തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കടുത്ത നിയന്ത്രണമേർപ്പെടുത്തി സർക്കാർ. അഞ്ചുപേരിൽ കൂടുതൽ ഒത്തുചേരുന്നത് വിലക്കി. സിആർപിസി 144 പ്രകാരമാണ് ഉത്തരവ്. വിവാഹത്തിനു 50 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും പങ്കെടുക്കാം.

ഒക്‌ടോബർ മൂന്നിനു രാവിലെ ഒൻപത് മുതൽ ഒക്‌ടോബർ 31 വരെയാണ് ആൾക്കൂട്ടങ്ങൾക്ക് കർശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വിലക്ക് ലംഘിച്ചാൽ കർശന നടപടിയെടുക്കും. പ്രാദേശിക സാഹചര്യം വിലയിരുത്തി കലക്‌ടർമാർക്ക് കൂടുതൽ നടപടികൾ സ്വീകരിക്കാൻ അധികാരമുണ്ട്.

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു

സംസ്ഥാനത്ത് ഇന്ന് 8135 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് കോവിഡ് രോഗികളുടെ പ്രതിദിന കണക്ക് എണ്ണായിരത്തിന് മുകളിൽ പോകുന്നത്. ഇതോടെ സംസ്ഥാനത്ത് 72339 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 7013 പേരും സമ്പർക്കരോഗികളാണ്. ഉറവിടം അറിയാത്ത 730 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പുതിയ കോവിഡ് ബാധിതരിൽ 105 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59157 സാമ്പിളുകളാണ് പരിശോധിച്ചത്. 2828 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഈ കണക്കുകൾ കാണിക്കുന്നത് കോവിഡ് രോഗ വ്യാപനം ഗൗരവകരമായി തുടരുന്നു എന്ന് തന്നെയാണെന്ന് മുഖ്യമന്ത്രി. മാനദണ്ഡങ്ങൾ പാലിച്ച് മുന്നോട്ട് പോകുകയാണ് പ്രധാനം.

കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

കോഴിക്കോട് – 1072
മലപ്പുറം – 968
എറണാകുളം – 934
തിരുവനന്തപുരം – 856
ആലപ്പുഴ – 804
കൊല്ലം – 633
തൃശൂര്‍ – 613
പാലക്കാട് – 513
കാസര്‍ഗോഡ് – 471
കണ്ണൂര്‍ – 435
കോട്ടയം – 340
പത്തനംതിട്ട – 223
വയനാട് – 143
ഇടുക്കി – 130

29 മരണം

29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പള്ളിത്തുറ സ്വദേശി എബ്രഹാം (62), പുല്ലുവിള സ്വദേശിനി ഷര്‍മിള (52), നെടുമങ്ങാട് സ്വദേശി വേലായുധ കുറുപ്പ് (92), മുരിങ്ങവിളാകം സ്വദേശി മോഹനന്‍നായര്‍ (75), നെയ്യാറ്റിന്‍കര സ്വദേശി സുധാകരന്‍ ദാസ് (61), പാറശാല സ്വദേശി സുകുമാരന്‍ (73), ചാല സ്വദേശി ഹഷീര്‍ (45), ആറ്റിങ്ങല്‍ സ്വദേശി വിജയകുമാരന്‍ (61), കൊറ്റൂര്‍ സ്വദേശി രാജന്‍ (82),കൊല്ലം കുരീപ്പുഴ സ്വദേശിനി തങ്കമ്മ (67), പരവൂര്‍ സ്വദേശി മോഹനന്‍ (62), കരുനാഗപ്പള്ളി സ്വദേശി സലീം (55), ആലപ്പുഴ അംബാനകുളങ്ങര സ്വദേശി മനോഹരന്‍ (60), എറണാകുളം എലഞ്ഞിക്കുഴി സ്വദേശി കെ.പി. മോഹനന്‍ (62), ചേലാമറ്റം സ്വദേശി കെ.എ. കൃഷ്ണന്‍ (59), വച്ചക്കുളം സ്വദേശിനി അല്‍ഫോണ്‍സ (57), എറണാകുളം സ്വദേശി റിസ്‌കി ആന്‍ഡ്രൂദുരം (67), വയലം സ്വദേശി വിശ്വംഭരന്‍ (92), ആലുവ സ്വദേശിനി നബീസ (73), പള്ളുരുത്തി സ്വദേശി കുഞ്ഞുമോന്‍ (57), വാരാപ്പുഴ സ്വദേശി കെ.പി. ജോര്‍ജ് (85), തൃശൂര്‍ ഒറ്റപ്ലാവ് സ്വദേശി അബ്ദുള്‍ റഹ്മാന്‍ (55), തൃശൂര്‍ സ്വദേശി ബലരാമന്‍ (53), ചേര്‍പ്പ് സ്വദേശി ഭാസ്‌കരന്‍ (85), ഗുരുവായൂര്‍ സ്വദേശിനി ലൈല (56), കല്ലൂര്‍ സ്വദേശിനി ലിസി (70), കാസര്‍ഗോഡ് ചേങ്ങള സ്വദേശി ബി.കെ. ഖാലീദ് (64), മേലേപ്പറമ്പ് സ്വദേശി കുമാരന്‍ (62), മംഗല്‍പടി സ്വദേശിനി ഖദീജുമ്മ (90), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 771 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

7013 സമ്പർക്കരോഗികൾ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 218 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 7013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 29, കണ്ണൂര്‍ 26, എറണാകുളം 16, കോട്ടയം 8, കാസര്‍ഗോഡ് 6, പത്തനംതിട്ട, കോഴിക്കോട്, വയനാട് 5, മലപ്പുറം 2, കൊല്ലം, ആലപ്പുഴ, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 2 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. സമ്പർക്ക രോഗികൾ,

കോഴിക്കോട് – 1013
മലപ്പുറം – 879
എറണാകുളം – 740
തിരുവനന്തപുരം – 708
ആലപ്പുഴ – 774
കൊല്ലം – 620
തൃശൂര്‍ – 603
പാലക്കാട് – 297
കാസര്‍ഗോഡ് – 447
കണ്ണൂര്‍ – 279
കോട്ടയം – 316
പത്തനംതിട്ട – 135
വയനാട് – 135
ഇടുക്കി – 67

രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 363, കൊല്ലം 213, പത്തനംതിട്ട 82, ആലപ്പുഴ 191, കോട്ടയം 148, ഇടുക്കി 70, എറണാകുളം 226, തൃശൂര്‍ 290, പാലക്കാട് 113, മലപ്പുറം 322, കോഴിക്കോട് 333, വയനാട് 59, കണ്ണൂര്‍ 129, കാസര്‍ഗോഡ് 289 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 72,339 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,31,052 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,43,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,12,849 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,258 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3150 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ പരിശോധിച്ചത് 59,157 സാമ്പിളുകൾ

അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,157 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 29,85,534 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,05,349 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

14 പുതിയ ഹോട്ട്സ്‌പോട്ടുകൾ

ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 14), മുട്ടം (13), കോട്ടയം ജില്ലയിലെ പാറത്തോട് (19), അയര്‍കുന്നം (19), തൃശൂര്‍ ജില്ലയിലെ പന്നയൂര്‍കുളം (സബ് വാര്‍ഡ് 18), പടിയൂര്‍ (8, 11(സബ് വാര്‍ഡ്), 12), പത്തനംതിട്ട ജില്ലയിലെ പെരിങ്ങര (സബ് വാര്‍ഡ് 15), കടമ്പനാട് (9), കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ (സബ് വാര്‍ഡ് 16), കൊല്ലം ജില്ലയിലെ മൈലം (13), കോഴിക്കോട് ജില്ലയിലെ മൂടാടി (സബ് വാര്‍ഡ് 4), വയനാട് ജില്ലയിലെ നൂല്‍പ്പുഴ (സബ് വാര്‍ഡ് 1), കാസര്‍ഗോഡ് ജില്ലയിലെ ബെള്ളൂര്‍ (4), പാലക്കാട് ജില്ലയിലെ കുതന്നൂര്‍ (15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 656 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മലപ്പുറത്ത് 968 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം ജില്ലയില്‍ 968 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 879 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 77 പേരുടെ രോഗ ഉറവിടം അറിയില്ല. ഇതില്‍ രണ്ടുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇന്ന് രോഗബാധയുണ്ടായവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും ആറ് പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്.

5,997 പേര്‍ ജില്ലയില്‍ ചികിത്സയിലുള്ളത്. ഇന്ന് 602 പേര്‍ രോഗമുക്തരായി. ഇവര്‍ ഉള്‍പ്പെടെ ഇതുവരെ 17,209 പേര്‍ക്ക് രോഗം ഭേദമായി. 40,634 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. കോവിഡ് ബാധിതരായ 105 പേര്‍ ഇതുവരെ മരിച്ചു.

വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ ദുരുപയോഗം ചെയ്യരുതെന്നു കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു.

രക്തദാനദിനത്തില്‍ പ്ലാസ്മ നല്‍കി മലപ്പുറം കലക്ടര്‍

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദേശീയ സന്നദ്ധ രക്തദാന ദിനത്തില്‍ പ്ലാസ്മ നല്‍കി മലപ്പുറം കലക്ടര്‍ കെ. ഗോപാലകൃഷ്‌നും. അദ്ദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയാണ് പ്ലാസ്മ നല്‍കിയത്. ജില്ലയില്‍ കാറ്റഗറി സി ടൈപ്പ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് അതിജീവിച്ചവരെല്ലാം പ്ലാസ്മ നല്‍കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. കലക്ടറും സബ് കലക്ടറും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഓഗസ്റ്റ് 14നു കോവിഡ് സ്ഥിരീകരിച്ചിരുന്നു. 22ന് അദ്ദേഹം രോഗമുക്തനായി.

കോവിഡ് വൈറസിനെതിരായ ആന്റിബോഡി കോവിഡ് വിമുക്തരുടെ പ്ലാസ്മയില്‍ നിന്ന് ലഭ്യമാവും. പതിനെട്ടിനും അമ്പതിനുമിടയില്‍ പ്രായമുള്ള 55 കിലോയിലധികം ഭാരമുള്ള കോവിഡ് വിമുക്തരില്‍നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്. കോവിഡ് ഭേദമായി 28 ദിവസം മുതല്‍ നാല് മാസം വരെയുള്ള കാലയളവിലാണ് പ്ലാസ്മ ശേഖരിക്കുക. ഒരു വര്‍ഷം വരെ സൂക്ഷിച്ചുവയ്ക്കാന്‍ സാധിക്കും.

ആയിരം കടന്ന് കോഴിക്കോട്; രോഗമുക്തി കുറവ്

കോഴിക്കോട് ജില്ലയില്‍ 1072 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 1005 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്ന് എത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 16 പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചു. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 45 പേരുടെ ഉറവിടം വ്യക്തമല്ല.

കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 388 പേര്‍ക്ക് പോസിറ്റീവായി. കോഴിക്കോട് സ്വദേശികളായ 7485 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മറ്റു ജില്ലക്കാരായ 289 പേരും കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുണ്ട്. 333 പേര്‍ ഇന്ന് രോഗമുക്തിനേടി.

തീരദേശ വാര്‍ഡുകളില്‍ പരിശോധന കര്‍ശനമാക്കി

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ തീരദേശ വാര്‍ഡുകളില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കി. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ബേപ്പൂര്‍ പോര്‍ട്ട്, മാറാട്, നടുവട്ടം, പുഞ്ചപ്പാടം, അരക്കിണര്‍, കപ്പക്കല്‍, പയ്യാനക്കല്‍, ചക്കുംകടവ് വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലാണ്.

കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത് ഈ പ്രദേശങ്ങളിലാണ്. വെള്ളയില്‍ മേഖലയിലും കോവിഡ് പോസിറ്റീവ് ആവുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ചില പ്രദേശങ്ങളില്‍ കോവിഡ് ടെസ്റ്റ് ചെയ്യാന്‍ ആളുകള്‍ വിമുഖത കാണിക്കുന്നുണ്ട്. ഇത് രോഗം വ്യാപിക്കാന്‍ ഇടയാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കോര്‍പറേഷനിലെ 32 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണിലും എട്ട് വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലും 13 വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണിലുമാണ്.

വയനാട്ടില്‍ 143 രോഗികള്‍ കൂടി

വയനാട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 143 പേര്‍ക്ക്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ 140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നുപേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരാണ്.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3785 ആയി. 2705 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1060 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 56 പേര്‍ രോഗമുക്തി നേടി. ഇന്ന് 328 പേരെക്കൂടി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി.

രോഗബാധിതരാവുന്ന കുട്ടികളുടെ എണ്ണം കൂടുന്നു

വയനാട് ജില്ലയില്‍ കോവിഡ് ബാധിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു. കുട്ടികളുമായി കൂടുതല്‍ ഇടപഴകാന്‍ സാധ്യതയുള്ള വയോജനങ്ങള്‍ക്കു രോഗം പിടിപെടുന്നത് അപകടസാധ്യത വര്‍ധിപ്പിച്ചേക്കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക മുന്നറിയിപ്പ് നല്‍കി.

വയോജനങ്ങളില്‍ കൂടുതല്‍പേരും ജീവിതശൈലി രോഗങ്ങളായ പ്രഷര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കു ചികിത്സ തേടുന്നവരായിരിക്കും. ഏതെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നവരില്‍ കോവിഡ് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.

കുട്ടികളും വയോജനങ്ങളും പരമാവധി വീടുകളില്‍നിന്ന് പുറത്തുപോകരുത്. വീട്ടിലെ മറ്റുള്ളവര്‍ പുറത്തുപോകുമ്പോള്‍ മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുകയും ധരിക്കണം. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചു അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം. മറ്റുള്ളവരില്‍നിന്ന് പരമാവധി അകലം പാലിക്കണം. രോഗം ആരില്‍നിന്നും പകരാമെന്ന ബോധ്യത്തോടെ വേണം ജാഗ്രത പാലിക്കാനെന്നും ഡിഎംഒ മുന്നറിയിപ്പ് നല്‍കി.

കണ്ണൂരില്‍ 435 പേര്‍ക്കു കൂടി കോവിഡ്

കണ്ണൂര്‍ ജില്ലയില്‍ 435 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 11918 ആയി. 4535 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 386 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. രണ്ടു പേര്‍ വിദേശത്തു നിന്നും 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 28 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഇന്ന് 111 കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തരുടെ മൊത്തം എണ്ണം 858 ആയി. 47 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ ജില്ലയില്‍ മരിച്ചത്.

പെരുമാറ്റച്ചട്ട ലംഘനം: നടപടി കര്‍ശനമാക്കാന്‍ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍

കോവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കാന്‍ സെക്ടര്‍ മജിസ്ട്രേറ്റുമാരെ നിയമിക്കുന്നു. കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ സമിതി യോഗത്തിന്റേതാണു തീരുമാനം.

രോഗവ്യാപനം ശക്തമായ പ്രദേശങ്ങളിലാണ് സ്പെഷല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരങ്ങളോടെ ഗസറ്റഡ് ഓഫീസര്‍മാരെ സെക്ടര്‍ മജിസ്ട്രേറ്റുമാരായി ആദ്യഘട്ടത്തില്‍ നിയമിക്കുക. ആരോഗ്യം, റവന്യൂ, പൊലിസ്, എല്‍എസ്ജിഡി ഉദ്യോഗസ്ഥരടങ്ങിയ സംവിധാനത്തെ ശക്തിപ്പെടുത്താനാണ് ഈ നടപടി.

ബ്രേക്ക് ദി ചെയിന്‍ ക്യാംപയിന്‍ ശക്തിപ്പെടുത്തുക, ക്വാറന്റൈന്‍ നടപടികള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുക, വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, വിവാഹം, മരണാനന്തര ചടങ്ങുകള്‍, പൊതു പരിപാടികള്‍ തുടങ്ങിയ ഇടങ്ങളില്‍ പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ക്കശമാക്കുക തുടങ്ങിയവയാണ് സെക്ടര്‍ മജിസ്ട്രേറ്റുമാരുടെ ചുമതല. ഇവര്‍ക്ക് അവരുടെ കീഴിലെ ജീവനക്കാരെയും സംവിധാനങ്ങളെയും പരിശോധനകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കാം.

പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ ആദ്യം മുന്നറിയിപ്പ് നല്‍കും. തുടര്‍ന്നും നിയമലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടിക്കുകയും അവിടേക്കുള്ള വൈദ്യു തി ബന്ധം വിച്ഛേദിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

കാസര്‍ഗോഡ് 471 പോസിറ്റീവ് കേസുകള്‍; 310 പേര്‍ക്കു രോഗമുക്തി

കാസര്‍ഗോഡ് ജില്ലയില്‍ 471 പേര്‍ക്ക് കൂടി കോവിഡ്- 19 സ്ഥിരീകരിച്ചു. ഇതില്‍ 453 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു രോഗം പിടിപെട്ടത്. ഇതരസംസ്ഥാനത്ത് നിന്നെത്തിയ 10 പേര്‍ക്കും വിദേശത്തുനിന്നെത്തിയ എട്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

11258 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 310 പേര്‍ രോഗമുക്തരായി. ഇതുവരെ രോഗമുക്തരായത് 8250 പേര്‍. 2917 പേരാണ് ഇനി ചികിത്സയിലുള്ളത്. 91 ആണ് ജില്ലയിലെ മൊത്തം കോവിഡ് മരണസംഖ്യ. ഇന്ന് 299 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇവര്‍ ഉള്‍പ്പെടെ മൊത്തം 4431 പേരാണ് നിരീക്ഷണത്തിലുള്ളത്.

എറണാകുളത്ത് കൂടുതൽ നിയന്ത്രണങ്ങൾ

എറണാകുളം ജില്ലയൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ജില്ല ഭരണകൂടം. ജില്ലയിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ഫ്‌ളയിംഗ് സ്‌ക്വാഡുകൾ രൂപീകരിക്കും. നിയന്ത്രണങ്ങൾ ഫ്‌ളയിംഗ് സ്‌ക്വാഡുകളായിരിക്കും നിരീക്ഷിക്കുക.

വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണവും പരിമിതപ്പെടുത്തി. വിവാഹങ്ങൾക്ക് 50 പേരും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും മാത്രമാണ് അനുമതി. കച്ചവട സ്ഥാപനങ്ങളിൽ ഒരേ സമയം അനുവദിക്കാവുന്ന ആളുകളുടെ എണ്ണം പ്രദർശിപ്പിക്കണമെന്നും മാർഗനിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 1056 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. ആദ്യമായാണ് ജില്ലയിൽ ഒരു ദിവസം ആയിരത്തിലധികം രോഗബാധ സ്ഥിരീകരിക്കുന്നത്. നേരത്തേ തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ പ്രതിദിന രോഗബാധ ആയിരം കടന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.