/indian-express-malayalam/media/media_files/uploads/2019/02/k-muraleedharan.jpg)
തിരുവനന്തപുരം: സമരങ്ങള്‍ നിര്‍ത്താനുള്ള തീരുമാനങ്ങള്‍ ആരോടും ആലോചിക്കാതെ എടുത്തതായിരുന്നെന്നും പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. മുരളീധരന്‍. സമരങ്ങള്‍ നിര്‍ത്താനുള്ള തീരുമാനം എടുത്തത് പേടിച്ചിട്ടാണെന്ന് തോന്നുമെന്നും മുരളീധരന്‍ വിമര്‍ശിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പ്രത്യക്ഷ സമരങ്ങൾ നിർത്തുകയാണെന്ന് യുഡിഎഫ് നേരത്തെ തീരുമാനിച്ചിരുന്നു. വിവിധ ആരോപണങ്ങളില്‍ സര്‍ക്കാരിനെതിരായി നടത്തിവരുന്ന പ്രത്യക്ഷ സമരങ്ങളാണ് യുഡിഎഫ് നിര്‍ത്തിയിരിക്കുന്നത്. അതേസമയം സര്‍ക്കാരിനെതിരെ മറ്റു മാര്‍ഗങ്ങളിലൂടെയുള്ള പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.
Read More: കോവിഡ് വ്യാപനം രൂക്ഷം: എറണാകുളം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ
എന്നാൽ, പിണറായി വിജയൻ സർക്കാരിനെതിരായ സമരങ്ങൾ തുടരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. സമരം ജനാധിപത്യപരമായി നിർത്താൻ സാധിക്കില്ലെന്നും ബിജെപിയുടെ നിലപാട് സർവകക്ഷിയോഗത്തിൽ അറിയിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
“ജനാധിപത്യപരമായി പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. സമരം ജനാധിപത്യപരമായി നിർത്താൻ സാധിക്കില്ല. ജനങ്ങളുടെ പ്രതിഷേധമാണ് സമരം. സമരത്തിൽ എത്ര ആളുകൾ വേണം എന്ന കാര്യത്തിലൊക്കെ ചർച്ച ആവാം. രാജ്യം മുഴുവൻ സിപിഎമ്മിന്റെ നേതൃത്വത്തിൽ കർഷകസമരം നടക്കുന്നു എന്നാണ് പറയുന്നത്. മോദി സർക്കാരിനെതിരെ സമരം ആകാം, പിണറായി സർക്കാരിനെതിരെ സമരം പറ്റില്ല എന്ന നില സ്വീകരിക്കണോ എന്നതാണ് ബിജെപിയുടെ ചോദ്യം” സുരേന്ദ്രൻ പറഞ്ഞിരുന്നു.
അതേസമയം, സംസ്ഥാനത്ത് കോവിഡ് വ്യാപനം ദിനംപ്രതി വർധിക്കുകയാണ്. 8830 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 7695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 784 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആദ്യമായാണ് സംസ്ഥാനത്ത് പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 8000 കടക്കുന്നത്.
എറണാകുളം ജില്ലയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 1056 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. ആദ്യമായാണ് ജില്ലയിൽ ഒരു ദിവസം ആയിരത്തിലധികം രോഗബാധ സ്ഥിരീകരിക്കുന്നത്. നേരത്തേ തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ പ്രതിദിന രോഗബാധ ആയിരം കടന്നിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us