/indian-express-malayalam/media/media_files/uploads/2023/03/congress-protest.jpg)
തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍. സ്പീക്കര്‍ക്കെതിരെ കടുത്ത മുദ്രാവാക്യങ്ങളാണ് എംഎല്‍എമാര്‍ ഉയര്‍ത്തിയത്. സ്പീക്കര്‍ മുഖ്യമന്ത്രിയുടെ വാല്യക്കാരാകുന്നുവെന്ന് ആക്ഷേപിച്ചു.
സ്പീക്കറുടെ ഓഫിസിന് മുന്നിലേക്ക് എംഎല്‍എമാര്‍ എത്തിയതോടെ വാച്ച് ആന്‍ വാര്‍ഡിന് സംഘത്തിന് ഇടപെടേണ്ടി വന്നു. ഇത് ഉന്തും തള്ളിലേക്കും എത്തുകയും ചെയ്തു. നിയമസഭ പിരിഞ്ഞതിന് ശേഷം സ്പീക്കര്‍ക്ക് ഓഫിസിലേക്ക് എത്താനായിട്ടില്ല. പ്രതിഷേധം കടുത്തതോടെ ഭരണപക്ഷ എംഎല്‍മാരായ സച്ചിന്‍ ദേവ്, അന്‍സലന്‍ എന്നിവര്‍ ഓഫിസിന് മുന്നിലെത്തിയിട്ടുണ്ട്.
ഭരണപക്ഷ എംഎല്‍എമാരും ഓഫിസിന് മുന്നിലെത്തിയതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. ഇതിനിടെ വാച്ച് ആന്‍ഡ് വാര്‍ഡ് പ്രതിഷേധിച്ച എംഎല്‍എമാരെ ബലം പ്രയോഗിച്ച് നീക്കാനുള്ള ശ്രമം നടത്തി. വനിത എംഎല്‍എമാരായ കെ കെ രമ, ഉമ തോമസ് എന്നിവരെ വാച്ച് ആന്‍ഡ് വാര്‍ഡ് തള്ളി മാറ്റിയെന്നും ആക്ഷേപമുണ്ട്.
മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വാച്ച് ആന്‍ഡ് വാര്‍ഡും തമ്മില്‍ വാക്കു തര്‍ക്കവും ബലപ്രയോഗവും നടന്നു. ഇതിനിടെ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് തളര്‍ന്ന് വീഴുകയും ചെയ്തു. സനീഷിനെ വാച്ച് ആന്‍ഡ് വാര്‍ഡ് പ്രതിഷേധ സ്ഥലത്ത് നിന്ന് അടിയന്തരമായി പുറത്തെത്തിച്ചു.
സമാധാനാമായിട്ട് സ്പീക്കര്‍ക്കെതിരെ സമരം ചെയ്യാനെത്തിയ തങ്ങളെ വലിച്ചിഴച്ചെന്ന് വടകര എംഎല്‍എ കെ കെ രമ പറഞ്ഞു. "സ്പീക്കറെ തടയാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല, പ്രതിഷേധിക്കുക മാത്രമായിരുന്നു ലക്ഷ്യം. ഇതിനിടയില്‍ വാച്ച് ആൻഡ് വാര്‍ഡ് വന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറി. ഇതാണ് വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചത്," രമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഭരണപക്ഷ എംഎല്‍എമാരെത്തി വളരെ മോശമായ രീതിയില്‍ മുദ്രാവാക്യം വിളിച്ചെന്നും രമ ആരോപിച്ചു. "നാല് വനിത വാച്ച് ആൻഡ് വാര്‍ഡുകള്‍ ചേര്‍ന്ന് എന്റെ കയ്യിലും കാലിലും പിടിച്ച് വലിച്ചിഴയ്ക്കുകയായിരുന്നു. കൈക്ക് പരുക്കേറ്റിട്ടുണ്ട്, വേദനയുണ്ട്. എച്ച് സലാം തൊഴിക്കാന്‍ വരെ ശ്രമിച്ചു," രമ കൂട്ടിച്ചേര്‍ത്തു.
നിയമസഭയിലെ സംഘര്‍ഷം: പ്രതിപക്ഷ എംഎല്‍എമാര്‍ പരാതി നല്‍കി; സ്പീക്കര്‍ യോഗം വിളിച്ചു
നിയമസഭയിലെ സംഘര്‍ഷത്തിന് പിന്നാലെ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍, കെ കെ രമ, ഉമ തോമസ്, സനീഷ് കുമാര്‍ ജോസഫ്, ടി വി ഇബ്രാഹിം, എകെഎം അഷ്റഫ് എന്നിവരാണ് പരാതി നല്‍കിയത്.
എംഎല്‍എമാരെ മര്‍ദിച്ച വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ക്ക് എതിരെ നടപടി വേണമെന്നാണ് ആവശ്യം. അതേസമയം നിയമസഭയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. നാളെ രാവിലെ 8 മണിക്കാണ് യോഗം. യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.