scorecardresearch

ബ്രഹ്മപുരം തീപിടിത്തം: പ്രത്യേക സംഘം അന്വേഷിക്കും; കൃത്രിമ മഴയുടെ സാധ്യത തേടിയിരുന്നെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ ദിവസങ്ങളില്‍ നിയമസഭയില്‍ ബ്രഹ്മപുരം വിഷയം എത്തിയെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല

Brahmapuram, Pinarayi Vijayan, Assembly

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കുന്നതിന് പരിശ്രമിച്ചവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. തീ അണയ്ക്കുന്നതിനായി കൃത്രിമ മഴയുള്‍പ്പടെയുള്ള മാര്‍ഗങ്ങള്‍ തേടിയിരുന്നതായും പ്രായോഗിമല്ലാത്തതിനാലാണ് ഉപേക്ഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

തീപിടിത്തവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് ഒരു വിജിലന്‍സ് അന്വേഷണം നടത്താനും തീരുമാനമായതായി മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രഹ്മപുരം തീപിടിത്തത്തില്‍ മുഖ്യമന്ത്രി ആദ്യമായാണ് പ്രതികരിക്കുന്നത്. ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. വിഷയത്തില്‍ ഇതുവരെ തുറന്ന പ്രതികരണത്തിന് മുഖ്യമന്ത്രി തയാറാകാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചത്. മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ നിയമസഭയില്‍ ബ്രഹ്മപുരം വിഷയം എത്തിയെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ മുഖ്യമന്ത്രിയുടെ മൗനം ചര്‍ച്ചയായിരുന്നു. തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചെരുകയും അടിയന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

വിഷയത്തില്‍ ഹൈക്കോടതി ഇടപെടുകയും ജില്ലാ ഭരണകൂടത്തേയും കൊച്ചി കോര്‍പ്പറേഷനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിന് ശേഷമായിരുന്നു അടിയന്തരയോഗം ചേര്‍ന്നത്. ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൊണ്ടുപോകേണ്ടെന്ന് യോഗം തീരുമാനിച്ചിരുന്നു. തീയണച്ചതിന് ശേഷം ഉദ്യമത്തില്‍ പങ്കെടുത്തവരെ മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അഭിനന്ദിച്ചിരുന്നു.

12 ദിവസത്തെ പ്രയത്നത്തിനൊടുവിലായിരുന്നു ബ്രഹ്മപുരത്തെ തീ പൂര്‍ണമായും അണച്ചത്. കൊച്ചിയിലെ വിവിധ മേഖലകളില്‍ വിഷപ്പുകയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. ബ്രഹ്മപുരം മേഖലയിലും സമീപ പ്രദേശത്തുമുള്ള വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്ക് അവധി നല്‍കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Brahmapuram fire cm pinarayi vijayans special statement