തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ പേരില്‍ പ്രതിപക്ഷവും സര്‍ക്കാരും തമ്മിൽ ഉടലെടുത്ത പോര് മുറുകുന്നു. ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ഐസിഎംആര്‍, ഡബ്ല്യുഎച്ച്ഒ മാനദണ്ഡങ്ങൾ അട്ടിമറിച്ചതായി സതീശന്‍ ആരോപിച്ചു.
“തിരുവനന്തപുരത്തുള്ള വിദഗ്ധ സമിതിയാണ് കോവിഡ് മരണങ്ങള്‍ നിശ്ചയിച്ചിരുന്നത്, രോഗിയെ ചികിത്സിച്ച ഡോക്ടര്‍മാരല്ല. ഒരുപാട് മരണങ്ങള്‍ പട്ടികയില്‍നിന്ന് പുറത്തായിട്ടുണ്ട്. ഗൂഢാലോചന പുറത്തുവരുമെന്ന ഭയമാണ് ആരോഗ്യമന്ത്രിക്ക്. കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ പൂര്‍ണമായും പുറത്തുവിടണം,” പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സർക്കാർ വെബ്സൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകളില്ല. കോവിഡ് മരണമെന്ന് തെളിയിക്കാൻ മരിച്ചവരുടെ ബന്ധുക്കൾ എവിടെ പോകണം? തെളിവില്ലാത്ത പശ്ചാത്തലത്തില്‍ ഇവര്‍ ആര്‍ക്ക് പരാതി നല്‍കണം? കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ പരിശോധിക്കാൻ സര്‍ക്കാര്‍ തയ്യാറാകണം. അപ്പോള്‍ കണക്കില്‍ പെടാത്തവര്‍ ആjqക്കെയാണെന്ന് അറിയാന്‍ സാധിക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഡോക്ടര്‍മാര്‍ തന്നെയാണ് കോവിഡ് മരണങ്ങള്‍ നിശ്ചയിക്കുന്നതെന്നും പുതിയ സംവിധാനം സുതാര്യമാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. മരണങ്ങള്‍ മറച്ചു വയ്ക്കേണ്ട കാര്യം സര്‍ക്കാരിനില്ല. എല്ലാ നടപടികളും ഐസിഎംആറിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണെന്നും മന്ത്രി പറഞ്ഞു.
“പരാതിയുള്ളവര്‍ക്ക് കത്തായോ മെയിൽ വഴിയോ പരാതി നല്‍കാം. കുടുംബാംഗങ്ങള്‍ക്ക് സ്വകാര്യത പ്രശ്നമില്ലെങ്കിൽ, മരിച്ചവരുടെ പേരുകൾ വീണ്ടും പ്രസിദ്ധീകരിക്കാം. കോവിഡ് മരണങ്ങള്‍ സംബന്ധിച്ച് ഇതുവരെ വ്യാപക പരാതി ഉയര്‍ന്നിട്ടില്ല,” ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ കാര്യത്തില്‍ നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എല്ലാം സുതാര്യമാണെന്നും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും ഇതിനോടകം തന്നെ പലകുറി ആവര്‍ത്തിച്ച് കഴിഞ്ഞു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് ഇത് വീണ്ടും ചര്‍ച്ചയായതും പ്രതിപക്ഷം ഏറ്റെടുത്തതും. സംസ്ഥാന സർക്കാരിന്റെ നിലപാട് മൂലം, അർഹതപ്പെട്ട ഒരു കുടുംബത്തിനു പോലും നഷ്ടപരിഹാരം ലഭിക്കാതെ പോകുന്ന സാഹചര്യമുണ്ടാകരുതെന്നാണ് പ്രതിപക്ഷം പറയുന്നത്.
കോവിഡ് -19മൂലം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കു രൂപം നല്‍കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ)ക്ക് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. എക്‌സ് ഗ്രേഷ്യയായി എത്ര തുക വീതം നല്‍കാമെന്ന് ആറാഴ്ചയ്ക്കുള്ളില്‍ തീരുമാനിക്കാനാണ് എന്‍ഡിഎംഎയ്ക്ക് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് നിർദേശം നൽകിയിരിക്കുന്നത്.
Also Read: കോവിഡ് മരണങ്ങൾക്കു നഷ്ടപരിഹാരം: ആറാഴ്ചയ്ക്കുള്ളിൽ മാർഗനിർദേശം തയാറാക്കാൻ സുപ്രീം കോടതി ഉത്തരവ്