/indian-express-malayalam/media/media_files/uploads/2022/08/Stray-dogs-1.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി: തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദേശം. തെരുവുനായകളെ ഉപദ്രവിക്കുന്നതിനെതിരെ പൊലീസ് ബോധവല്‍ക്കരണം നടത്തുമെന്ന ഡി ജിപിയുടെ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ കോടതിയുടെ പരിഗണനയിലുള്ള കേസ് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നായരും പ ഗോപിനാഥും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നു കോടതി അറിയിച്ചു.
നായ്ക്കളെ കൊല്ലുന്നതു സാക്ഷര കേരളത്തിനു ചേര്‍ന്നതല്ലെന്ന് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ കോടതിയില്‍ ബോധിപ്പിച്ചു.
നായകള്‍ക്കു വാക്‌സിനേഷന്‍ പുര്‍ത്തിയാക്കാനും ലൈസന്‍സ് നല്‍കാനും അഭയകേന്ദ്രങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടന്ന് തദ്ദേശഭരണ വകുപ്പും കോടതിയെ അറിയിച്ചു.
തെരുവുനായ ശല്യത്തില്‍നിന്ന് പൗരന്‍മാര്‍ക്കു സംരക്ഷണം നല്‍കാനുളള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നു ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു. പ്രശ്നത്തില്‍ കോടതി സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടിയ കോടതി, നിയമം കയ്യിലെടുത്ത് നായകളെ അടിച്ചുകൊല്ലുന്നത് അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു.
തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ 20 മുതല്‍ വാക്സിനേഷന്‍ യജ്ഞം നടത്താന്‍ ഒരുങ്ങുകയാണെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കോവിഡ് മഹാമാരിയെ നേരിട്ട രീതിയിലാകും തെരുവുനായ പ്രശ്നവും നേരിടുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ സുപ്രീം കോടതിയുടെ അനുവാദം തേടുമെന്നും മന്ത്രി പറഞ്ഞിരുന്നു. പട്ടികടിയേറ്റ് ഈ വർഷം ഇതുവരെ 21 പേരാണു സംസ്ഥാനത്ത് മരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.