തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ മത്സരിക്കാൻ സാധ്യത. കോഴിക്കോടുനിന്നോ വയനാട്ടിലെ കൽപ്പറ്റയിൽനിന്നോ മുല്ലപ്പളളി മത്സരിക്കാനാണ് സാധ്യത. മത്സരിക്കാൻ താത്പര്യമറിയിച്ച് ഹൈക്കമാൻഡുമായി മുല്ലപ്പളളി ചർച്ച നടത്തിയതായി സൂചനയുണ്ട്.

കൽപറ്റയിൽനിന്നും മൽസരിക്കാനാണ് സാധ്യത കൂടുതൽ. യുഡിഎഫ് സുരക്ഷിത സീറ്റായി കരുതുന്ന ഒന്നാണിത്. മുല്ലപ്പളളിക്കും അവിടെനിന്ന് മത്സരിക്കാനാണ് താത്പര്യമെന്നാണ് സൂചന. വർഷങ്ങളായി യുഡിഎഫിനെ തുണയ്ക്കുന്ന മണ്ഡലമാണ് കൽപറ്റ. അതേസമയം, വടക്കൻ കേരളത്തിൽനിന്ന് മുല്ലപ്പളളി മത്സരിക്കുന്നത് അവിടുത്തെ കാര്യങ്ങൾ അനുകൂലമാക്കുമെന്നാണ് ഹൈക്കമാൻഡിന്റെ കണക്കുകൂട്ടൽ.

കൽപറ്റ കിട്ടിയില്ലെങ്കിൽ കോഴിക്കോടുനിന്ന് മത്സരിക്കാനാണ് മുല്ലപ്പളളിക്ക് താത്പര്യം. സ്വന്തം നാടായ വടകരയിൽനിന്നും മത്സരിക്കാൻ അദ്ദേഹത്തിന് താൽപര്യമില്ല. കാലങ്ങളായി വടകരയിൽനിന്നാണ് അദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിച്ചിരുന്നത്. വടകരയിൽ മത്സരം കടുക്കുമെന്നതും കെ.മുരളീധരനുമായി അത്ര നല്ല ബന്ധം മുല്ലപ്പളളിക്ക് ഇല്ലാത്തതുമാണ് ഇതിനു പിന്നിലെന്നാണ് സൂചന.

Read More: തലപ്പത്തേക്ക് ഉമ്മൻ ചാണ്ടി; പുതിയ ചുമതലകൾ, ലക്ഷ്യം തിരഞ്ഞെടുപ്പ് വിജയം

തിരഞ്ഞെടുപ്പിൽ മുല്ലപ്പളളി മത്സരിക്കുന്നതിനോട് ഹൈക്കമാൻഡിനും അനുകൂല നിലപാടാണ്. മുല്ലപ്പള്ളിക്കും മത്സരിക്കാമെന്ന് ഹൈക്കമാൻഡ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും കേരളത്തിലെ നേതാക്കളും മുല്ലപ്പള്ളി മത്സരിക്കുന്നതിനെ അനുകൂലിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മുല്ലപ്പള്ളി മത്സരിക്കുന്നതിൽ എതിർപ്പില്ലെന്ന് വ്യക്തമാക്കിയട്ടുണ്ട്.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെയും കോൺഗ്രസിനെയും ഉമ്മൻ ചാണ്ടിയാണ് നയിക്കുക. ഉമ്മൻചാണ്ടിക്ക് പുതിയ ചുമതലകൾ ഹൈക്കമാൻഡ് നൽകി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം. ഉമ്മൻചാണ്ടി കേരളത്തിലെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷനാകും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനുള്ള സമിതിയുടെ മേല്‍നോട്ടവും ഉമ്മൻ ചാണ്ടി വഹിക്കും. ഉമ്മൻ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകണമെന്നാണ് ഹൈക്കമാൻഡ് തീരുമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.