scorecardresearch

ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് വെട്ടിപ്പിൽ മൂന്നു പേർ അറസ്റ്റിൽ; 'ജവാൻ' ഉത്പാദനം നിർത്തി

ഫാക്ടറിയിലെ ഉദ്യോഗസ്ഥർ സ്പിരിറ്റ് തട്ടിപ്പ് കേസിൽ പ്രതികളായതിനു പിന്നാലെയാണ് ഉത്പാദനം നിർത്തിയത്

ഫാക്ടറിയിലെ ഉദ്യോഗസ്ഥർ സ്പിരിറ്റ് തട്ടിപ്പ് കേസിൽ പ്രതികളായതിനു പിന്നാലെയാണ് ഉത്പാദനം നിർത്തിയത്

author-image
WebDesk
New Update
ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് വെട്ടിപ്പിൽ മൂന്നു പേർ അറസ്റ്റിൽ; 'ജവാൻ' ഉത്പാദനം നിർത്തി

പത്തനംതിട്ട: സാധാരണക്കാരായ മദ്യപരുടെ പ്രിയപ്പെട്ട മദ്യമായ ജവാൻ റമ്മിന്റെ ഉത്പാദനം നിർത്തിവച്ചു. സംസ്ഥാന സർക്കാരിനു കീഴിലുള്ള തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ഫാക്ടറിയിലാണ് ജവാൻ ഉത്പാദിപ്പിച്ചിരുന്നത്. ഇവിടുത്തെ ഉദ്യോഗസ്ഥർ സ്പിരിറ്റ് തട്ടിപ്പ് കേസിൽ പ്രതികളായതിനു പിന്നാലെയാണ് ഉത്പാദനം നിർത്തിയത്.

Advertisment

മധ്യപ്രദേശിൽനിന്ന് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ഫാക്ടറിയിലെത്തിച്ച 20,000 ലിറ്റര്‍ സ്പിരിറ്റ് കഴിഞ്ഞദിവസം കാണാതായിരുന്നു. ഉന്നത ഉദ്യോഗസ്ഥസംഘം സ്പിരിറ്റ് മറിച്ചുവിറ്റുവെന്നാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ കണ്ടെത്തൽ.

സ്ഥാപനത്തിന്റെ ജനറല്‍ മാനേജർ ഉൾപ്പടെ ഏഴുപേരെ പ്രതിചേർത്താണ് കേസ് എടുത്തിരിക്കുന്നത്. ഒരു ജീവനക്കാരനടക്കം മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. താൽക്കാലിക ജീവനക്കാരൻ ചെങ്ങന്നൂർ സ്വദേശി അരുൺകുമാർ, ടാങ്കര്‍ ഡ്രൈവര്‍മാരായ ഇടുക്കി സ്വദേശി സിജോ, തൃശൂർ സ്വദേശി നന്ദകുമാർ എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിലായവരുടെ മൊഴി പ്രകാരം സ്ഥാപനത്തിന്റെ ജനറൽ മാനേജർ അലക്സ് എബ്രഹാം, പേഴ്സണൽ മാനേജർ ഷാഹിം, പ്രൊഡക്ഷൻ മാനേജർ മേഘമുരളി എന്നിവരെ എക്സൈസ് എഫ് ഐ ആറിൽ പ്രതി ചേർത്തിട്ടുണ്ട്. കേസ് പൊലീസിനു കൈമാറിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർ ഒളിവിലാണുള്ളത്.

Advertisment

40,000 ലിറ്റര്‍ വീതം സ്പിരിറ്റുമായെത്തിയ രണ്ടു ടാങ്കറുകളിൽനിന്നുള്ള സ്പിരിറ്റാണ് കാണാതായത്. ഒരു ടാങ്കറില്‍ നിന്ന് 12,000 ലിറ്ററും മറ്റേതിൽനിന്ന് 8,000 ലിറ്ററുമാണ് കാണാതായത്. എക്സൈസ് എൻഫോഴ്സ്മെന്റ് സംഘത്തിനു ലഭിച്ച വിവരത്തെത്തടർന്നു നടത്തിയ പരിശോധനയിലാണ് വെട്ടിപ്പ് പുറത്തായത്. ഫാക്ടറിയിലേക്ക് ലോഡുമായി എത്തിയ രണ്ട് ടാങ്കറുകളിൽ നിന്നായി പത്തു ലക്ഷത്തോളം രൂപയും സംഘം കണ്ടെത്തിയിരുന്നു. ഒരു ടാങ്കറില്‍നിന്ന് ആറു ലക്ഷവും മറ്റൊന്നില്‍നിന്ന് 3.5 ലക്ഷവുമാണ് പിടിച്ചത്.

ടാങ്കറുകളിലെ ഡ്രൈവർമാരെ ചോദ്യം ചെയ്തപ്പോൾ പണം സ്ഥാപനത്തിന്റെ വെയർ ഹൗസിങ് മാനേജരായ അരുൺ കുമാറിന് നല്കാനുള്ളതാണെന്നാണ് മൊഴി നൽകിയത്. അങ്ങനെയാണ് സ്പിരിറ്റ് മറിച്ചുവിറ്റതാണെന്ന് വ്യക്തമായത്. മധ്യപ്രദേശിൽ നിന്നും എത്തിച്ചിരുന്ന സ്പിരിറ്റ് അവിടെ തന്നെയുള്ള കമ്പനിക്ക് ലിറ്ററിന് 50 രൂപ നിരക്കിൽ മറിച്ചുവിൽക്കുകയാണ് സംഘം ചെയ്തിരുന്നതെന്നാണ് കണ്ടെത്തൽ.

Read Also: കോവിഡ് മരണങ്ങൾ: വിടാതെ പ്രതിപക്ഷം, സുതാര്യമെന്ന് മന്ത്രി

ആറു മാസത്തേക്കാണ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ സ്പിരിറ്റ് എത്തിക്കുന്നതിനുള്ള കരാർ സ്വകാര്യ ഏജൻസിക്ക് നൽകിയിരുന്നത്. 36 ലക്ഷം ലിറ്റ‌ർ സ്പിരിറ്റ് എത്തിക്കാനായിരുന്നു കരാർ. ഈ കാലയളവിൽ രണ്ട് ടാങ്കർ ലോറികളിൽനിന്ന് എട്ട് ലോഡ് സ്പിരിറ്റ് നാല് തവണയായാണ് മറിച്ചു വിറ്റത്. ഇതുവഴി ലഭിച്ച 25 ലക്ഷം രൂപ ഡ്രൈവർമാരായ നന്ദകുമാറും സിജോ തോമസും അരുൺ കുമാറിന് എത്തിച്ചുനൽകുകയായിരുന്നു. ഡ്രൈവർമാർ ഇത് പൊലീസിനോട് സമ്മതിച്ചു.

സ്പിരിറ്റിന്റെ അളവിൽ കുറവുണ്ടായെന്ന് അരുൺ പൊലീസിന് മൊഴി നൽകി. എന്നാൽ പണമിടപാട് സംബന്ധിച്ച കാര്യങ്ങൾ സമ്മതിച്ചിട്ടില്ല. പ്രതികൾക്കെതിരെ ഗൂഡാലോചന കുറ്റവും അബ്കാരി നിയമത്തിലെ 65 എ വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്.

Liquor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: