ്നം തീർപ്പാക്കിക്കൊണ്ട് സ്പീക്കർ റൂൾ ചെയ്തിരുന്നു. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് നിയമ നിർമ്മാണത്തിനു മാത്രമായി സഭയുടെ മൂന്നാം സമ്മേളനം ചേരുന്നതെന്ന് സ്‌പീക്കർ പറഞ്ഞു.

ഭരണഘടനയുടെ അനുച്ഛേദം 213 പ്രകാരം പല സന്ദര്‍ഭങ്ങളിലായി പ്രഖ്യാപിക്കപ്പെട്ട ആകെ 45 ഓര്‍ഡിനന്‍സുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. കോവിഡ്-19 വ്യാപന പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി സഭാ സമ്മേളന ദിനങ്ങളില്‍ ഗണ്യമായ കുറവു വന്ന സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ യഥാസമയം പാസാക്കാന്‍ കഴിയാതിരുന്നത്.

Also Read: കോവിഡ് മരണം: മാർഗരേഖ തയ്യാറായി; ഒക്ടോബർ 10 മുതൽ അപേക്ഷിക്കാം

'ഇ'- നിയമസഭാ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് കടക്കുന്നതിന്‍റെ ഭാഗമായി സഭയിലെ എല്ലാ നടപടികളും കടലാസ് രഹിതമാക്കുന്നതിന്റെ ഔപചാരിക തുടക്കം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു നടത്തും.

കോവിഡ് വ്യാപനത്തില്‍ നേരിയ കുറവു വന്നിട്ടുള്ള സാഹചര്യത്തില്‍ സഭയുടെ സന്ദര്‍ശക ഗാലറികളിലേക്ക് പരിമിതമായ തോതില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശം അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുന്നതിന്‍റെ ഭാഗമായി കേരള നിയമസഭയുടെ ആഭിമുഖ്യത്തില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍, കോണ്‍ഫറന്‍സുകള്‍, സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, വനിതകള്‍ എന്നിവര്‍ക്കായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ തുടങ്ങിയവ ആസൂത്രണം ചെയ്തു നടപ്പാക്കും. കോവിഡ് ഭീഷണി ഒഴിയുന്ന മുറയ്ക്ക് നിയമസഭാ മ്യൂസിയം, നിയമസഭാ ലൈബ്രറി എന്നിവയുടെ വിപുലീകരണത്തിനായുള്ള പരിപാടികളും ആവിഷ്കരിക്കുമെന്ന് സ്പീക്കർ പറഞ്ഞു.

Kerala Assembly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: