/indian-express-malayalam/media/media_files/uploads/2019/04/ashkar-and-sachin.jpg)
"നിന്റെ സുഹൃത്തിനെ ഞങ്ങൾ കൊന്നു, നിന്നെയും കൊല്ലും. ഞങ്ങളുടെ ബസ് നീ കണ്ടിട്ടില്ലേ, അത് കയറ്റി കൊല്ലും," സച്ചിന്റെ കാതുകളിൽ ഇപ്പോഴും ഈ വാക്കുകൾ മുഴങ്ങുന്നുണ്ട്. കല്ലട ബസ് ജീവനക്കാരുടെ ക്രൂര മർദനത്തിന് ഇരയായശേഷം രക്ഷപ്പെടാൻ മണിക്കൂറുകൾ ഓടിയ ആ രാത്രി വയനാട് സുൽത്താൻ ബത്തേരി സ്വദേശി സച്ചിനും എടപ്പാൾ സ്വദേശി അഷ്കറിനും ഇപ്പോഴും മറക്കാനായിട്ടില്ല.
രണ്ടു യുവാക്കളെ കല്ലട ബസ് ജീവനക്കാർ കൂട്ടമായി മർദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെയാണ് ആദ്യം പുറത്തുവന്നത്. വാർത്തയായതോടെ പൊലീസ് നടപടിയുണ്ടായി. സംഭവുമായി ബന്ധപ്പെട്ട് എട്ടോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ തുടക്കത്തിൽ പൊലീസുകാർ സ്വീകരിച്ച നിസംഗ മനോഭാവവും ഇപ്പോൾ മറ്റ് വിഷയങ്ങളിലേക്ക് ചർച്ച വഴിതിരിയുന്നതും കേസ് ഒതുക്കാനുളള ശ്രമത്തിന്റെ ഭാഗമാണെന്ന് സച്ചിനും അഷ്കറും വിശ്വസിക്കുന്നു.
Read More: സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ ചിറ്റില്ല; പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് പൊലീസ്
സംഭവം ഇങ്ങനെ
തമിഴ്നാട്ടിലെ സ്വകാര്യ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് സച്ചിനും അഷ്കറും. ആലപ്പുഴ ഹരിപ്പാടിലുളള സുഹൃത്തിന്റെ വീട്ടിൽ ഈസ്റ്റർ ആഘോഷിച്ചശേഷം മടങ്ങുകയായിരുന്നു ഇരുവരും. രാത്രിയിൽ സുഖമായി ഉറങ്ങാം എന്ന ഉദ്ദേശ്യത്തോടെയാണ് കല്ലട ബസ് തിരഞ്ഞെടുത്തത്. ഇരുവരും കല്ലട ബസിൽ ആദ്യമായാണ് യാത്ര ചെയ്യുന്നത്.
"ഹരിപ്പാട് നിന്ന് കരുവാറ്റ എത്തിയപ്പോഴേക്കും ബസ് ബ്രേക്ക് ഡൗണായി. കുറേ നേരമായിട്ടും ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഇല്ലാതെ വന്നതോടെ യാത്രക്കാരും ജീവനക്കാരും തമ്മിൽ വാക്കുതർക്കം തുടങ്ങി. കുടിക്കാൻ പോലും വെള്ളം കിട്ടാത്ത സ്ഥലമായിരുന്നു അത്. വൈറ്റില ഓഫിസിലേക്ക് വിളിച്ചപ്പോഴും പ്രതികരണം മോശമായിരുന്നു," സച്ചിൻ പറയുന്നു.
/indian-express-malayalam/media/media_files/uploads/2019/04/sachin-2.jpg)
പിന്നീട് ഹരിപ്പാട് സിഐ വന്ന ശേഷമാണ് പകരം ബസ് വിടാൻ തീരുമാനമായത്. അപ്പോൾ തന്നെ മൂന്നരമണിക്കൂർ വൈകിയിരുന്നു. ബസ് വൈറ്റിലയിൽ എത്തിയ ശേഷമാണ് വിദ്യാർഥികൾ ആക്രമണത്തിന് ഇരയാകുന്നത്.
"വൈറ്റിലയിൽ എത്തിയപ്പോൾ അഞ്ചോ ആറോ പേർ ബസിലേക്ക് കയറി വന്നു. പൊലീസിനെ വിളിച്ചത് എന്തിനാണെന്ന് ചോദിച്ച് ഞങ്ങളുടെ നേർക്ക് വരികയായിരുന്നു. ഞങ്ങളും തിരിച്ച് പ്രതികരിച്ചതോടെ ബസിൽനിന്നും ഞങ്ങളെ പുറത്തേക്ക് ഇറക്കി. പുറത്തിറങ്ങുമ്പോൾ കാണുന്നത് തലയ്ക്കടിയേറ്റ് അജയ് ഘോഷ് എന്ന യാത്രക്കാരൻ നിലത്ത് കിടക്കുന്നതാണ്. പുറത്തിറങ്ങിയ ഉടൻ അഷ്കറിന്റെ കൈയ്യിൽ നിന്ന് അവർ ബാഗ് പിടിച്ചു വാങ്ങി" സച്ചിൻ പറഞ്ഞു.
ബസിൽ നിന്നും പുറത്തിറങ്ങിയ സച്ചിനെയും അഷ്കറിനെയും മർദിക്കാൻ തുടങ്ങിയപ്പോൾ ഇരുവരും വഴിപിരിഞ്ഞ് ഓടി. ഓടുന്നതിനിടയിൽ കൺട്രോൾ റൂമിൽ വിളിച്ച് കാര്യം പറഞ്ഞത് അഷ്കറായിരുന്നു.
"കൺട്രോൾ റൂമിൽ വിളിച്ച് ഞാൻ എന്റെ ലോക്കേഷൻ പറഞ്ഞുകൊടുത്തു. സച്ചിന് അവൻ നിൽക്കുന്ന സ്ഥലം ഏതാണെന്ന് അറിയില്ലായിരുന്നു. അഞ്ച് മിനിറ്റിനുള്ളിൽ പൊലീസ് വന്നു. എനിക്ക് വേറൊരു അത്യാവശ്യ കോൾ വന്നുവെന്നും അവിടെ പോയിട്ട് വരുമ്പോഴേക്കും നീ നിന്റെ കൂട്ടുകാരനെ കണ്ടുപിടിക്കെന്ന് പൊലീസുകാരൻ പറഞ്ഞു. എങ്ങനെയെങ്കിലും സഹായിക്കണമെന്ന് അഭ്യർഥിച്ചെങ്കിലും കാര്യമുണ്ടായില്ല. ആ സർ പോയി," അഷ്കർ പറഞ്ഞു.
ഈ സമയം അഷ്കറിനെ സച്ചിൻ ഫോണിൽ വിളിച്ച് താൻ ടാറ്റ മോട്ടേഴ്സിന് അടുത്തുണ്ടെന്ന് പറയുന്നു. അഷ്കർ അങ്ങോട്ടേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിൽ അക്രമി സംഘം അഷ്കറിനെ പിടികൂടി. അഷ്കറിന്റെ ഫോണിൽ നിന്നും സച്ചിനെ വിളിച്ച സംഘം നിന്റെ കൂട്ടുകാരനെ കൊല്ലുമെന്നും സച്ചിൻ എവിടെയാണുളളതെന്നും പറയാൻ ആവശ്യപ്പെട്ടു. സച്ചിൻ സ്ഥലം പറഞ്ഞതും അക്രമി സംഘം അവിടെയെത്തി പിടികൂടി.
" അവിടെനിന്നും എന്നെ സ്കൂട്ടിയുടെ പുറകിൽ കയറ്റി അവരുടെ ഓഫീസിലേക്ക് കൊണ്ടുപോയി. ഞങ്ങളെ വിടണമെന്ന് അപേക്ഷിച്ചിട്ടും കേട്ടില്ല. അവിടെ എത്തിയപ്പോൾ, നിങ്ങൾ കാരണം വലിയ നഷ്ടമാണ് ഉണ്ടായതെന്നും പറഞ്ഞ് മർദനം തുടങ്ങി," അഷ്കർ കൂട്ടിച്ചേർത്തു.
/indian-express-malayalam/media/media_files/uploads/2019/04/ashkar.jpg)
"പന്ത്രണ്ടോളം പേർ സംഘത്തിലുണ്ടായിരുന്നു. ബിയർ കുപ്പി അടക്കമുള്ളവ കൈയ്യിൽ വച്ചിട്ടായിരുന്നു മർദനം. ഇതിനിടയിൽ ഞങ്ങൾ രണ്ടുപേരും അവിടെനിന്നും വീണ്ടും രണ്ടുവഴിക്കായി ഓടി. ഞാൻ വൈറ്റിലയുടെ സമീപത്തുളള ഏതോ ജംങ്ഷനിലെത്തി, ആ ജംങ്ഷൻ ഏതാണെന്ന് എനിക്ക് അറിയില്ല. അവിടെ എത്തിയപ്പോൾ എനിക്ക് എന്താ പറ്റിയതെന്ന് പോലും ആരും ചോദിച്ചില്ല" സച്ചിൻ പറയുന്നു.
"എന്റെ ലൊക്കേഷൻ മനസിലാക്കി അജയ്ഘോഷും കുറച്ച് പൊലീസുകാരും അഷ്കറെയും കൂട്ടി എന്റെ അടുത്തെത്തി. കേസ് ഫയൽ ചെയ്യണമെന്ന് ഞങ്ങൾ പറഞ്ഞു. അപ്പോൾ പൊലീസ് ഞങ്ങളോട് ആശുപത്രിയിൽ പോകാൻ ആവശ്യപ്പെട്ടു. ഞങ്ങളുടെ കൂടെ ആരെങ്കിലും വരണമെന്ന് പറഞ്ഞപ്പോൾ അവർ തയ്യാറായില്ല. ഞങ്ങളോട് ആശുപത്രിയിൽ പോയി അഡ്മിറ്റാകാനും നാളെ വന്ന് മൊഴിയെടുക്കാമെന്നും പൊലീസ് പറഞ്ഞു.''
പൊലീസിന്റെ നിസംഗത കണ്ടതോടെ സഹായിക്കില്ലെന്ന് ഉറപ്പായി. നാട്ടുകാരും ഞങ്ങളെ സഹായിക്കില്ലെന്ന് ഉറപ്പായതോടെയാണ് അവിടെ നിന്ന് പോകാൻ തീരുമാനിച്ചത്. അപ്പോഴും അവർ ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. കലൂർ വരെ ഒരു ഓട്ടോയിൽ എത്തി, അവിടെ നിന്നും മറ്റൊരു ഓട്ടോയിൽ ഇടപ്പള്ളിയിലെത്തി. അപ്പോഴേക്കും കൈയ്യിലെ പൈസ തീർന്നിരുന്നു. എടിഎം കാർഡിന്റെ പിൻ നമ്പർ മറന്നു പോയതിനാൽ മൂന്ന് നാല് തവണ ശ്രമിച്ചെങ്കിലും കാർഡ് ബ്ലോക്ക് ആയി. പിന്നീട് ജിഷ്ണു എന്ന കൂട്ടുകാരനെ വിളിച്ചുവരുത്തി. അവൻ രക്ഷപ്പെടുത്തി. അവിടെ നിന്നും ബസിൽ തൃശൂരിലും അവിടെ നിന്ന് ട്രെയിനിൽ തമിഴ്നാട്ടിലെ ഇ-റോഡിലുമെത്തിയത്. അവിടെ എത്തിയപ്പോൾ ആശുപത്രിയിൽ അഡ്മിറ്റായി" സച്ചിൻ പറഞ്ഞു നിർത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.