scorecardresearch

രാജ്യത്തെ പൂര്‍ണമായി കച്ചവട താല്‍പര്യങ്ങള്‍ക്കു വിട്ടുനല്‍കുന്ന ബജറ്റ്: മുഖ്യമന്ത്രി

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വരുമാനം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്ന ഒന്നുംതന്നെ ഈ ബജറ്റിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വരുമാനം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്ന ഒന്നുംതന്നെ ഈ ബജറ്റിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

author-image
WebDesk
New Update
pinarayi vijayan, പിണറായി വിജയൻ, പിണറായി , CM, Kerala CM, മുഖ്യമന്ത്രി, independence day message, സ്വാതന്ത്ര്യ ദിന സന്ദേശം, independence day, സ്വാതന്ത്ര്യ ദിനം, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: നവ ഉദാരവല്‍ക്കരണ പ്രക്രിയകളെ പൂര്‍വാധികം ശക്തിയോടെ നടപ്പാക്കുമെന്ന എന്‍ഡിഎ സര്‍ക്കാര്‍ പ്രഖ്യാപനത്തിന്‍റെ പ്രതിഫലനമാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ പൊതുസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനും ഇന്‍ഷുറന്‍സ് മേഖലയിലടക്കം വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനും നിർദേശങ്ങളുള്ള ബജറ്റ് എല്ലാ മേഖലകളില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയും അങ്ങനെ രാജ്യത്തെ പൂര്‍ണമായി കച്ചവട താല്‍പര്യങ്ങള്‍ക്കു വിട്ടുനല്‍കുകയും ചെയ്യുന്നതാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.

Advertisment

"ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കാര്‍ഷികമേഖലയില്‍നിന്നും പൂര്‍ണമായി പിന്‍വാങ്ങി അതിനെ സ്വകാര്യ കുത്തകകള്‍ക്കായി തുറന്നുകൊടുത്ത പുതിയ കാര്‍ഷിക നയങ്ങളുടെ പാതയില്‍ തന്നെ ഇനിയും തങ്ങള്‍ മുന്നോട്ടുസഞ്ചരിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ഏറ്റുപറച്ചില്‍ കൂടിയാവുകയാണ് ഈ ബജറ്റ്. കര്‍ഷകസംഘടനകളുമായി നടത്തിയ ചര്‍ച്ചകള്‍ എല്ലാം തന്നെ കേവലം നാടകങ്ങളായിരുന്നു എന്നും വിവാദ നിയമങ്ങള്‍ പിന്‍വലിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്നുമുള്ളതിന്‍റെ സ്ഥിരീകരണം കൂടിയാണ് ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഈ ബജറ്റിലൂടെ നടത്തിയിരിക്കുന്നത്," മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Read More: ഈ ബജറ്റ് വളർച്ചയെ സഹായിക്കും; ധനമന്ത്രിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുന്നതിനുപകരം അവര്‍ക്ക് കൂടുതല്‍ കടം ലഭ്യമാക്കുന്ന നടപടിയാണ് കേന്ദ്രം കൈക്കൊള്ളുന്നതെന്നും ഇത് അവരെ കൂടുതല്‍ കടക്കെണിയിലാക്കും എന്നതല്ലാതെ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉതകുകയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാര്‍ഷിക മേഖലകളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കാനേ ഇത് ഉപകരിക്കൂ. കാലാകാലങ്ങളില്‍ കര്‍ഷകസംഘടനകള്‍ മുന്നോട്ടുവെച്ചിട്ടുള്ള ഫോര്‍മുല (C2+50%) പ്രകാരം താങ്ങുവില പ്രഖ്യാപിക്കാന്‍ പോലും കേന്ദ്രം തയ്യാറായിട്ടില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.

Advertisment

കോവിഡ് മഹാമാരി പശ്ചാത്തലത്തില്‍ വരുമാനം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്ന ഒന്നുംതന്നെ ഈ ബജറ്റിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  "സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നിരക്കുകളിലെ വര്‍ധനവ്, വരുമാനനികുതിയിലെ ഇളവ്, ചെറുകിട കച്ചവടക്കാര്‍ക്കും വ്യവസായങ്ങള്‍ക്കും ഉള്ള പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങിയവയൊന്നും തന്നെ ഈ ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഇടംപിടിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ജനസാമാന്യത്തെ നിരാശപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര ധനകാര്യമന്ത്രി," മുഖ്യമന്ത്രി പറഞ്ഞു.

Read More: ബ്രേക്ക് ശരിയാക്കാൻ പറ്റില്ല, ഹോണിന്റെ ശബ്ദം കൂട്ടിവയ്‌ക്കാം; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ശശി തരൂർ

സാമ്പത്തിക അസമത്വം ഉയര്‍ന്നുനില്‍ക്കുന്ന ഇന്ത്യയില്‍ അത് ഇനിയും വര്‍ധിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനങ്ങളില്‍നിന്ന് വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫാം സെസ് എന്ന പേരില്‍ പെട്രോളിനും ഡീസലിനും ഇന്ധന സെസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അത് വിലക്കയറ്റം വര്‍ധിപ്പിക്കുന്നതിനും പൊതുജനങ്ങളെ കൂടുതല്‍ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് തള്ളിവിടുന്നതിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

"ഇരുമ്പിനും സ്റ്റീലിനും വൈദ്യുതിക്കുമെല്ലാം വിലകൂടുന്ന നിര്‍ദേശങ്ങളാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതാകട്ടെ വളരെ വലിയൊരു വിഭാഗം ആളുകള്‍ തൊഴില്‍ ചെയ്യുന്ന നിര്‍മാണമേഖലയെ പ്രതികൂലമായി ബാധിക്കും. ഇന്ത്യന്‍ സാമ്പത്തികരംഗം വലിയ പ്രതിസന്ധിയില്‍ കൂടി കടന്നുപോകുമ്പോഴും രാജ്യത്തെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ജനങ്ങളുടെ കൈകളില്‍ കൂടുതല്‍ പണമെത്തിക്കാനുള്ള നടപടികള്‍ ഉണ്ടാകുന്നില്ല എന്നത് നിരാശാജനകമാണ്," മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Read More: ജനപ്രിയ പ്രഖ്യാപനങ്ങളില്ല; പരിഷ്കരണത്തിനു പ്രാധാന്യം: കേന്ദ്ര ബജറ്റിനെക്കുറിച്ച് 10 കാര്യങ്ങൾ

"ലോകത്തെ തന്നെ ഏറ്റവും വലിയ ഡിജിറ്റല്‍ ഡിവൈഡുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇവിടെ ഡിജിറ്റല്‍ സെന്‍സസ് നടപ്പാക്കുമെന്ന പ്രഖ്യാപനം അടിയന്തരമായി പുനഃപരിശോധിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ കാര്യക്ഷമമായി ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും കൃത്യമായ സ്ഥിതിവിവര കണക്കുകള്‍ അത്യന്ത്യാപേക്ഷിതമാണ്. അവ തയ്യാറാക്കുന്നതിന് ഡിജിറ്റല്‍ സെന്‍സസ് വലിയ വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ സംശയമില്ല." മുഖ്യമന്ത്രി പറഞ്ഞു.

അടിസ്ഥാനസൗകര്യ വികസനത്തിനായി ഡെവലപ്മെന്‍റ് ഫിനാന്‍സ് ഇന്‍സ്റ്റിറ്റ്യൂഷന്‍ (ഡിഎഫ്ഐ) സ്ഥാപിക്കുമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. അടിസ്ഥാനസൗകര്യ വികസനത്തിനായി സ്വകാര്യമേഖലയില്‍ നിന്നുള്‍പ്പെടെ ഡിഎഫ്ഐ നിക്ഷേപം സ്വീകരിക്കുമെന്നാണ് മനസ്സിലാക്കുന്നത്. കിഫ്ബി ഭരണഘടനാവിരുദ്ധമാണെന്ന് പറയുന്നവര്‍ തന്നെ കിഫ്ബിയിലൂടെ കേരളം മുന്നോട്ടുവെച്ച മാതൃക പിന്തുടരുന്നു എന്നത് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: