/indian-express-malayalam/media/media_files/uploads/2020/07/Customs-preventive-office-kochi.jpg)
കൊച്ചി: നയതന്ത്ര പരിരക്ഷയുടെ മറവില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് തള്ളിക്കളയാനാവില്ലെന്ന് കസ്റ്റംസ്. ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷിനെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂയെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് ഈ നിലപാടെടുത്തത്.
യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര പരിരക്ഷയുടെ മറവില്‍ രാജ്യത്തേക്കു സ്വര്‍ണം കടത്തിയ വന്‍ റാക്കറ്റിലെ കണ്ണിയാണു സ്വപ്ന. സര്‍ക്കാര്‍ ഏജന്‍സികളെയും കസ്റ്റംസിനെയും കബളിപ്പിച്ച് സ്വര്‍ണം കടത്തുന്നതിലും ഗൂഡാലോചനയിലും സ്വപ്നക്ക് സജീവ പങ്കാളിത്തമുണ്ട്. സ്വപ്നക്കെതിരെ സാക്ഷിമൊഴിയുണ്ടെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു.
കള്ളക്കടത്തില്‍ ഭര്‍ത്താവിനും സ്വപ്നക്കും പങ്കുണ്ടന്ന് ഒളിവില്‍ കഴിയുന്ന മറ്റൊരു പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ മൊഴി നല്‍കിയിട്ടുണ്ട്. നയതന്ത്ര പാഴ്സലിന്റെ മറവില്‍ ഭര്‍ത്താവും സ്വപ്നയും സരിത്തും അറിയാവുന്ന ചിലരും സ്വര്‍ണം കടത്തുന്നതായി തനിക്ക് അറിവുണ്ടന്നാണ് സൗമ്യയുടെ മൊഴി. സ്വപ്നയും സരിതും കള്ളക്കടത്തുകാര്‍ക്കു വേണ്ടി സ്വര്‍ണം കടത്തുന്നതായി അറിയാമെന്നും സൗമ്യ മൊഴി നല്‍കിയിട്ടുണ്ട്.
Also Read: സ്വർണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിനെതിരെ യുഎപിഎ ചുമത്തി പ്രതിചേർത്തതായി എൻഐഎ
കാര്‍ഗോ കോംപ്ലക്സില്‍നിന്ന് പാഴ്സല്‍ കൈപ്പറ്റുന്നതിനുള്ള കടലാസ് ജോലികള്‍ സ്വപ്നയാണ് നിര്‍വഹിക്കുന്നതെന്ന് അറിയാമെന്നും സൗമ്യമൊഴി നല്‍കിയുണ്ട്. സ്വപ്നയുടെ ജാമ്യാപേക്ഷയിലും ഇക്കാര്യം പറയുന്നുണ്ടന്നും ഇതിന്റെ സത്യാവസ്ഥ പരിശോധിക്കേണ്ടതുണ്ടന്നും കസ്റ്റംസ് വ്യക്തമാക്കി.
സരിത്തിനെതിരെയും സത്യവാങ്ങ്മൂലത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ട്. പാഴ്സല്‍ സ്വീകരിക്കുന്നതിനു കോണ്‍സുലേറ്റിന്റെ പണം അടയ്ക്കുന്നതിനു പകരം സരിത് നേരിട്ട് തുക അടച്ചു. പാഴ്സല്‍ കൊണ്ടു പോകാന്‍ കോണ്‍സുലേറ്റിന്റെ വാഹനത്തിനു പകരം സരിത് സ്വന്തം വാഹനമാണ് ഉപയോഗിച്ചത്. ഇതു രണ്ടും നടപടിക്രമത്തിന് വിരുദ്ധമാണന്നും കസ്റ്റംസ് സത്യവാങ്ങ്മൂലത്തില്‍ ബോധിപ്പിച്ചു. കേസിലെ മുഖ്യകണ്ണി സന്ദീപ് നായരാണെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍. സന്ദീപ് നായരെ ഇതുവരെ പിടികൂടിയിട്ടില്ല. ഇയാള്‍ക്കായി കസ്റ്റംസ് തെരച്ചില്‍ തുടരുകയാണ്.
സരിത്തിനെ ഒന്നാം പ്രതിയാക്കിയാണ് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . സ്വപ്ന രണ്ടാം പ്രതിയും ഫൈസല്‍ ഫരീദ് മൂന്നാം പ്രതിയും സന്ദീപ് നാലാം പ്രതിയുമാണ്. ഫൈസല്‍ ഫരീദിനു വേണ്ടിയാണ് സ്വര്‍ണം എത്തിച്ചെതെന്നാണ് സരിതിന്റെ വെളിപ്പെടുത്തല്‍. ഇതേത്തുടര്‍ന്നാണ് ഫൈസലിനെ മൂന്നാം പ്രതിയാക്കിയത്.
Also Read: സ്വർണക്കടത്തിൽ എൻഐഎ കേസെടുത്തു; മുഖ്യകണ്ണി സന്ദീപ് തന്നെയെന്ന് കസ്റ്റംസ്
സ്വപ്നയെ കേസില്‍ പ്രതിചേര്‍ത്തതായും യുഎപിഎ വകുപ്പുകള്‍ ചുമത്തിയതായും എന്‍ഐഎ. ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. യുഎപിഎയിലെ 16, 17, 18 എന്നീ വകുപ്പുകളാണ് സ്വപ്‌നക്കെതിരെ ചുമത്തിയത്. സ്വര്‍ണ കടത്ത് ഭീകര പ്രവര്‍ത്തനതിന് വേണ്ടി ഉപയോഗിക്കാന്‍ സാധ്യതയുണ്ടന്ന നിഗമനത്തിലാണ് ഈ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ ചുമത്തുന്നത്.
കേസില്‍ സ്വപ്നയുടെ പങ്ക് സംശയാസ്പദമാണെന്നാണ് എന്‍ഐഎയെ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഒളിവില്‍ പോയ സ്വപ്‌നയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ പങ്ക് വ്യക്തമാവൂയെന്നും എന്‍ഐഎയെ ബോധിപ്പിച്ചു. സ്വപ്നയുടെ മൂന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ഇന്ന് രാവിലെ കേസ് രജിസ്റ്റര്‍ ചെയ്യ്ത വിവരം അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചത്.
സന്ദീപ്, സ്വപ്ന, സരിത്ത് എന്നിവര്‍ സ്വര്‍ണക്കടത്തില്‍ പങ്കാളികളാണന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കി. സ്വര്‍ണക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യമാണ്. സ്വപ്ന വേറെ കേസിലും പ്രതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടത് എന്‍ഐഎ കോടതിയെന്നും കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.