കൊച്ചി: ആറ് പോക്സോ കേസുകളിൽ ഇരയായതിന് പിന്നാലെ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മാതാവിന് പൊലിസ് സംരക്ഷണം നൽകാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസുകളുടെ ഭാഗമായി മാതാവ് നൽകിയ പൊലിസ് സംരക്ഷണ ഹർജി അനുവദിച്ച കോടതി പൊലിസ് മേധാവി, വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവർക്ക് നോട്ടീസ് അയച്ചു.
പ്രതികളെല്ലാം ജാമ്യത്തിൽ പുറത്തുള്ള സാഹചര്യത്തിലാണ് മാതാവ് പോലീസ് സംരക്ഷണം തേടി കോടതിയെ സമീപിച്ചത്. പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള മാതാവിൻ്റെ അപേക്ഷ പരിഗണിയ്ക്കുവാനും, ആവശ്യപ്പെടുമ്പോഴെല്ലാം സംരക്ഷണം നൽകാനും ജസ്റ്റിസ് അനു ശിവരാമൻ ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. കേരള ലീഗൽ സർവ്വീസസ് അതോറിറ്റിയ്ക്ക് കീഴിലെ വിക്ടിം റൈറ്റ്സ് സെന്ററിന്റെ കോർഡിനേറ്ററാണ് മാതാവിന് വേണ്ടി ഹാജരായത്.