/indian-express-malayalam/media/media_files/uploads/2021/10/WhatsApp-Image-2021-10-06-at-1.19.40-PM.jpeg)
പാലക്കാട്: മലപ്പുറം കാടാമ്പുഴയിൽ പൂർണ ഗർഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് ഷരീഫിന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പ്രതി 2.75 ലക്ഷം രൂപ പിഴയൊടുക്കുകയും വേണം.
പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഇന്ന് ശിക്ഷാവിധിക്കു മുൻപ് പ്രതി ആത്മഹത്യാ ശ്രമം നടത്തി. പാലക്കാട് ജില്ലാ ജയിലിൽ വച്ച് കൈഞരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഷരീഫ് ഇതിനു മുൻപും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
2017 മേയിലാണ് നാടിനെ നടുക്കിയ ഇരട്ടക്കൊല നടന്നത്. കാടാമ്പുഴ തുവ്വപ്പാറ വലിയപീടിയേക്കല്‍ ഉമ്മുസല്‍മ (26), മകന്‍ മുഹമ്മദ് ദില്‍ഷാദ് (ഏഴ്) എന്നിവരെയാണ് ഷരീഫ് കൊലപ്പെടുത്തിയത്. ഭർത്താവുമായി പിരിഞ്ഞു വീട്ടിൽ കഴിയുകയായിരുന്ന ഉമ്മുസൽമയുമായി പ്രതി അടുപ്പത്തിലായിരുന്നു. ഉമ്മുസല്‍മ ഗര്‍ഭിണിയാകുകയും പ്രസവശേഷം ഷരീഫിനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയുംചെയ്തു. ഭാര്യയും മക്കളുമുള്ള ഷരീഫ് രഹസ്യബന്ധം പുറത്തറിയാതിരിക്കാന്‍ കൊല നടത്തിയെന്നാണ് കേസ്.
കൊല്ലപ്പെടുന്ന സമയത്ത് ഉമ്മുസല്‍മ പൂര്‍ണ ഗര്‍ഭിണിയായിരുന്നു. കഴുത്ത് ഞെരിച്ചുള്ള കൊലപാതകത്തിനിടെ ഉമ്മുസൽമ പാതി പ്രസവിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തു. ഉമ്മുസല്‍മയുടെയും മകൻ ദില്‍ഷാദിന്റെയും മൃതദേഹം അയൽവാസികൾ ദിവസങ്ങൾക്ക് ശേഷം പുഴുവരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Also Read: ജനകീയ ഗാനം നിലച്ചു
കൊലപാതകം, കൊല്ലണമെന്ന ലക്ഷ്യത്തോടെ വീട്ടില്‍ അതിക്രമിച്ചുകയറല്‍, ഗര്‍ഭസ്ഥശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് പ്രതിയുടെ പേരില്‍ ചുമത്തിയിരുന്നത്. ഇവയെല്ലാം പ്രോസിക്യൂഷൻ തെളിയിച്ചു. കൊലപാതകം ആത്മഹത്യയാക്കി തീർക്കാനുള്ള പ്രതിയുടെ ശ്രമങ്ങളും വിഫലമായിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ പൊലീസ് ശേഖരിച്ച സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിലാണ് ഷരീഫാണ് പ്രതിയെന്ന് കണ്ടെത്തിയത്.
മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻജിഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:
Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.