/indian-express-malayalam/media/media_files/uploads/2021/04/minister-kt-jaleel-plea-on-lokayuktha-verdict-in-hc-today-480000-FI.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ കെടി ജലീല്‍
മലപ്പുറം: എആർ നഗർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടിൽ ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) അന്വേഷണം വേണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളിയതിനു പിന്നാലെ പ്രതികരണവുമായി കെ ടി ജലീൽ എം എൽ എ. മുഖ്യമന്ത്രി പിതൃതുല്യനാണെന്നും അദ്ദേഹത്തിനു ശാസിക്കാനും ഉപദേശിക്കാനും തിരുത്താനുമുള്ള എല്ലാ അവകാശവുമുണ്ടെന്ന് ജലീൽ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് പ്രതികരണം.
'' ജീവിതത്തിൽ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയിൽ പോലും ഒന്നും ആർക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽവൽക്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിൻ്റെ കള്ളപ്പണ-ഹവാല ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും."
"മുഖ്യമന്ത്രി എനിക്ക് പിതൃതുല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളൻമാർക്കും വലതുപക്ഷ സൈബർ പോരാളികൾക്കും കഴുതക്കാമം കരഞ്ഞു തീർക്കാം," ജലീൽ കുറിച്ചു.
എആർ നഗർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടിൽ ഇഡി അന്വേഷണം സംബന്ധിച്ച് തനിക്കെതരെ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് കെ ടി ജലീലിന്റെ കുറിപ്പ്.
ഇന്നലെ പത്രസമ്മേളനത്തിലാണ് ഇഡി അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കിയത്. സാധാരണ നിലയിൽ ഉന്നയിക്കാൻ പാടില്ലാത്ത ആവശ്യമാണ് അത്. സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സംഭവത്തിൽ സഹകരണവകുപ്പ് കർശന നടപടികളിലേക്ക് നീങ്ങിയതാണ്. എന്നാൽ കോടതിയുടെ സ്റ്റേ നിലനിൽക്കുന്നത് കൊണ്ടാണ് അത് സാധ്യമല്ലാതെ വന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇ.ഡി ചോദ്യം ചെയ്ത ആളാണല്ലോ കെ.ടി.ജലീൽ. അതിനു ശേഷം ഇ.ഡിയിൽ കുറേകൂടി വിശ്വാസം വന്നതായാണ് തോന്നുന്നത്. അങ്ങനെയുള്ള ചില പ്രതികരണങ്ങളാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
എആർ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിയും അടുപ്പക്കാരും തിരിമറി നടത്തിയെന്നതാണ് ജലീലിന്റെ ആരോപണം. ഇത് സംബന്ധിച്ച് ജലീൽ ഇ.ഡിക്ക് മൊഴി നൽകുകയും ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.