/indian-express-malayalam/media/media_files/uploads/2021/04/cm-pinarayi-vijayan-press-meet-on-covid-situation-485838-FI.jpg)
തിരുവനന്തപുരം: മലബാർ കലാപത്തിന് നേതൃത്വം നല്‍കിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും സഹപ്രവര്‍ത്തകരെയും സ്വാതന്ത്ര്യ സമര സേനാനികളായി എല്ലാവരും അംഗീകരിച്ചതാണെന്നും അവരെ സമരത്തിന്‍റെ ഭാഗമല്ലെന്ന് നിശ്ചയിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ളവരെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് കേന്ദ്ര സർക്കാർ നീക്കിയത് സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
"മലബാര്‍ കാര്‍ഷിക കലാപത്തിന് നേതൃത്വം നല്‍കിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും സഹപ്രവര്‍ത്തകരെയും സ്വാതന്ത്ര്യ സമര സേനാനികളായി എല്ലാവരും അംഗീകരിച്ചതാണ്. സ്വാതന്ത്ര്യ സമര സേനാനി ലിസ്റ്റില്‍ നിന്ന് കേന്ദ്രം അവരെ നീക്കിയതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് അടിസ്ഥാനം," മുഖ്യമന്ത്രി പറഞ്ഞു.
"ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ സംബന്ധിച്ച് യാതൊരു ധാരണയുമില്ലാത്ത ഒരു കൂട്ടം ആളുകളാണ് ഇത്തരമൊരു സമീപനം സ്വീകരിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനം ഏതെങ്കിലുമൊരു രീതിയില്‍ മാത്രം നടന്ന ഒന്നല്ല. അതില്‍ സഹനസമരമുണ്ട്, വ്യക്തി സത്യഗ്രഹങ്ങള്‍ ഉണ്ട്, ബഹുജന മുന്നേറ്റമുണ്ട്, കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് നടത്തിയ സമരമുണ്ട്, ആയുധമേന്തിയ പോരാട്ടങ്ങളുമുണ്ട്."
"വ്യത്യസ്ത രാഷ്ട്രീയ പാര്‍ടികളും കാഴ്ചപ്പാടുകളും ഇത്തരം സമരങ്ങള്‍ നടത്തുമ്പോള്‍ അവയ്ക്കെല്ലാം ഒറ്റ ലക്ഷ്യമാണുണ്ടായത്. ബ്രിട്ടീഷുകാരെ ഈ രാജ്യത്ത് നിന്ന് പുറത്താക്കുകയെന്നതാണ്. അതിനുശേഷം ഏതുതരത്തിലുള്ള ഭരണസംവിധാനമാണ് ഉണ്ടാക്കേണ്ടെതെന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ പലര്‍ക്കും ഉണ്ടായിരുന്നു. അങ്ങനെ അഭിപ്രായങ്ങള്‍ പുലര്‍ത്തിയതുകൊണ്ട് അവര്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമല്ലെന്ന് നിശ്ചയിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഈ പൊതുകാഴ്ചപ്പാടാണ് ഇക്കാര്യത്തില്‍ നാം സ്വീകരിക്കേണ്ടത്," മുഖ്യമന്ത്രി പറഞ്ഞു.
Read More: വാരിയംകുന്നനെ ഒഴിവാക്കിയതിനെതിരെ എംപിമാർ ഒറ്റക്കെട്ട്; നടപടി പിൻവലിക്കാൻ പാർലമെന്റിൽ ആവശ്യപ്പെടും
"മലബാര്‍ കലാപമെന്ന് ആ സമരത്തെ അന്ന് വിളിച്ചത് മുഹമ്മ് അബ്ദുള്‍ റഹിമാനായിരുന്നു. അതിനകത്തെ കാര്‍ഷിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് മലബാറിലെ കാര്‍ഷിക കലാപമെന്നും കമ്മ്യൂണിസ്റ്റുകാര്‍ വിലയിരുത്തി."
"1921 ലെ മലബാര്‍ കലാപം ബ്രിട്ടീഷുകാര്‍ക്കെതിരായ സമരമായിരുന്നെന്ന് ആര്‍ക്കും നിഷേധിക്കാനാവില്ല. അതോടൊപ്പം തന്നെ ബ്രിട്ടീഷുകാരുടെ സഹായികളായി വര്‍ത്തിച്ച ജന്മിമാര്‍ക്കെതിരായുള്ള സമരമായും അത് വികസിക്കുകയായിരുന്നു. ചില മേഖലകളില്‍ മലബാര്‍ കലാപത്തെ തെറ്റായ നിലയിലേക്ക് ചിലര്‍ കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അതിനെ ആ നിലയില്‍ തന്നെ കാണേണ്ടതുണ്ട്," മുഖ്യമന്ത്രി പറഞ്ഞു.
"വാരിയന്‍കുന്നത്താവട്ടെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്‍റെ ഭാഗമായി അവരെ സഹായിച്ച എല്ലാ മതസ്തരെയും അതിന്‍റെ പേരില്‍ എതിര്‍ത്തിട്ടുണ്ടെന്നത് ചരിത്ര യാഥാര്‍ത്ഥ്യമാണ്. ഖാന്‍ ബഹുദൂര്‍ ചേക്കുട്ടി, തയ്യില്‍ മൊയ്തീന്‍ തുടങ്ങിയവരെ ഉള്‍പ്പെടെ കൊലപ്പെടുത്തുകയാണ് അവര്‍ ചെയ്തത്. അതേസമയം നിരപരാധികളെ കൊലപ്പെടുത്തുകയും മറ്റും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിലപാടാണ് വാരിയന്‍കുന്നത്ത് സ്വീകരിച്ചിരുന്നതെന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു."
Read More: മലബാര്‍ കലാപം ഇപ്പോഴും വിവാദത്തിലാകുന്നത് എന്തുകൊണ്ട്?
"മലബാര്‍ കലാപത്തെക്കുറിച്ച് എഴുതിയ മാധവമേനോനെ വാരിയന്‍കുന്നത്ത് സന്ദര്‍ശിക്കുന്ന സന്ദര്‍ഭം അദ്ദേഹം എഴുതുന്നുണ്ട്. അവിടെ നടന്ന തെറ്റായ പ്രവണതകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അവ അവസാനിപ്പിക്കാന്‍ തന്നെയാണ് താന്‍ വന്നതെന്ന് വാരിയന്‍കുന്നത്ത് പറഞ്ഞതായി മാധവമേനോന്‍ രേഖപ്പെടുത്തുന്നുണ്ട്."
"സര്‍ദാര്‍ ചന്ദ്രോത്ത് 1946 ല്‍ ദേശാഭിമാനിയില്‍ ഇക്കാര്യം രേഖപ്പെടുത്തുന്നുണ്ട്. ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ചുനിര്‍ത്തിക്കൊണ്ടുള്ള രാജ്യമെന്ന കാഴ്ചപ്പാടാണ് മുന്നോട്ടുവച്ചത്. മതരാഷ്ട്രവാദം തന്‍റെ ലക്ഷ്യമേയല്ലെന്ന് അദ്ദേഹം പറഞ്ഞ കാര്യം ചന്ദ്രോത്ത് രേഖപ്പെടുത്തുന്നുണ്ട്."
"മലബാര്‍ കലാപം ഹിന്ദു-മുസ്ലീം സംഘര്‍ഷത്തിന്‍റേതാണെന്ന പ്രചരണം രാജ്യത്തെമ്പാടും വന്നപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് വാരിയന്‍കുന്നത്ത് എഴുതിയ കത്ത് ഹിന്ദു പത്രം അടുത്ത കാലത്ത് തന്നെ പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ഈ ആരോപണത്തെ ശക്തമായി വാരിയന്‍കുന്നത്ത് നിഷേധിക്കുന്നുണ്ട്," മുഖ്യമന്ത്രി പറഞ്ഞു.
Read More: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി; സ്വതന്ത്ര രാജ്യം പ്രഖ്യാപിച്ച ഖിലാഫത്ത് നേതാവ്
"ഇ മൊയ്തു മൗലവിയുടെ ആത്മകഥയിലും വാരിയന്‍കുന്നത്തിനെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്ന രീതിയല്ല സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ബ്രിട്ടീഷ് വിരുദ്ധ നിലപാട് സ്വീകരിക്കുകയും മതരാഷ്ട്രവാദത്തെ എതിര്‍ക്കാനും വിഭിന്നമായ നീക്കങ്ങളെ തടയാനും ശിക്ഷിക്കാനും മുന്നിട്ട് നിന്നതാണ് വാരിയന്‍കുന്നത്തിന്‍റെ പാരമ്പര്യമെന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്," മുഖ്യമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.