കൊച്ചി: റോഡ് തകര്‍ച്ചയില്‍ രൂക്ഷവിമര്‍ശവുമായി ഹൈക്കോടതി. റോഡ് പണി തീരുംവരെ എത്രപേര്‍ മരിക്കണമെന്ന് ആരാഞ്ഞ കോടതി കുഴി അടയ്ക്കാനെന്താണ് താമസമെന്നും ചോദിച്ചു.
ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ച കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശം. എന്‍ജിനീയര്‍മാര്‍ക്ക് എന്താണു ജോലിയെന്നും അവരിപ്പോഴും പതിനെട്ടാം നൂറ്റാണ്ടിലാണോയെന്നും കോടതി ചോദിച്ചു.
കുഴി അടയ്ക്കാനല്ലെങ്കില്‍ എന്തിനാണ് എന്‍ജിനീയര്‍മാര്‍. പൊതുമരാമത്ത് വകുപ്പിന് ഇത്രമാത്രം എന്‍ജിനീയര്‍മാര്‍ വേണോയെന്നും കോടതി ആരാഞ്ഞു. ആലുവ-പെരുമ്പാവൂര്‍ റോഡ് തകര്‍ച്ച സംബന്ധിച്ച് 19 ന് എന്‍ന്‍ജിനീയര്‍ നേരിട്ട് ഹാജരാകണം. കേസ് 19നു പരിഗണിക്കും, അന്ന് വിശദീകരണം ലഭിച്ചില്ലെങ്കില്‍ കലക്ടറെ വിളിച്ചുവരുത്തുമെന്നും കോടതി പറഞ്ഞു.
റോഡ് തകര്‍ച്ച സംബന്ധിച്ച മാധ്യമ വാര്‍ത്തകളെത്തുടര്‍ന്ന് വിശദീകണം തേടിയ കേസാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിച്ചത്. വിഷയത്തില്‍ കലക്ടറുടെ റിപ്പോര്‍ട് എവിടെയെന്ന് കോടതി ആരാഞ്ഞു.
അതേസമയം, റോഡ് വിഷയം മാധ്യമങ്ങള്‍ പെരുപ്പിക്കുകയാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. ആലുവ-പെരുമ്പാവൂര്‍ റോഡില്‍ കുഴികള്‍ അടിയന്തരമായി അടച്ചെന്നും 11.7 കിലോമീറ്ററില്‍ പ്രവൃത്തിനടന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആലുവ- മൂന്നാര്‍ റോഡ് മൂന്നു വരിയാക്കി പുതുക്കപ്പണിയുമെന്നും സ്ഥലം ഏറ്റെടുക്കല്‍ നടപടി പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
സ്‌കൂട്ടര്‍ യാത്രക്കാരനായ വാഴക്കുളം സ്വദേശി കുഞ്ഞുമുഹമ്മദ് മരിച്ചതു റോഡിലെ കുഴിയില്‍ വീണിട്ടല്ലെന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അദ്ദേഹം ഷുഗര്‍ കുറഞ്ഞതിനാല്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇതു വ്യക്തമാക്കുന്ന കുഞ്ഞുമുഹമ്മദിന്റെ മകന്റെ മൊഴിയുണ്ട്. മരണശേഷം മൊഴിയെടുക്കാന്‍ പോയപ്പോള്‍ പരാതിയില്ലെന്നാണു വീട്ടുകാര്‍ അറിയിച്ചതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ വാദത്തെ കുഞ്ഞുമുഹമ്മദിന്റെ മകന്‍ മനാഫ് നിഷേധിച്ചു. റോഡിലെ കുഴിയില്‍ വീണ് തലയ്ക്കു പരുക്കേറ്റാണു പിതാവ് മരിച്ചതെന്നാണു ഡോക്ടര്‍മാര്‍ തങ്ങളെ അറിയിച്ചതെന്നു മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.