/indian-express-malayalam/media/media_files/uploads/2021/04/cm-pinarayi-vijayan-press-meet-on-covid-situation-485838-FI.jpg)
തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വളരെ വിജയകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനത്തിന് കുറവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 3600 കേസുകളാണ് സ്ഥിരീകരിച്ചത്. എറണാകളും ജില്ലയില്‍ 4282ഉം തൃശൂര്‍ ജില്ലയില്‍ 2888ഉം മലപ്പുറം ജില്ലയില്‍ 4212ഉം കേസുകളാണുള്ളത്. ''നിയന്ത്രണങ്ങള്‍ ഫലം കണ്ടുതുടങ്ങിയെന്നു വേണം കേസുകളുടെ എണ്ണം കുറയുന്നതില്‍നിന്ന് അനുമാനിക്കാന്‍. എന്നാല്‍ നിയന്ത്രണങ്ങള്‍ക്ക് അയവുവരുത്താന്‍ സമയമായിട്ടില്ല. ഇപ്പോള്‍ പുലര്‍ത്തിവരുന്ന ജാഗ്രത ഇതുപോലെ തുടരേണ്ടതുണ്ട്,'' മുഖ്യമന്ത്രി വ്യക്തമാക്കി.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയ നാല് ജില്ലകളില്‍ ടിപിആര്‍ റേറ്റ് കുറഞ്ഞുവരുന്നുണ്ട്. ആകെ രോഗികളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നുണ്ടെങ്കിലും പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ കാര്യമായി കുറവുണ്ടെങ്കില്‍ മാത്രമേ ലോക്ക്ഡൗണില്‍ ഇളവ് എന്ന കാര്യത്തില്‍ ആലോചിക്കാന്‍ കഴിയൂ.
തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്നുദിവസമായി 26.03 ശതമാനമാണ് ടിപിആര്‍ റേറ്റ്. എറണാകുളത്ത് 23.02ഉം തൃശൂരില്‍ 26.04ഉം മലപ്പുറത്ത് 33.03 ശതമാനവുമാണ് മൂന്നുദിവസത്തെ ശരാശരി. സംസ്ഥാന ശരാശരി കഴിഞ്ഞ മൂന്നുദിവസമായി 24.5 ശതമാനമാണ്. ഇന്ന് സംസ്ഥാന ശരാശരി 23.29 ആയിട്ടുണ്ട്.
സ്ഥിരീകരിച്ച കേസുകളുടെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെയും ആഴ്ചവച്ചുള്ള കണക്കെടുത്താല്‍ രോഗവ്യാപനം ഗണ്യമായി കുറഞ്ഞുവരികയാണ്.
Also Read: പോസിറ്റിവിറ്റി നിരക്ക് കുറയുന്നു; 200 ജില്ലകളിൽ പുതിയ കേസുകൾ കുറഞ്ഞു
ഏപ്രില്‍ 14 മുതല്‍ 20 വരെയുള്ള ആഴ്ചയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 92,248 കേസുകളായിരുന്നു. ആ ആഴ്ചയിലെ ടിപിആര്‍ 15.5 ശതമാനം. ടിപിആറിലെ വളര്‍ച്ചാനിരക്ക് തൊട്ടുമുമ്പത്തെ ആഴ്ചയേക്കാള്‍ 69.2 ശതമാനമായിരുന്നു. കേസുകളുടെ എണ്ണത്തില്‍ 134.7 ശതമാനം വര്‍ധനയാണുണ്ടായത്.
28 മുതല്‍ മേയ് നാലുവരെയുള്ള ആഴ്ചയിലെ കേസുകളുടെ എണ്ണം 2,41,615. ടിപിആര്‍ 25.79. ടിപിആറിലെ വര്‍ധന 21.23 ശതമാനം. കേസുകളുടെ എണ്ണത്തിലെ വര്‍ധന 28.71 ശതമാനം.
ഇക്കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ച കേസുകള്‍ 2,33,301. ആഴ്ചയിലെ ടിപിആര്‍ 26.44 ശതമാനമാണ്. മുന്‍ ആഴ്ചയില്‍നിന്ന് ടിപിആര്‍ 3.15 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കേസുകളുടെ എണ്ണത്തില്‍ 12.1 ശതമാനം കുറവും രേഖപ്പെടുത്തി. അതായത് കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 12.1 ശതമാനം കുറഞ്ഞു.
നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് സംസ്ഥാനത്തെമ്പാടുമായി 40,000 പൊലീസുകാരെയാണ് ഇപ്പോള്‍ നിയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം അറിയിച്ചിരുന്നതുപോലെ പരിശീലനത്തിലുള്ള 3,000ത്തോളം പൊലീസുകാര്‍ ഇപ്പോള്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വള്ണ്ടിയര്‍മാരായി ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ വീടിനു പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കുന്ന ചുമതല പൊലീസ് നിര്‍വഹിക്കുന്നുണ്ട്. ഇതിനായി സംസ്ഥാനത്തൊട്ടാകെ 3,000 പൊലീസ് മൊബൈല്‍ പട്രോള്‍ സംഘങ്ങളെയാണ് വിന്യസിച്ചത്.
ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ മൊബൈല്‍ ആപ്പ് സംവിധാനവും ഉപയോഗിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ ഹോം ക്വാറന്റൈന്‍ ലംഘിച്ചതിന് 597 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.