Latest News

ജനകീയ ഗാനം നിലച്ചു

കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ, ബാലവേദി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

Photo: Screen Grab

ആലപ്പുഴ: ശാസ്ത്ര സാഹിത്യ പരിഷത് മുൻ ജനറൽ സെക്രട്ടറിയും സാംസ്‌കാരിക പ്രവർത്തകനും ഗായകനുമായ വി കെ ശശിധരൻ (വി.കെ.എസ്) അന്തരിച്ചു. 83 വയസായിരുന്നു. കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്നു. ഇന്നു പുലർച്ചെ 3.30 ഓടെ മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

വൃക്കരോഗിയായിരുന്ന വികെഎസിനെ ഡയാലിസിസിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം വരെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ശവസംസ്ക്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കൊല്ലം പോളയത്തോട് പൊതുശ്മാശാനത്തിൽ കോവിഡ് പ്രോട്ടോക്കാൾ പ്രകാരം നടക്കും.

കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ, ബാലവേദി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിനിമകൾക്ക് വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്.

1938 ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലാണ് ജനനം. ആലുവ യുസി കോളേജിലെ പഠനത്തിന് ശേഷം തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിൽ നിന്നും ഇലക്‌ട്രിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം നേടി. മുപ്പത് വർഷക്കാലം ശ്രീ നാരായണ പോളിടെക്നിക്കിലെ അദ്ധ്യാപകനായിരുന്നു. അവിടെ നിന്നും ഇലക്‌ട്രിക്കൽ വിഭാഗം മേധാവിയായാണ് വിരമിച്ചത്.

സ്കൂൾ വിദ്യാഭ്യാസ കാലത്ത് പ്രമുഖ സംഗീതസംവിധായകരുടെ സഹായിയായിരുന്ന പരമുദാസിന്റെ പക്കൽ നിന്ന് കർണാടക സംഗീതത്തിൽ പരിശീലനം നേടിയിട്ടുണ്ട്. 1967 ൽ അടൂർ ഗോപാലകൃഷ്ണന്റെ ‘കാമുകി’ എന്ന ചിത്രത്തിനു വേണ്ടി ഏറ്റുമാനൂർ സോമദാസൻ രചിച്ച നാലു ഗാനങ്ങൾ ‘ശിവൻശശി’ എന്ന പേരിൽ പി.കെ. ശിവദാസുമൊത്തു ചിട്ടപ്പെടുത്തി. ചിത്രം റിലീസ് ആകാതിരുന്നതിനെതുടർന്ന് ‘തീരങ്ങൾ’ എന്ന ചിത്രത്തിൽ ഉൾപ്പെടുത്തി. ആറ്റിങ്ങൽ ദേശാഭിമാനി തീയറ്റേഴ്സിനു വേണ്ടി നിരവധി നാടകങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചു.

കവിതാലാപനത്തിൽ വേറിട്ട വഴി സ്വീകരിച്ച ആളാണ് വി.കെ.എസ്. ഇടശ്ശേരിയുടെ പൂതപ്പാട്ട്, രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി തുടങ്ങി നിരവധി കവിതകൾക്ക് സംഗീതാവിഷ്ക്കാരം നൽകിയിട്ടുണ്ട്. 

പരിഷത്തിന്റെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം പരിഷത്ത് കലാജാഥകൾക്കുള്ള അനവധി ഗാനങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്. ബർതോൾത് ബ്രഹത്, ഡോ എം പി പരമേശ്വരൻ, മുല്ലനേഴി, കരിവെള്ളൂർ മുരളി തുടങ്ങി അനവധി പേരുടെ രചനകൾ സംഗീത ശില്പങ്ങളായും, സംഘഗാനങ്ങളായും ശാസ്ത്ര കലാജാഥകളിലൂടെ അവതരിപ്പിച്ചു.

എൺപതുകളുടെ തുടക്കത്തിൽ കലാജാഥയിൽ പങ്കെടുത്തും, അഭിനയിച്ചും കേരളത്തിലുടനീളം സഞ്ചരിച്ചു കൂടാതെ ശാസ്ത്ര സംഘടനകളുടെ അഖിലേന്ത്യാ തലത്തിലുള്ള കലാജാഥകൾക്കു സംഗീതാവിഷ്കാരം നിർവഹിക്കുകയും ചെയ്തു. ശാസ്ത്ര സാഹിത്യപരിഷത്ത്, കേരള സാക്ഷരതാ സമിതി, മാനവീയം മിഷൻ, സംഗീത നാടക അക്കാഡമി എന്നിവയ്ക്ക് വേണ്ടിയും ഓഡിയോ ആൽബങ്ങളും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. വസന്തലതയാണ് ഭാര്യ, മകൾ ദീപ്തി

Also Read: കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

വി.കെ. ശശിധരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. ജനകീയ സംഗീതത്തിന്റെ പ്രയോക്താവായിരുന്നു വി.കെ. ശശിധരന്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ബാലസംഘത്തിന്റെയും കുട്ടികള്‍ക്ക് ലളിതമായി സംഗീതത്തിന്റെ പാഠം അദ്ദേഹം പകര്‍ന്നു നല്‍കി. സാമൂഹിക മൂല്യം ഉള്‍ക്കൊള്ളുന്നതും ജീവിതഗന്ധിയുമായ പാട്ടുകള്‍ തിരഞ്ഞെടുത്ത് സംഗീതം നല്‍കി അവതരിപ്പിച്ച വി.കെ.എസ്. ഇടശ്ശേരിയുടെ പൂതപ്പാട്ട് അടക്കമുള്ള നിരവധി കവിതകള്‍ കൂടുതല്‍ ജനകീയമാക്കുന്നതിലും വലിയ പങ്കാണ് വഹിച്ചത്. ശാസ്ത്രതത്വങ്ങളും സാമൂഹിക മൂല്യങ്ങളും കൂടുതല്‍ പ്രചരിപ്പിക്കപ്പെടേണ്ട ഈ കാലത്ത് വി.കെ.എസ്സിനെ പോലുള്ള അര്‍പ്പിതമനസ്‌കനായ സംഗീത കലാകാരന്റെ വിയോഗം കേരളത്തിന് പൊതുവില്‍ നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Shastra sahithya parishath former general secretary v k sasidharan passes away

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express