/indian-express-malayalam/media/media_files/uploads/2022/03/iffk-to-begin-from-18th-173-films-in-seven-categories-629076.jpeg)
ഫൊട്ടോ: ശ്രീന റോഷിപാല്‍
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്കെ) ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. വെള്ളിയാഴ്ചയാണ് മേളയ്ക്ക് തുടക്കമാകുന്നത്. പ്രതിനിധികള്‍ക്കായുള്ള പാസ് വിതരണം ഇന്ന് ആരംഭിച്ചു. പതിനായിരത്തോളം പ്രതിനിധികൾക്കുള്ള പാസ് വിതരണമാണ് മേളയുടെ മുഖ്യ വേദിയായ ടാഗോർ തിയേറ്ററിലെ വിവിധ കൗണ്ടറുകളിൽ പുരോഗമിക്കുന്നത്.
15 തിയേറ്ററുകളില്‍ ഏഴ് വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശനത്തിനെത്തുന്നത്. അന്താരാഷ്‍ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവയാണ് ഏഴ് വിഭാഗങ്ങള്‍.
ആഭ്യന്തര യുദ്ധങ്ങൾ ആകുലതയും ഭീതിയും പ്രതിസന്ധിയും സൃഷ്ടിച്ച രാജ്യങ്ങളിലെ മനുഷ്യരുടെ അതിജീവനം പ്രമേയമാക്കിയ ഒട്ടേറെ ചിത്രങ്ങൾ മേളയിൽ എത്തുന്നുണ്ട് .കോവിഡ് ഉൾപ്പടെ പലതരം ഭീതികൾക്കിടയിലും ചലച്ചിത്ര മേഖലയെ സമ്പന്നമാക്കി നിർത്തിയ ഒരു കൂട്ടം സംവിധായകരുടെ ചിത്രങ്ങളാണ് ഈ മേളയിലെ പ്രധാന ആകർഷണം.
ഐഎഫ്എഫ്കെയെ രാജ്യത്തെ ഏറ്റവും മികച്ച മേളയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യാന്തര നിലവാരത്തിലുള്ള മേളയാണ് ഇപ്പോൾ നമ്മുടേത്. എങ്കിലും കൂടുതൽ മികച്ച ചിത്രങ്ങളും പ്രേക്ഷകരും എത്തുന്ന മേളയാക്കി കേരളാ രാജ്യാന്തര ചലച്ചിത്രമേളയെ ഉയർത്തുകയാണ് അക്കാഡമിയുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങളാണുള്ളത്. ഇന്ത്യയില്‍ നിന്ന് നാല് ചിത്രങ്ങളും തുര്‍ക്കി, അര്‍ജന്റീന, അസര്‍ബൈജാന്‍, സ്പെയിന്‍ തുടങ്ങി ഒന്‍പതു രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. താരാ രാമാനുജം സംവിധാനം ചെയ്ത 'നിഷിദ്ധോ', കൃഷാന്ത് സംവിധാനം ചെയ്ത 'ആവാസവ്യൂഹം' എന്നിവയാണ് ഈ വിഭാഗത്തിലെ മലയാള ചിത്രങ്ങള്‍.
മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പകുതി ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് വനിതാ സംവിധായകരാണ്. സ്പാനിഷ് ചിത്രം 'കമീല കംസ് ഔട്ട് റ്റു നെറ്റ്', 'ക്ലാരാ സോല', ക്രോയേഷ്യന്‍ ചിത്രം 'മ്യൂറീന', 'യു റീസെമ്പിള്‍ മി', 'യൂനി', 'കോസ്റ്റ ബ്രാവ ലെബനന്‍' എന്നിവയാണ് മത്സര വിഭാഗത്തിലെ വനിതാ സംവിധായകരുടെ ചിത്രങ്ങള്‍.
Also Read: പ്രതികള്‍ ജാമ്യത്തില്‍; പോക്സോ കേസിലെ ഇരയുടെ മാതാവിന് പൊലീസ് സംരക്ഷണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.