/indian-express-malayalam/media/media_files/uploads/2020/02/Mullappally-and-Sudhakaran.jpg)
കണ്ണൂർ: കെപിസിസി അധ്യക്ഷനാകാൻ താത്പര്യം പ്രകടിപ്പിച്ച് കെ.സുധാകരൻ എം.പി. ഇക്കാര്യം ദേശീയ നേതാക്കളുമായി സംസാരിച്ചുവെന്നും എന്നാൽ സ്ഥാനം ലഭിക്കുന്നതിനെ കുറിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കെ.സുധാകരന്റെ പ്രതികരണം. ഈ ആഴ്ച ഒടുവിലോ അടുത്ത ആഴ്ച ആദ്യമോ സുധാകരനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിക്കും.
Read More: കെ. സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ; കെപിസിസി ആസ്ഥാനത്ത് ഫ്‌ളക്സ്
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ഫ്‌ളക്‌സുകള്‍ ഉയർന്നിരുന്നു. “കെ. സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ” എന്നെഴുതി യൂത്ത് കോണ്‍ഗ്രസിന്റേയും കെഎസ്‌യുവിന്റെയും പേരിലായിരുന്നു ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയർന്നത്.
മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് സുധാകരന് ചുമതല നല്‍കാന്‍ ആലോചന. മത്സരരംഗത്തേക്കിറങ്ങുന്ന സാഹചര്യത്തില്‍ കേരളത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് ഡല്‍ഹിയില്‍വെച്ചുതന്നെ സ്ഥാനമൊഴിയാനുള്ള സന്നദ്ധത മുല്ലപ്പള്ളി അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
Read More: മുല്ലപ്പളളി രാമചന്ദ്രൻ മത്സരിച്ചേക്കും; കൽപറ്റയിൽനിന്ന് ജനവിധി തേടാൻ സാധ്യത
പാര്‍ട്ടി നിര്‍ദേശിച്ചാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കഴിഞ്ഞദിവസം മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇന്നുവരെ അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നും പാര്‍ട്ടി പറയുന്ന ഏത് നിര്‍ദേശവും ശിരസാവഹിച്ച് മുന്നോട്ടു പോകുന്ന ചരിത്രമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോഴിക്കോടുനിന്നോ വയനാട്ടിലെ കൽപ്പറ്റയിൽനിന്നോ മുല്ലപ്പളളി മത്സരിക്കാനാണ് സാധ്യത. മത്സരിക്കാൻ താത്പര്യമറിയിച്ച് ഹൈക്കമാൻഡുമായി മുല്ലപ്പളളി ചർച്ച നടത്തിയതായി സൂചനയുണ്ട്.
കൽപറ്റയിൽനിന്നും മൽസരിക്കാനാണ് സാധ്യത കൂടുതൽ. യുഡിഎഫ് സുരക്ഷിത സീറ്റായി കരുതുന്ന ഒന്നാണിത്. മുല്ലപ്പളളിക്കും അവിടെനിന്ന് മത്സരിക്കാനാണ് താത്പര്യമെന്നാണ് സൂചന. വർഷങ്ങളായി യുഡിഎഫിനെ തുണയ്ക്കുന്ന മണ്ഡലമാണ് കൽപറ്റ. അതേസമയം, വടക്കൻ കേരളത്തിൽനിന്ന് മുല്ലപ്പളളി മത്സരിക്കുന്നത് അവിടുത്തെ കാര്യങ്ങൾ അനുകൂലമാക്കുമെന്നാണ് ഹൈക്കമാൻഡിന്റെ കണക്കുകൂട്ടൽ.
കൽപറ്റ കിട്ടിയില്ലെങ്കിൽ കോഴിക്കോടുനിന്ന് മത്സരിക്കാനാണ് മുല്ലപ്പളളിക്ക് താത്പര്യം. സ്വന്തം നാടായ വടകരയിൽനിന്നും മത്സരിക്കാൻ അദ്ദേഹത്തിന് താൽപര്യമില്ല. കാലങ്ങളായി വടകരയിൽനിന്നാണ് അദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിച്ചിരുന്നത്. വടകരയിൽ മത്സരം കടുക്കുമെന്നതും കെ.മുരളീധരനുമായി അത്ര നല്ല ബന്ധം മുല്ലപ്പളളിക്ക് ഇല്ലാത്തതുമാണ് ഇതിനു പിന്നിലെന്നാണ് സൂചന.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.