/indian-express-malayalam/media/media_files/uploads/2021/09/Suresh-Organ-Donation.jpg)
തിരുവനന്തപുരം: ഇടുക്കി വണ്ടന്‍മേട് പാലത്തറ വീട്ടില്‍ പിഎം സുരേഷ് (46) ഇനി അഞ്ച് പേരിലൂടെ ജീവിക്കും. എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച സുരേഷിന്റെ അവയവങ്ങള്‍ ബന്ധുക്കള്‍ ദാനം ചെയ്തതായി ആരോഗ്യമന്ത്രി വീണ ജോർജ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
കരള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെഎന്‍ഒഎസ്) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. തീവ്രമായ വേദനയ്ക്കിടയിലും അവയവദാനത്തിനായി മുന്നോട്ട് വന്ന കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരവറിയിച്ചു.
ലോഡിംഗ് തൊഴിലാളിയായ സുരേഷ് സെപ്റ്റംബര്‍ 24ന് രാത്രിയോടെ വണ്ടന്‍മേട്ടിലെ ജോലി സ്ഥലത്തെ സ്റ്റെപ്പില്‍ നിന്നും തെന്നി താഴേക്ക് വീണ് അപകടത്തിൽ പെടുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ 25ന് എറണാകുളം രാജഗിരി ആശുപത്രിയിലെത്തിച്ചു. ചികിത്സകള്‍ പുരോഗമിക്കമേ കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള സൂപ്പര്‍ അര്‍ജന്റ് രോഗിയ്ക്കാണ് നല്‍കുന്നത്. ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജ്, ഒരു വൃക്ക ലേക്ഷോര്‍ കൊച്ചി, കണ്ണുകള്‍ എല്‍.എഫ്. അങ്കമാലി എന്നിവിടങ്ങളില്‍ ചികിത്സയിലുള്ള അവയവങ്ങള്‍ യോജിച്ച രോഗികള്‍ക്കാണ് നല്‍കുന്നത്.
അവയവദാനത്തിന് ഭാര്യ ബിന്ദു സുരേഷ്, മക്കള്‍ അജീഷ് (22), വിനീഷ് (19), വീണ (17) എന്നിവര്‍ സ്വമേധയാ രംഗത്ത് വരികയായിരുന്നെന്നും ആരോഗ്യ മന്ത്രിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. അച്ഛന്‍ തന്നെ അവയവദാനത്തിന്റെ മഹത്വത്തെ കുറിച്ച് പറഞ്ഞിരുന്നതായി മകനും ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയുമായ വിനീഷ് പറഞ്ഞു.
ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ അവയവദാന പ്രക്രിയയ്ക്കും സുഗമമായ യാത്രയ്ക്കും വേണ്ട ക്രമീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പോലീസ് ഉദ്യോഗസ്ഥര്‍ ഗ്രീന്‍ ചാനല്‍ ക്രമീകരണമൊരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.